ചൈനീസ് യുദ്ധവിമാനം ഇന്ത്യൻ അതിർത്തിയിൽ; അതിർത്തിയിലെ പ്രശ്നങ്ങൾക്ക് പെട്ടെന്ന് പരിഹാരം കാണണമെന്ന് ഇന്ത്യ.

ന്യൂ ഡൽഹി: വ്യോമാതിർത്തി ലംഘിച്ച് കിഴക്കൻ ലഡാക്കിലെ ഇന്ത്യ-ചൈന അതിര്‍ത്തിയിലെ നിയന്ത്രണ രേഖയോട് ചേർന്ന് ചൈനീസ് യുദ്ധവിമാനം പറന്നതായും ഇന്ത്യന്‍ വ്യോമസേന സമയോചിതമായ മുന്‍കരുതല്‍ നടപടികൾ സ്വീകരിച്ചതായും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ജൂണ്‍ അവസാനവാരമാണ് സംഭവം. പുലർച്ചെ കിഴക്കൻ ലഡാക്കിൽ ചൈനീസ് യുദ്ധവിമാനം ഇന്ത്യൻ അതിർത്തിക്കടുത്ത് പ്രത്യക്ഷപ്പെട്ടത്. മേഖലയിൽ ചൈനീസ് വ്യോമസേന വൻ അഭ്യാസപ്രകടനം നടത്തുന്നതിനിടെയാണ് സംഭവം. അതിര്‍ത്തി പ്രദേശത്ത് വ്യോമസേന സ്ഥാപിച്ചിട്ടുള്ള റഡാറാണ് ചൈനീസ് വിമാനം കണ്ടെത്തിയത്.

ഇന്ത്യൻ വ്യോമാതിർത്തി ലംഘിക്കാനുള്ള ചൈനീസ് യുദ്ധവിമാനത്തിന്റെ നീക്കത്തെ അതീവ ഗൗരവത്തോടെ എടുത്ത ഇന്ത്യ, വിഷയം ചൈനീസ് ശ്രദ്ധയിൽപ്പെടുത്തിയതായും സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.

കിഴക്കൻ ലഡാക്കിലെ അതിർത്തിയിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾക്ക് എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്ന് ഇന്ത്യ ചൈനയോട് ആവശ്യപ്പെട്ടു. ജി 20 രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുടെ സമ്മേളനത്തിന് ബാലിയിലെത്തിയ വിദേശകാര്യമന്ത്രി എസ്.ജയശങ്കർ ചൈനീസ് വിദേശമന്ത്രി വാങ് യിയുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യം ഉന്നയിച്ചതു.