അമേരിക്കയിലെ സ്‌കൂളിൽ നടന്ന വെടിവെയ്പ്പിൽ 21 മരണം.

അമേരിക്കയിലെ സ്‌കൂളിൽ നടന്ന വെടിവെയ്പ്പിൽ 21 മരണം.

ന്യൂയോർക്ക്: അമേരിക്കയിലെ സ്‌കൂളിൽ നടന്ന വെടിവെയ്പ്പിൽ 21 മരണം. ഇതിൽ 18 പേരും സ്‌കൂളിലെ കുട്ടികളാണ്. അക്രമി ഉൾപ്പെടെ 21 പേർ കൊല്ലപ്പെട്ടുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കൊല്ലപ്പെട്ട കുട്ടികളെല്ലാവരും തന്നെ ഏഴിനും പത്തിനും ഇടയിൽ പ്രായമുള്ളവരാണെന്നാണ് വിവരം. 15 കുട്ടികൾ ക്ലാസ് മുറിക്കുള്ളിൽ തന്നെ കൊല്ലപ്പെട്ടിരുന്നു. ഇന്ന് അധ്യയന വർഷം അവസാനിക്കുന്ന ദിവസമായിരുന്നു. നാളെ മുതൽ വേനലവധി ആരംഭിക്കാനിരിക്കെയാണ് സ്‌കൂളിൽ കൂട്ടക്കുരുതി നടന്നത്.

സ്‌കൂളില്‍ അതിക്രമിച്ച് കയറിയ 18-കാരനാണ് കുഞ്ഞുങ്ങള്‍ക്ക് നേരേ തുരുതുരാ വെടിയുതിര്‍ത്തത്. വെടിവെയ്പ്പ് നടത്തിയ സാല്‍വദോര്‍ റാമോസിനെ പിന്നീട് വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. പ്രാദേശിക സമയം ചൊവ്വാഴ്ച രാവിലെ 11.32-ഓടെയാണ് തോക്കുമായെത്തിയ 18-കാരന്‍ സ്‌കൂളില്‍ വെടിവെപ്പ് നടത്തിയത്. ഉവാള്‍ഡെയില്‍ താമസിക്കുന്ന റാമോസ് വീട്ടില്‍ മുത്തശ്ശിക്ക് നേരേ വെടിയുതിര്‍ത്ത ശേഷം വാഹനവുമായി സ്‌കൂളിലേക്ക് തിരിക്കുകയായിരുന്നു. സ്‌കൂളിന് പുറത്ത് വാഹനം ഉപേക്ഷിച്ച ശേഷം സ്‌കൂള്‍ കെട്ടിടത്തിനകത്തേക്ക് കയറി. ഇയാളെ തടയാന്‍ സ്‌കൂളിലെ സുരക്ഷാജീവനക്കാര്‍ ശ്രമിച്ചെങ്കിലും അക്രമി കെട്ടിടത്തിനകത്തേക്ക് പോവുകയും വിവിധ ക്ലാസ്മുറികളില്‍ കയറി വെടിയുതിര്‍ക്കുകയുമായിരുന്നു.

ഏഴ് മുതല്‍ 10 വയസ്സ് വരെ പ്രായമുള്ള 535 കുട്ടികളാണ് ടെക്‌സാസിലെ റോബ് എലമെന്ററി സ്‌കൂളില്‍ വിവിധ ഗ്രേഡുകളില്‍ പഠിച്ചിരുന്നത്. രണ്ടുദിവസം കഴിഞ്ഞാല്‍ വേനലവധിക്കാലം ആഘോഷിക്കാനിരുന്ന കുട്ടികള്‍ക്കിടയിലേക്കാണ് തോക്കുമായി കൗമാരക്കാരന്‍ പാഞ്ഞുകയറിയത്.

അക്രമങ്ങളിൽ മനം മടത്തുവെന്ന് അമേരിക്കൻ പ്രസിഡന്റ് പ്രതികരിച്ചു. ഇത്ര ഭീകരമായ കൂട്ടക്കുരുതി നടന്നിട്ടും മൗനം പാലിക്കാൻ കഴിയില്ലെന്ന് ബൈഡൻ പറഞ്ഞു. കുടുംബാംഗങ്ങളുടെ തീരാനഷ്ടം ഹൃദയ ഭേദകമാണ്. ലോകത്ത് മറ്റെല്ലായിടത്തും ഇത്തരം സംഭവങ്ങൾ അപൂർവ്വമാണ്. എന്നാൽ നാം ഈ കൂട്ടക്കൊലകൾക്കൊപ്പം ജീവിക്കുന്നു. എന്തിനാണ് ഇതിന് തയ്യാറാകുന്നത്. ഇത് സംഭവിച്ചുകൊണ്ടിരിക്കാൻ സാഹചര്യമൊരുക്കുന്നതെന്തിനാണ്. വേദന ഇനി നടപടിയായി മാറേണ്ട സമയമായിരിക്കുന്നുവെന്നും തോക്കുലോബിക്കതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ജോ ബൈഡൻ പ്രതികരിച്ചു.