
കാബൂൾ: അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 950 പേർ മരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന. അപകടത്തിൽ 600-ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് സൂചന. തെക്ക്-കിഴക്കൻ നഗരമായ ഖോസ്റ്റിൽ നിന്ന് 44 കിലോമീറ്റർ അകലെയാണ് ഭൂചലനം ഉണ്ടായത്. അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിലും ഭൂചലനത്തിന്റെ പ്രകമ്പനം ഉണ്ടായി. കൂടാതെ പാക്കിസ്ഥാന്റെ തലസ്ഥാനമായ ഇസ്‌ലാമാബാദ്, മുൽത്താൻ, ക്വറ്റ തുടങ്ങിയ വിവിധ പ്രദേശങ്ങളിലും പ്രകമ്പനം ഉണ്ടായി.
ഇന്ന് പുലർച്ചെയാണ് ഭൂചലനം ഉണ്ടായത്. ആളുകൾ ഉറങ്ങുന്ന സമയമായതിനാലാണ് ദുരന്തത്തിന്റെ ആഘാതം വർദ്ധിച്ചതെന്നാണ് വിലയിരുത്തൽ. ദുരന്തവാർത്ത സർക്കാർ വക്താവ് ബിലാൽ കരിമി സ്ഥിരീകരിച്ചു. മഹാവിപത്ത് ഒഴിവാക്കാൻ അന്താരാഷ്‌ട്ര ഏജൻസികളുടെ സഹായവും അദ്ദേഹം അഭ്യർത്ഥിച്ചു.
അഫ്ഗാനിസ്ഥാന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തമായാണ് ഭൂചലനം വിശേഷിപ്പിക്കപ്പെടുന്നത്. ദുരന്ത പ്രതിരോധത്തിലെ താലിബാൻ സർക്കാരിന്റെ പരിചയക്കുറവ് രക്ഷാപ്രവർത്തനം പ്രതിസന്ധിയിലാക്കുന്നുണ്ട്. താലിബാൻ ഭരണം ഏറ്റെടുത്തതിന് ശേഷം ലോകരാജ്യങ്ങളുമായുള്ള അഫ്ഗാനിസ്ഥാന്റെ മോശമായ ബന്ധം അന്താരാഷ്‌ട്ര സഹായം ലഭ്യമാകുന്നതിന് വിലങ്ങു തടിയാകുന്നുണ്ട്.