
ബീജീംഗ്: തായ്‌വാനെ ചൈന ആക്രമിച്ചാൽ അമേരിക്ക സംരക്ഷണം നൽകുമെന്ന് ബൈഡന്റെ പ്രസ്താവനക്ക് പിന്നാലെ ഭീഷണിയുമായി ചൈന. പസഫിക്കിലെ നയം തിരുത്തിയില്ലെങ്കിൽ ശക്തമായ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് പറഞ്ഞ ചൈന ക്വാഡ് സഖ്യത്തിന്റെ ബലത്തിൽ തങ്ങളെ ആക്രമിക്കുക എന്നത് ചിന്തിക്കുക പോലും വേണ്ടെന്നും തങ്ങളുടെ ശക്തിയെ കുറച്ചുകാണരുതെന്നും മുന്നറിയിപ്പ് നൽകി. ‘തങ്ങളുടെ അഖണ്ഡതയ്‌ക്ക് നേരെ വരുന്ന ഏതു ശക്തിയേയും നേരിടും. തങ്ങളുടെ ശക്തിയെ കുറച്ചുകാണരുത്. പസഫിക്കിലെ സൈനിക നീക്കം തങ്ങൾക്കെതിരാണ്. അതിനെ അതേ നാണയത്തിൽ നേരിടും.’ ചൈനീസ് വിദേശകാര്യവകുപ്പ് വക്താവ് വാങ്ക് വെൻബിൻ പറഞ്ഞു.
ഇന്നലെ ക്വാഡ് സഖ്യത്തിന്റെ യോഗത്തിൽ ചൈന തായ്‌വാനെതിരെ നടത്തുന്ന സൈനിക നീക്കത്തിനെ നേരിടാൻ മടിക്കില്ലെന്ന അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ പ്രസ്താവനയാണ് ചൈനയെ ചൊടുപ്പിച്ചത്. ക്വാഡ് സഖ്യത്തലവന്മാർ ജപ്പാനിൽ യോഗം ചേരുകയാണ്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി, ഓസ്‌ട്രേലിയയുടെ പുതിയ പ്രധാനമന്ത്രി ആന്റണി ആൽബനീസി, ജപ്പാൻ പ്രധാനമന്ത്രി ഫൂമിയോ കിഷിദ എന്നിവരാണ് നിർണ്ണായക യോഗത്തിൽ പങ്കെടുക്കുന്നത്.
തായ്‌വാനെ ആക്രമിച്ച് കീഴ്‌പ്പെടുത്താൻ ചൈന തയ്യാറെടുക്കുന്നുവെന്ന് സൂചന നൽകുന്ന വിവരങ്ങൾ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയും പീപ്പിൾസ് ലിബറേഷൻ ആർമിയും ഇത് സംബന്ധിച്ച് നിർണായക ചർച്ചകൾ നടത്തുന്നുണ്ടെന്ന വിവരങ്ങളാണ് ലഭിക്കുന്നത്. യുദ്ധത്തിന്റെ തയ്യാറെടുപ്പുകൾ സംബന്ധിച്ച് ഒരു ഓഡിയോ ക്ലിപ്പും പുറത്ത് വന്നിട്ടുണ്ട്. ചൈനീസ് ഭരണകൂടത്തിലെ ഉന്നതർ നടത്തിയ സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പാണ് ചോർന്നിരിക്കുന്നത്. 57 മിനിറ്റ് ഓഡിയോയിൽ തായ്‌വാനെ ആക്രമിക്കുന്നതുമായി ബന്ധപ്പെട്ട നിരവധി വിവരങ്ങൾ ഉന്നത ഉദ്യോഗസ്ഥർ പങ്കുവെയ്‌ക്കുന്നുണ്ട്.
