
കൊച്ചി: എറണാകുളം അങ്കമാലി അതിരൂപത സഭാ തർക്കത്തിൽ ബിഷപ്പിനെതിരെ നടപടിയുമായി വത്തിക്കാൻ. സ്ഥാനമൊഴിയണം എന്നാവശ്യപ്പെട്ട് ബിഷപ്പ് ആന്റണി കരിയിലിന് വത്തിക്കാൻ നോട്ടീസ് നൽകി. എറണാകുളം അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തൻ വികാരി സ്ഥാനം ഒഴിയാനാണ് നിർദ്ദേശം. ബിഷപ്പിനെ വത്തിക്കാന്‍ സ്ഥാനപതി കഴിഞ്ഞ ആഴ്ച ഡല്‍ഹിയ്ക്ക് വിളിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാജിവയ്ക്കാന്‍ ആവശ്യപ്പെട്ട് വത്തിക്കാന്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. വിമത വൈദിക സമരത്തെ പിന്തുണച്ചതിനാണ് നടപടിയെന്നാണ് സൂചന. ഇക്കാര്യത്തിൽ കൂടുതൽ ചർച്ചകൾക്കായി വത്തിക്കാൻ സ്ഥാനപതി നാളെ എറണാകുളം ബിഷപ്പ് ഹൗസിൽ എത്തും. എറണാകുളം അങ്കമാലി അതിരൂപത സഭാ തർക്കത്തിൽ, ആലഞ്ചേരി വിരുദ്ധരായ വൈദികരെ ബിഷപ്പ് പിന്തുണച്ചിരുന്നു.
ചേർത്തല സ്വദേശിയായ ബിഷപ്പ് ആന്റണി കരിയിൽ സിഎംഐ സന്യാസ സമൂഹത്തിൽ നിന്നുള്ള ബിഷപ്പാണ്. കളമശ്ശേരി രാജഗിരി കോളേജ് പ്രിൻസിപ്പൽ, രാജഗിരി സ്ഥാപനങ്ങളുടെ ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. സിഎംഐ സഭയുടെ പ്രിയോർ ജനറലായും പ്രവർത്തിച്ചിട്ടുണ്ട്. മണ്ഡ്യ ബിഷപ്പായിരുന്ന അദ്ദേഹം, എറണാകുളം അങ്കമാലി അതിരൂപതയുടെ സ്വതന്ത്ര ചുമതലുള്ള ബിഷപ്പായി 2019-ൽ ആണ് ചുമതലയേറ്റത്.
ഏകീകൃത കുര്‍ബാന സംബന്ധിച്ച് എറണാകുളം അങ്കമാലി അതിരൂപതയില്‍ നടക്കുന്ന തര്‍ക്കം ഇതോടെ മറ്റൊരു തലത്തിലേക്ക് നീങ്ങുന്നുവെന്ന സൂചനകളാണ് പുറത്തു വരുന്നത്. ബിഷപ്പിനെതിരായ നടപടി അംഗീകരിക്കില്ലെന്നാണ് ഒരു വിഭാഗം വൈദികരുടെ നിലപാട്. ഇക്കാര്യത്തിൽ എന്ത് സമീപനം സ്വീകരിക്കണം എന്ന് ചർച്ച ചെയ്യാൻ ബിഷപ്പ് ഹൗസിൽ ഇന്ന് പ്രതിഷേധ യോഗം ചേരും.
കർദ്ദിനാളിനെ മാറ്റണം എന്നാവശ്യപ്പെട്ട് പല തവണ വത്തിക്കാന് അപേക്ഷ പോയെങ്കിലും സഭാ നേതൃത്വം ആലഞ്ചേരിക്കൊപ്പമാണെന്ന് അടിവരയിടുന്നതാണ് ഇപ്പോഴത്തെ നടപടികൾ. ഭൂമി വിൽപ്പനയിലും കുർബാന ഏകീകരണം ഉൾപ്പെടെയുള്ള വിഷയങ്ങളിലും ബിഷപ്പ് ആന്റണി കരിയിലിനെ വത്തിക്കാൻ തഴഞ്ഞിരുന്നു. കുർബാന ഏകീകരണത്തിൽ ബിഷപ്പിന്റെ നടപടി വത്തിക്കാൻ നേരത്തെ തള്ളിയതാണ്. ബിഷപ്പ് ആന്റണി കിരിയിലിന്റെ നിലപാടുകളാണ് വിമതർക്ക് ശക്തി പകരുതെന്ന് കർദ്ദിനാളിനെ പിന്തുണയ്ക്കുന്നവർ ശക്തമായി ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ബിഷപ്പ് ആന്റണി കരിയിലിനോട് സ്ഥാനമൊഴിയാൻ വത്തിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.