
ടോക്കിയോ: ക്വാഡ് സഖ്യത്തലവന്മാർ ഇന്ന് ജപ്പാനിൽ യോഗം ചേരുന്നു. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി, ഓസ്‌ട്രേലിയയുടെ പുതിയ പ്രധാനമന്ത്രി ആന്റണി ആൽബനീസി, ജപ്പാൻ പ്രധാനമന്ത്രി ഫൂമിയോ കിഷിദ എന്നിവരാണ് നിർണ്ണായക യോഗത്തിൽ പങ്കെടുക്കുന്നത്. മേഖലയിൽ റഷ്യ യുക്രെയ്‌നെതിരെ നടത്തിക്കൊണ്ടിരിക്കുന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ക്വാഡ് യോഗം ഏറെ ശ്രദ്ധനേടുകയാണ്. ഇന്തോ – പസഫിക് മേഖലയിലെ സുരക്ഷയും, സാമ്പത്തിക സാഹചര്യങ്ങളും ഉച്ചകോടിയിൽ ചർച്ചയാകുമെന്നാണ് വിവരം.
ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം ആന്റണി അൽബാനിസ് നടത്തുന്ന പ്രഥമ യോഗം എന്ന പ്രത്യേകതയും ഇന്നത്തെ യോഗത്തിനു ഉണ്ട്. പൊതുതെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ക്വാഡ് ഗ്രൂപ്പിന്റെ യോഗത്തിനായി ടോക്കിയോയിലേക്ക് പോകുമെന്ന് ആൽബനീസി മെയ് 18-ന് തന്നെ പറഞ്ഞിരുന്നു. 2007-ല്‍ ആരംഭിച്ച ഓസ്ട്രേലിയ, ഇന്ത്യ, ജപ്പാന്‍, യു.എസ്. എന്നിവയുടെ തന്ത്രപരവും സുരക്ഷാപരവുമായ ഫോറമാണ് ക്വാഡ്രിലാറ്ററല്‍ സെക്യൂരിറ്റി ഡയലോഗ് (ക്വാഡ്). സഖ്യകക്ഷികളുമായുള്ള കൂടിക്കാഴ്ചയ്ക്കാണ് ആദ്യ പരിഗണനയെന്നും യു.എസ്. പ്രസിഡന്റ് ബൈഡന്‍, ജപ്പാന്‍ പ്രധാനമന്ത്രി കിഷിദ, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുമായുള്ള കൂടിക്കാഴ്ച വരും ദിനങ്ങളില്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.