ല്യൂഡ്’ എന്ന യൂട്യൂബ് ചാനലാണ് ചൈനീസ് നേതാക്കളുടെ സംഭാഷണം പുറത്തുവിട്ടത്. വിവരങ്ങൾ പുറംലോകം അറിയുന്നതിന് വേണ്ടിസിസിപി നേതാക്കൾ തന്നെയാണ് ഇത് ചോർത്തി നൽകിയത് എന്ന് യൂട്യൂബ് ചാനൽ വ്യക്തമാക്കുന്നു. ആക്രമണം നടത്താനുള്ള ഡ്രോണുകളും ബോട്ടുകളും നിർമ്മിക്കുന്ന കമ്പനികളുടെ പട്ടിക യോഗത്തിൽ പങ്കെടുത്ത ഉദ്യോഗസ്ഥർ ഹാജരാക്കി. 1.40 ലക്ഷം പട്ടാളക്കാർ, 953 കപ്പലുകൾ, അവയുടെ അറ്റകുറ്റപ്പണിക്കായി പ്രത്യേക യാർഡുകൾ, അത്യാഹിത ട്രാൻസ്ഫർ സെന്ററുകൾ, ധാന്യശേഖരണ കേന്ദ്രങ്ങൾ, രക്തദാനത്തിനായി പ്രത്യേക സ്റ്റേഷനുകൾ, എണ്ണ ഡിപ്പോകൾ, ഗ്യാസ് സ്റ്റേഷൻ എന്നിവ ക്രമീകരിക്കാൻ ഗ്വാങ്‌ഡോങ് പ്രവിശ്യക്ക് നിർദ്ദേശം നൽകിയതായി സന്ദേശത്തിൽ പറയുന്നു. ചൈനയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇത്തരത്തിൽ ഒരു ചോർത്തൽ നടക്കുന്നത് എന്നും ശ്രദ്ധേയമാണ്.
ഇതേത്തുടർന്നാണ് തായ്‌വാനെ ചൈന ആക്രമിച്ചാൽ, അമേരിക്ക ഇടപെടുമെന്നും തായ്‌വാന് സംരക്ഷണം നൽകുമെന്നും ബൈഡൻ അറിയിച്ചത്.
ക്വാഡ് സഖ്യത്തിനെതിരെ പതിവു വിമർശനങ്ങളുമായി വീണ്ടും ചൈന രംഗത്ത് വന്നിരുന്നു. ഇന്ത്യാ-പസഫിക് തന്ത്രങ്ങൾ അമേരിക്കയുടേതാണ്. തങ്ങളെ ലക്ഷ്യംവയ്ച്ചുള്ള അന്താരാഷ്‌ട്ര ഗൂഢാലോചനയിൽ ഇന്ത്യയെ പങ്കാളിയാക്കുകയാണെന്നും ചൈനീസ് വിദേശകാര്യമന്ത്രി വാങ്ക് യീ ആരോപിച്ചു. പാക്കിസ്ഥാൻ വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോ സർദാരിയുടെ സന്ദർശനത്തോടനുബന്ധിച്ച് നടത്തിയ പ്രസ്താവനയിലാണ് അമേരിക്കയേയും ഇന്ത്യയേയും ചൈന വിമർശിച്ചത്. ഇന്ത്യാ-പസഫിക് ക്വാഡ് സഖ്യം ചൈനയുടെ അഖണ്ഡതയ്‌ക്ക് ഭീഷണിയാണ്. ക്വാഡ് സഖ്യത്തിന്റെ ഇടപെടലുകൾ അതീവ ജാഗ്രതയോടെയാണ് ചൈന നിരീക്ഷിക്കുന്നത്. ആഗോളതലത്തിലെ സമാധാന ശ്രമങ്ങൾക്ക് വലിയ ആഘാതമുണ്ടാക്കുന്ന തരത്തിലേക്കാണ് അമേരിക്കൻ കൂട്ടുകെട്ട് നീങ്ങുന്നതെന്നും വാങ്ക് യീ പറഞ്ഞു.
ആൽബനീസി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും; ക്വാഡ് യോഗം ഇന്ന്.