പാക് അധിനിവേശ കാശ്മീരിൽ ചൈനീസ് നിർമ്മാണം; മുന്നറിയിപ്പുമായി ഇന്ത്യ.

ന്യൂഡൽഹി: പാക് അധീന കശ്മീരിലെ നിർമ്മാണത്തിന്റെ പേരിൽ ചൈനയുടെ സൈനിക സംവിധാനത്തെ ഇന്ത്യൻ അതിർത്തികളിലേയ്‌ക്ക് എത്തിക്കാനുള്ള ഗൂഢതന്ത്രത്തിനെതിരെ ഇന്ത്യയുടെ മുന്നറിയിപ്പ്. പാക് അധീന കശ്മീർ മേഖലയിൽ ചൈന ഇക്കണോമിക് കോറിഡോർ പണിയുന്നതിലൂടെ അന്താരാഷ്‌ട്ര നിയമ ലംഘനമാണ് നടത്തുന്നത്. ചൈനയുടേയും പാക്കിസ്ഥാന്റെയും ഒരു നയവും അതിർത്തി മേഖലയിൽ ഇന്ത്യ അനുവദിക്കില്ലെന്നു വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു.

പാക്കിസ്ഥാൻ പ്രവിശ്യാഭരണം നടത്തുന്ന ഗിൽജിത് ബാൾട്ടിസ്ഥാൻ മേഖലയിലും പാക് അധിനിവേശ കശ്മീർ മേഖലയിലേയ്‌ക്കും ഉപ ഹൈവേകളും കേന്ദ്രങ്ങളും ചൈനയെക്കൊണ്ട് നിർമ്മിക്കുവാനാണ് പാക് ശ്രമം. ബോർഡർ റോഡ് ഇനിഷേറ്റീവിന്റെ പേരിൽ 2013 മുതലാണ് ഇന്ത്യൻ അതിർത്തിയിലൂടെ പാക്കിസ്ഥാനിലേയ്‌ക്ക് റോഡ് നിർമ്മാണം ആരംഭിച്ചത്. പലയിടത്തും റോഡുകൾ ഏതാണ്ട് പൂർത്തിയാക്കിയതിനൊപ്പം സൈനിക പോസ്റ്റുകളും അനുബന്ധമായി ചൈന പണിതിരിക്കുകയാണ്. ഇതിനു മറുപടി എന്ന നിലയിൽ ഇന്ത്യ അതിർത്തിയിൽ 3500 കിമി ദൂരത്തിൽ ഹൈവേ നിർമ്മാണം നടത്തുകയാണ്. ലഡ്ഡാക് അടക്കം മലയോര ഹൈവേ നിർമ്മിച്ച് സൈന്യത്തിന്റെ യാത്ര സുഗമാക്കുന്ന ജോലി അതിവേഗമാണ് പൂർത്തിയാക്കുന്നത്.

ചൈന, പാകിസ്ഥാൻ, മ്യാൻമർ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുടെ അതിർത്തികളിലേക്ക് ഏതു കാലാവസ്ഥയിലും പ്രവേശിക്കാനും സഞ്ചരിക്കാനും കഴിയുന്ന തരത്തിലുള്ള റോഡുകൾ സർക്കാർ നിർമ്മിച്ചിട്ടുണ്ട്. റോഡുകളുടെ നിർമ്മാണത്തിനായി ഇതുവരെ 20,767 കോടി രൂപ ചെലവഴിച്ചുവെന്ന് പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് പാർലമെന്റിന്റെ ഉപരിസഭയിൽ ചോദ്യങ്ങൾക്കു മറുപടിയായി പറഞ്ഞു. അതിർത്തികളിലെ പദ്ധതികൾ ബോർഡർ റോഡ്സ് ഓർഗനൈസേഷൻ (ബിആർഒ) ഏറ്റെടുത്തതായി മന്ത്രി പറഞ്ഞു. ചൈന അതിർത്തിയിലെ തന്ത്രപ്രധാനമായ 61 റോഡുകളും 2022 ഡിസംബറോടെ പൂർത്തിയാക്കാനാണ് ബിആർഒ പദ്ധതിയിട്ടിരിക്കുന്നത്.

ഇന്നാണ് കാർഗിൽ വിജയ് ദിവസ്. കാർഗിൽ മലനിരകളിൽ പാക്കിസ്ഥാനുമേൽ ഇന്ത്യ നേടിയ ഐതിഹാസിക വിജയത്തിന് 23 വർഷം. ഇന്ത്യൻ ഭൂമിയിലേക്ക് പാക് സൈന്യം നുഴഞ്ഞുകയറിയതോടെയാണ് കാർഗിൽ മലനിരകളിൽ യുദ്ധം ആരംഭിച്ചത്. തർക്ക പ്രദേശമായ സിയാചിൻ മേഖലയുമായി ബന്ധിപ്പിക്കുന്ന ശ്രീനഗർ- കാർഗിൽ ലേ ഹൈവേ ഉൾപ്പെടെ നിർണ്ണായക പ്രദേശങ്ങൾ അധീനതയിലാക്കുകയായിരുന്നു പാകിസ്ഥാന്റെ ലക്ഷ്യം. 1999 മെയ് 8 ന് ആരംഭിച്ച യുദ്ധത്തിൽ 1999 ജൂലൈ 14 ന് ഇന്ത്യ പാകിസ്താന്റെ മേൽ വിജയം നേടിയതായി അന്നത്തെ പ്രധാനമന്ത്രിയായിരുന്ന എ ബി വാജ്പേയി പ്രഖ്യാപിച്ചു. ജൂലൈ 26ന് യുദ്ധം അവസാനിച്ചതായി അദ്ദേഹം ഔദ്യോഗിക പ്രഖ്യാപനം നടത്തി. പോരാട്ടത്തിൽ 527 ഇന്ത്യൻ സൈനികർ വീരമൃത്യുവരിച്ചു. 1200 -ളം പാക് സൈനികരും മരിച്ചു എന്നാണ് റിപ്പോർട്ട്. കാർഗിലിൽ രാജ്യത്തിന് നഷ്ടമായ 527 ധീര ജവാൻമാർക്ക് പ്രണാമങ്ങൾ അർപ്പിച്ച് എല്ലാവർഷവും രാജ്യം ആ ഓർമ്മ പുതുക്കുന്നു.

ചൈനീസ് യുദ്ധവിമാനം ഇന്ത്യൻ അതിർത്തിയിൽ; അതിർത്തിയിലെ പ്രശ്നങ്ങൾക്ക് പെട്ടെന്ന് പരിഹാരം കാണണമെന്ന് ഇന്ത്യ.