കേരളത്തിൽ അതിശക്തമായ മഴ തുടരുന്നു; ഉരുൾപൊട്ടൽ മേഖലയിൽ ജാഗ്രത.

തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു. സംസ്ഥാനത്ത് വരും ദിവസങ്ങളിലും കനത്ത മഴ തുടരുമെന്നു കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. വടക്കൻ തമിഴ്‌നാടിന് മുകളിലും സമീപ പ്രദേശങ്ങളിലുമായി ചക്രവാതചുഴിയും തമിഴ്‌നാട് മുതൽ മദ്ധ്യപ്രദേശ് വരെ ന്യുനമർദ്ദ പാത്തിയും നിലനിൽക്കുന്ന സാഹചര്യമാണുള്ളത്. ഇതിന്റെ സ്വാധീനത്തിൽ കേരളത്തിൽ ഒറ്റപ്പെട്ട അതിശക്തമായ മഴക്ക് സാദ്ധ്യതയുണ്ടെന്നാണ് അറിയിപ്പ്. ശക്തമായ കാറ്റിനും മിന്നലിനും സാധ്യതയുണ്ട്.

കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ ശക്തമായ മഴക്കുള്ള സാദ്ധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നു ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.