
ന്യൂഡൽഹി: ഒഡീഷയിൽനിന്നുള്ള ഗോത്രവർഗ നേതാവും ജാർഖണ്ഡ് മുൻ ഗവർണറുമായ ദ്രൗപദി മുർമു (64) എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥി. മുൻ കേന്ദ്രമന്ത്രി യശ്വന്ത് സിൻഹ (84) യാണു പ്രതിപക്ഷത്തിന്റെ സ്ഥാനാർഥി. അടുത്ത മാസം 18-നാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പ്. ബിജെപി പാർലമെന്ററി ബോർഡാണ് ഒഡീഷയിലെ മുൻ മന്ത്രികൂടിയായ ദ്രൗപദിയെ സ്ഥാനാർഥിയാക്കാൻ തീരുമാനിച്ചത്. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദയാണ് എൻഡിഎ-യുടെ രാഷ്‌ട്രപതി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. 2017-ലും ദ്രൗപദിയെ ബിജെപി പരിഗണിച്ചെങ്കിലും അവസാന നിമിഷം സ്ഥാനാർഥിയായി റാം നാഥ് കോവിന്ദിനെ പ്രഖ്യാപിക്കുകയായിരുന്നു.
ഒഡിഷയിലെ മയൂർഭഞ്ജ് ഗ്രാമത്തിൽ 1958 ജൂൺ 20-നായിരുന്നു ദ്രൗപദി മുർമുവിന്റെ ജനനം. സന്താൾ ഗോത്രവർഗത്തിൽ നിന്നുമുള്ള വനിതാ നേതാവാണ്. ഒഡിഷയിലെ ബിജു ജനതാദൾ- ബിജെപി സഖ്യ സർക്കാരിൽ 2000 മാർച്ച് 6 മുതൽ 2002 ഓഗസ്റ്റ് 6 വരെ വാണിജ്യ, ഗതാഗത വകുപ്പ് മന്ത്രിയായിരുന്നു. 2002 ഓഗസ്റ്റ് 6 മുതൽ 2004 മെയ് 16 വരെ ഫിഷറീസ് മന്ത്രിയുടെ ചുമതലയും വഹിച്ചു. ഗോത്രവർഗ ജനതയ്‌ക്കിടയിൽ നടത്തിയ വിദ്യാഭ്യാസ പ്രവർത്തനങ്ങളാണ് ദ്രൗപദി മുർമുവിന്റെ സംസ്ഥാനതല രാഷ്‌ട്രീയത്തിലെ ഏറ്റവും വലിയ പ്രത്യേകതകളിൽ ഒന്ന്. റായ് രംഗ്പൂർ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള എം എൽ എ ആയിരുന്നു. ഒരു ഇന്ത്യൻ സംസ്ഥാനത്തിന്റെ ഗവർണർ പദവി വഹിക്കുന്ന ഒഡിഷയിൽ നിന്നുള്ള ആദ്യ ഗോത്രവർഗ വനിതയാണ് ദ്രൗപദി മുർമു. മികച്ച നിയമസഭാ സാമാജികയ്‌ക്കുള്ള പുരസ്കാരം നേടിയിട്ടുണ്ട്.
എൻഡിഎയുടെ രാഷ്‌ട്രപതി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ട ദ്രൗപദി മുർമുവിന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിജയാശംസകൾ നേർന്നു. ദാരിദ്ര്യവും കഷ്ടപ്പാടുകളും അനുഭവിച്ച ദശലക്ഷക്കണക്കിന് ജനങ്ങൾക്ക് പ്രചോദനമാണ് ദ്രൗപദി മുർമുവിന്റെ ജീവിതം. ഭരണനിർവ്വഹണ കാര്യങ്ങളിലെ അവരുടെ അനുഭവ സമ്പത്തും സഹാനുഭൂതി നിറഞ്ഞ പെരുമാറ്റവും നമ്മുടെ രാജ്യത്തിന് മുതൽക്കൂട്ടാകുമെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
ശരദ് പവാറും ഫറൂഖ് അബ്ദുള്ളയും ഗോപാൽകൃഷ്ണ ഗാന്ധിയും പിന്മാറിയതോടെ, ബിജെപി വിട്ട് തൃണമൂൽ കോൺഗ്രസിൽ ചേക്കേറിയ മുൻ കേന്ദ്ര മന്ത്രി യശ്വന്ത് സിൻഹ ആണ് പ്രതിപക്ഷ സ്ഥാനാർത്ഥി. എൻസിപി നേതാവ് ശരദ് പവാറിന്റെ നേതൃത്വത്തിൽ ചേർന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗമാണ് സ്ഥാനാർത്ഥിയെ തീരുമാനിച്ചത്. കോൺഗ്രസ്, എൻസിപി, തൃണമൂൽ കോൺഗ്രസ്, സിപിഐ, സിപിഎം, സമാജ് വാദി പാർട്ടി, നാഷണൽ കോൺഫറൻസ്, എ ഐ എം ഐ എം, ആർജെഡി, എ ഐ യു ഡി എഫ് തുടങ്ങിയ പാർട്ടികളാണ് യശ്വന്ത് സിൻഹയെ തിരഞ്ഞെടുത്തത്. ടി ആർ എസ്, ബിജെഡി, ആം ആദ്മി പാർട്ടി, വൈ എസ് ആർ കോൺഗ്രസ് എന്നീ പാർട്ടികൾ യോഗത്തിൽ നിന്നും വിട്ട് നിന്നു. വൈ എസ് ആർ കോൺഗ്രസ് എൻഡിഎ സ്ഥാനാർത്ഥിയെ പിന്തുണയ്‌ക്കുമെന്ന നേരത്തേ അറിയിച്ചിരുന്നു.
Draupadi Murmu vs Yashwant Sinha.