
ന്യൂഡൽഹി: ഒഡീഷയിൽനിന്നുള്ള ഗോത്രവർഗ നേതാവും ജാർഖണ്ഡ് മുൻ ഗവർണറുമായ ദ്രൗപദി മുർമു (64) ഇന്ത്യയുടെ പതിനഞ്ചാം രാഷ്ട്രപതി. രാഷ്‌ട്രപതി സ്ഥാനം അലങ്കരിക്കുന്ന ഗോത്രവിഭാഗത്തിൽ നിന്നുള്ള ആദ്യ വ്യക്തിയാണ് മുർമു. തിരഞ്ഞെടുപ്പിൽ 6,76,803 വോട്ട് മൂല്യം നേടിയാണ് മുർമു വിജയിച്ചത്. 2824 വോട്ടുകൾ മുർമു സ്വന്തമാക്കി. കേവല ഭൂരിപക്ഷത്തിനായി 5,28,491 വോട്ട് മൂല്യമാണ് നേടേണ്ടിയിരുന്നത്. മൂന്നാംവട്ട വോട്ടെണ്ണൽ പൂർത്തിയായതോടെ തന്നെ മുർമു കേവല ഭൂരിപക്ഷം മറികടന്നിരുന്നു. അവസാന ഘട്ടത്തിൽ ഉത്തർപ്രദേശ്, ബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ള വോട്ടുകളാണ് എണ്ണിയത്. ഇതോടെ മുർമുവിന്റെ വോട്ട് മൂല്യം ആറ് ലക്ഷം കടക്കുകയായിരുന്നു. അതേസമയം 1877 വോട്ടുകളാണ് എതിർ സ്ഥാനാർത്ഥി യശ്വന്ത് സിൻഹ നേടിയത്. 3,80,177 ആണ് വോട്ട് മൂല്യം. ആകെ 5,754 വോട്ടുകളാണ് എണ്ണിയത്. ഇതിൽ 4701 വോട്ടുകളാണ് സാധുവായത്. 53 വോട്ടുകൾ അസാധുവായി.
ദ്രൗപദി മുർമുവിന്റെ വിജയത്തിലൂടെ ഇന്ത്യ ചരിത്രം രചിച്ചിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. നേരിട്ടെത്തിയാണ് അദ്ദേഹം മുർമുവിനെ അഭിനന്ദിച്ചത്. പ്രധാനമന്ത്രിയ്‌ക്കൊപ്പം ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദയും മുർമുവിനെ കണ്ടു. രാജ്യത്തെ 1.3 ബില്യൺ ആളുകൾ സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ആഘോഷിക്കുന്ന വേളയിലാണ് ഗോത്രവിഭാഗത്തിൽ ഒരു ഗ്രാമത്തിൽ ജനിച്ച മുർമു ഇന്ത്യയുടെ രാഷ്‌ട്രപതിയായി മാറിയിരിക്കുന്നത്. ഈ ആഘോഷവേളയിൽ മുർമുവിന് അഭിനന്ദനങ്ങൾ നേരുന്നു. മുർമുവിന്റെ ജീവിതവും, പോരാട്ടവും, സേവന മനോഭാവവും, വിജയവുമെല്ലാം ഒരോ ഇന്ത്യക്കാരനും പ്രചോദനമാണ്. രാജ്യത്തെ ജനങ്ങൾക്ക് പ്രത്യേകിച്ച് താഴെക്കിടയിലുള്ളവർക്കും, പാവങ്ങൾക്കും മുർമു പ്രതീക്ഷയുടെ കിരണമാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
പിണറായി വിജയൻ, മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, ബഹുജൻ സമാജ് പാർട്ടി നേതാവ് മായാവതി തുടങ്ങിയവർ ആശംസകൾ അറിയിച്ചു. കാര്യക്ഷമതയുള്ള പ്രഥമ വനിത ആയിരിക്കും മുർമു എന്ന ആത്മവിശ്വാസമാണ് മായാവതി പ്രകടിപ്പിച്ചത്.
ഒഡിഷയിലെ മയൂർഭഞ്ജ് ഗ്രാമത്തിൽ 1958 ജൂൺ 20-നായിരുന്നു ദ്രൗപദി മുർമുവിന്റെ ജനനം. സന്താൾ ഗോത്രവർഗത്തിൽ നിന്നുമുള്ള വനിതാ നേതാവാണ്. ഒഡിഷയിലെ ബിജു ജനതാദൾ- ബിജെപി സഖ്യ സർക്കാരിൽ 2000 മാർച്ച് 6 മുതൽ 2002 ഓഗസ്റ്റ് 6 വരെ വാണിജ്യ, ഗതാഗത വകുപ്പ് മന്ത്രിയായിരുന്നു. 2002 ഓഗസ്റ്റ് 6 മുതൽ 2004 മെയ് 16 വരെ ഫിഷറീസ് മന്ത്രിയുടെ ചുമതലയും വഹിച്ചു. ഗോത്രവർഗ ജനതയ്‌ക്കിടയിൽ നടത്തിയ വിദ്യാഭ്യാസ പ്രവർത്തനങ്ങളാണ് ദ്രൗപദി മുർമുവിന്റെ സംസ്ഥാനതല രാഷ്‌ട്രീയത്തിലെ ഏറ്റവും വലിയ പ്രത്യേകതകളിൽ ഒന്ന്. റായ് രംഗ്പൂർ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള എം എൽ എ ആയിരുന്നു. ഒരു ഇന്ത്യൻ സംസ്ഥാനത്തിന്റെ ഗവർണർ പദവി വഹിക്കുന്ന ഒഡിഷയിൽ നിന്നുള്ള ആദ്യ ഗോത്രവർഗ വനിതയാണ് ദ്രൗപദി മുർമു. മികച്ച നിയമസഭാ സാമാജികയ്‌ക്കുള്ള പുരസ്കാരം നേടിയിട്ടുണ്ട്.