ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; സൂര്യയും അജയ് ദേവ്ഗണും മികച്ച നടന്മാർ, അപർണ ബാലമുരളി മികച്ച നടി.

ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; സൂര്യയും അജയ് ദേവ്ഗണും മികച്ച നടന്മാർ, അപർണ ബാലമുരളി മികച്ച നടി.

ന്യൂഡൽഹി: 68–ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. സൂര്യയും അജയ് ദേവഗണുമാണ് മികച്ച നടൻമാർ. നടിയായി അപർണ ബാലമുരളിയും തിരഞ്ഞെടുക്കപ്പെട്ടു. 2020–ൽ പുറത്തിറങ്ങിയ 295 ഫീച്ചർ സിനിമകളും 105 നോൺ ഫീച്ചർ സിനിമകളുമാണ് പുരസ്കാരത്തിനായി മത്സരിച്ചത്. തമിഴ് ചിത്രം സൂരരൈ പോട്രിലെ അഭിനയത്തിനാണ് അപർണയ്‌ക്കും സൂര്യയ്‌ക്കും അംഗീകാരം. താനാ ജി എന്ന ചിത്രത്തിലെ അഭിനയമാണ് അജയ് ദേവ്ഗണിന് ദേശീയ പുരസ്കാരം നേടിക്കൊടുത്തത്. സൂരരൈ പോട്രാണ് മികച്ച ചിത്രം.

മികച്ച സംവിധായകനും നടിക്കും സഹനടനും പിന്നണി ഗായികയ്ക്കും ഉൾപ്പടെ 11 പുരസ്കാരങ്ങളാണ് മലയാളം നേടിയത്. മികച്ച സംവിധായകനുള്ള പുരസ്കാരം അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ സംവിധായകനായ സച്ചി നേടി. ബിജു മേനോനാണ് മികച്ച സഹനടൻ. മികച്ച പിന്നണി ഗായികയ്ക്കുള്ള പുരസ്കാരം നഞ്ചിയമ്മ നേടി. മികച്ച മലയാള സിനിമയ്ക്കുള്ള പുരസ്കാരം തിങ്കളാഴ്ച നിശ്ചയത്തിനു ലഭിച്ചു. മികച്ച സംഘട്ടനസംവിധാനത്തിന് അയ്യപ്പനും കോശിയും പുരസ്കാരം നേടി. അനൂപ് രാമകൃഷ്ണൻ എഴുതി മലയാള മനോരമ പുറത്തിറക്കിയ ‘എംടി അനുഭവങ്ങളുടെ പുസ്തകം’ എന്ന പുസ്തകത്തിന് മികച്ച സിനിമാഗ്രന്ഥത്തിനുള്ള പ്രത്യേക പരാമർശം ലഭിച്ചു. മലയാളി ഛായാഗ്രാഹകനായ നിഖിൽ എസ് പ്രവീൺ മികച്ച നോൺ ഫീച്ചർ സിനിമ ഛായാഗ്രാഹകനുള്ള പുരസ്കാരം നേടി.

മികച്ച ഫീച്ചർ സിനിമ: സൂരരൈ പോട്ര്
മികച്ച സംവിധായകൻ: സച്ചി (അയ്യപ്പനും കോശിയും)
മികച്ച നടൻ: സൂര്യ (സൂരരൈ പോട്ര്) അജയ് ദേവഗൺ (താനാജി ദ് അൺസങ് വാരിയർ)
മികച്ച നടി: അപർണ ബാലമുരളി (സൂരരൈ പോട്ര്)
ജനപ്രിയ ചിത്രം: താനാജി ദ് അൺസങ് വാരിയർ (സംവിധായകൻ: ഓം റൗത്)
മികച്ച കുട്ടികളുടെ ചിത്രം: സുമി
സിനിമ പുതുമുഖ സംവിധായകൻ: മ‍ഡോണേ അശ്വിൻ (മണ്ടേല)
മികച്ച സഹനടൻ: ബിജു മേനോൻ (അയ്യപ്പനും കോശിയും)
മികച്ച സഹനടി: ലക്ഷ്മിപ്രിയ ചന്ദ്രമൗലി
മികച്ച പിന്നണിഗായകൻ: രാഹുൽ ദേശ്പാണ്ഡെ
മികച്ച പിന്നണിഗായിക: നഞ്ചിയമ്മ (അയ്യപ്പനും കോശിയും)
മികച്ച ഛായാഗ്രഹണം: സുപ്രതീം ബോൽ (അവിജാത്രിക്)
മികച്ച തിരക്കഥ: ശാലിനി ഉഷ നായർ, സുധ കൊങ്കാര (സൂരരൈ പോട്ര്)
മികച്ച സംഭാഷണം: മഡോണെ അശ്വിൻ (മണ്ടേല)
മികച്ച എഡിറ്റിംഗ്: ശ്രീകർ പ്രസാദ്
മികച്ച പ്രൊഡക്ഷൻ ഡിസൈൻ: അനീസ് നാടോടി (കപ്പേള)
മികച്ച വസ്ത്രാലങ്കാരം: നചികേത് ബർവേ, മഹേഷ് ഷെർല (താനാജി ദ് അൺസങ് വാരിയർ)
മികച്ച ചമയം: ടിവി രാം ബാബു (നാട്യം)
മികച്ച സംഗീത സംവിധാനം: എസ് തമൻ (അല വൈകുന്ദാപുരമലു)
മികച്ച പശ്ചാത്തല സംഗീതം: ജി.വി പ്രകാശ് കുമാർ (സൂരരൈ പോട്ര്)
മികച്ച ഗാനരചന: മനോഡജ് മുൻതാഷീർ
മികച്ച നൃത്ത സംവിധാനം: സന്ധ്യ രാജു (നാട്യം)
മികച്ച സംഘട്ടന സംവിധാനം: മാഫിയ ശശി, രാജേശേഖർ, സുപ്രീം സുന്ദർ (അയ്യപ്പനും കോശിയും)
പ്രത്യേക ജൂറി പുരസ്കാരം / പ്രത്യേക പരാമർശം: വാങ്ക് (മലയാളം)
മികച്ച മലയാള സിനിമ: തിങ്കളാഴ്ച നിശ്ചയം ( പ്രസന്ന ഹെഡ്ഗെ)