വാഹന വ്യവസായം ഇവി വിപ്ലവത്തിലേക്ക്; കാരണം എന്താണ് ?

വാഹന വ്യവസായം ഇവി വിപ്ലവത്തിലേക്ക്. നിരത്തുകൾ ഇലകട്രിക്ക് മോഡലുകള്‍ കീഴടക്കിത്തുടങ്ങി. ഭാവിയിലെ ഇന്ധനം വൈദ്യുതി ആയിരിക്കും എന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ പറയുന്നത്. എന്താണ് ഈ ഇവി വിപ്ലവത്തിലേക്ക് നമ്മുടെ വാഹനമേഖലയെ നയിക്കുന്നത്?

കുതിച്ചുയരുന്ന ഇന്ധനവിലയാണ് ഒരു കാരണം. പരമ്പരാഗത ഇന്ധന വാഹനങ്ങള്‍ക്ക് ഒരുകിലോമീറ്റര്‍ സഞ്ചരിക്കാന്‍ ഏകദേശം ഒമ്പത് ഇന്ത്യൻ രൂപ ചെലവ് എന്ന കണക്കുമായി താരതമ്യപ്പെടുത്തുമ്പോൾ ഒരു ഇലക്ട്രിക്ക് വാഹനത്തിന് ഒരു കിലോമീറ്ററിന് ഒരു രൂപ നൽകിയാല്‍ മതിയാകും. വാഹനത്തിന് ഇന്ധനം നിറയ്ക്കാൻ സർവീസ് സ്റ്റേഷൻ അന്വേഷിച്ചു നടക്കുന്നത് ഒഴിവാക്കാം. ഇലക്ട്രിക്ക് വാഹനങ്ങൾ നിങ്ങളുടെ വീടിന്റെയോ ജോലിസ്ഥലത്തിന്റെയോ സൗകര്യങ്ങളിൽ ഏതാനും മണിക്കൂറുകൾ ചാർജ് ചെയ്യാം. ഒറ്റത്തവണ ചാർജ് ചെയ്താൽ ചില നാലുചക്രവാഹനങ്ങൾക്ക് 300 കിലോമീറ്ററോളം ദൂരം സഞ്ചരിക്കാൻ ആകും. പുതിയ സാങ്കേതിക വിദ്യകൾ പ്രാബല്യത്തിൽ വരുന്നതോടുകൂടി അത് 500-ഉം 600-ഉം ആയി വർദ്ധിക്കാനുള്ള സാധ്യതും തെളിയുന്നു. അതുമാത്രമല്ല ഹൈവേകളിലും എക്‌സ്പ്രസ് വേകളിലും ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനെക്കുറിച്ച് സർക്കാരും സ്വകാര്യ സ്ഥാപനങ്ങളും ദിവസേന പ്രഖ്യാപിക്കുന്നു. അതായത്, നിങ്ങൾക്ക് ഇനി വാഹനത്തിന്റെ റേഞ്ച് ഉത്കണ്ഠയോട് വിട പറയാം എന്നുറപ്പ്.

ഇലക്ട്രോണിക് വാഹനങ്ങൾക്കു പരിപാലനച്ചെലവ് കുറവാണ്. ഇവികൾക്ക് ഫോസിൽ ഇന്ധന എഞ്ചിനുകളുടെ സങ്കീർണ്ണ ഘടന കുറവാണ്. മാത്രമല്ല പരിപാലിക്കാൻ വളരെ എളുപ്പവും ചെലവുകുറഞ്ഞതുമാണ്. ഇവികൾ എല്ലാം ഗിയർ രഹിതമാണ്. അതുകൊണ്ടു ഡ്രൈവ് ചെയ്യാൻ എളുപ്പവും രസകരവുമാണ്. തൽക്ഷണ ടോർക്ക് സൃഷ്‍ടിക്കുന്നതിനാൽ ഇലക്ട്രിക്ക് വാഹനങ്ങൾ നിങ്ങൾക്ക് മികച്ച ഡ്രൈവിംഗ് അനുഭവം പ്രദാനം ചെയ്യുന്നു. കൂടാതെ ഫോസിൽ ഇന്ധന വാഹനങ്ങളേക്കാൾ മികച്ച സുരക്ഷയും നൽകുന്നു. ഒരു തകരാർ തിരിച്ചറിഞ്ഞാൽ, വൈദ്യുതി പ്രവാഹം യാന്ത്രികമായി വിച്ഛേദിക്കപ്പെടും. പെട്രോൾ/ഡീസൽ എന്നിവയെ അപേക്ഷിച്ച് ലിഥിയം അയേണ്‍ ബാറ്ററികൾ സാവധാനത്തിൽ കത്തുന്നതിനാൽ വാഹനത്തിന് തീപിടിച്ചാലും വേഗത കുറയ്ക്കാനും ഒഴിഞ്ഞുമാറാനും നിങ്ങള്‍ക്ക് സാധിക്കും.

ഓട്ടോമൊബൈൽ നിർമ്മാതാക്കൾ ഭാഗികമായോ പൂർണ്ണമായോ ഇവി ഉൽപ്പാദനത്തിലേക്ക് മാറുന്നതിനാൽ ആഭ്യന്തര നിർമ്മാതാക്കളിൽ നിന്നും അന്താരാഷ്ട്ര നിർമ്മാതാക്കളിൽ നിന്നും ആവേശകരമായ ഇവി ഓപ്ഷനുകൾ വിപണിയിൽ വരുന്നു.

അതുമാത്രമല്ല ഒരു ഇലക്ട്രിക് കാർ അന്തരീക്ഷത്തെ മലിനമാക്കുന്നില്ല. അങ്ങനെ വായു മലിനീകരണം ഗണ്യമായി കുറയ്ക്കുന്നു. ഇവികൾക്കു ശബ്ദവും വളരെ കുറവാണു, അങ്ങനെ ശബ്‍ദമലിനീകരണം കുറയ്ക്കുന്നതിനും അവ സംഭാവന ചെയ്യുന്നു. പോക്കറ്റിന് മാത്രമല്ല, ഭൂമിക്കും ഇലക്ട്രിക്ക് വാഹനത്തിലുള്ള സഞ്ചാരം നല്ലതാണെന്ന് ചുരുക്കം.

ഇലക്ട്രിക് വാഹന വിപണിയുടെ വളർച്ച കൂടുതൽ വേഗമാക്കാൻ ടാറ്റ പവറുമായി കൈകോർത്ത് ഹ്യുണ്ടേയ് ഇന്ത്യ.