
ന്യൂ ഡൽഹി: എഫ്.സി.ആര്‍.എ. (വിദേശ സംഭാവനാ നിയന്ത്രണ നിയമം) നിയമത്തില്‍ ഏഴ് ഭേദഗതികള്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കി. 2011 ലെ നിയമമാണ് ഭേദഗതി ചെയ്തിരിക്കുന്നത്. പുതിയ നിയമ പ്രകാരം വിദേശത്ത് താമസിക്കുന്ന ബന്ധുക്കൾക്ക് കേന്ദ്ര സർക്കാരിന്റെ അനുവാദമില്ലാതെ 10 ലക്ഷം രൂപ വരെ കൈമാറ്റം ചെയ്യാം. അതിൽ കൂടുതലാണെങ്കില്‍ മാത്രം സര്‍ക്കാരിനെ അറിയിച്ചാല്‍ മതി. തുക പരിധി വർദ്ധിക്കുകയാണെങ്കിൽ സർക്കാരിനെ അറിയിക്കാനുള്ള സമയപരിധി 30 ദിവസത്തിൽ നിന്നും 90 ദിവസമായി വർധിപ്പിച്ചു.
എഫ്.സി.ആര്‍.എ. നിയമത്തിലെ ആറാം ചട്ടത്തില്‍ രണ്ട് ഭേദഗതികള്‍ വരുത്തിയാണ് തുക പത്ത് ലക്ഷമായും അറിയിക്കാനുള്ള സമയം മൂന്ന് മാസമായും വര്‍ധിപ്പിച്ചത്. സമയപരിധി കഴിഞ്ഞിട്ടും സര്‍ക്കാരിനെ അറിയിച്ചില്ലെങ്കില്‍ കോടതിയില്‍ വിചാരണ നേരിടേണ്ട കുറ്റമായിരുന്നു. എന്നാല്‍, 90 ദിവസത്തിനുശേഷം അറിയിച്ചാല്‍ അഞ്ച് ശതമാനം പിഴയടച്ചാല്‍ മതിയാകും. വ്യക്തികള്‍ക്കും സംഘടനകള്‍ക്കും വിദേശ സംഭാവന സ്വീകരിക്കുന്ന ബാങ്ക് അക്കൗണ്ടിനെക്കുറിച്ച് ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കാനുള്ള സമയം 45 ദിവസമാക്കി വര്‍ധിപ്പിച്ചു. നേരത്തേ ഇത് 15 ദിവസമായിരുന്നു. ഇതിനായി ഒമ്പതാം ചട്ടത്തില്‍ ഭേദഗതി വരുത്തി. വിദേശ സംഭാവന സ്വീകരിക്കുന്നവര്‍ തുക, ലഭിച്ച തീയതി തുടങ്ങിയവ മൂന്നുമാസം കൂടുമ്പോള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കാനായി 13(ബി) ചട്ടം ഭേദഗതി ചെയ്തു. പകരം, ഔദ്യോഗിക വെബ്സൈറ്റിലോ സര്‍ക്കാര്‍ പറയുന്ന വെബ്സൈറ്റിലോ ഓഡിറ്റഡ് കണക്കുകള്‍ സാമ്പത്തികവര്‍ഷം തുടങ്ങി ഒമ്പതുമാസത്തിനകം പ്രസിദ്ധീകരിച്ചാല്‍ മതി.