
കീവ്: തുറമുഖ നഗരമായ മരിയൂപോൾ പൂർണ്ണമായും റഷ്യയുടെ അധീനതയിലായി. തുറമുഖ നഗരത്തിൽ റഷ്യയ്ക്കു കീഴടങ്ങാതെ ചെറുത്തുനിൽപിന്റെ തുരുത്തായിരുന്ന അസോവ്സ്റ്റാൾ ഉരുക്കുഫാക്ടറിയും റഷ്യ പിടിച്ചു. അസോവ്സ്റ്റാൾ ഉരുക്കുനിർമ്മാണ ശാലയിൽ കുടുങ്ങിക്കിടന്ന സൈനികരെ പുറത്തെത്തിച്ചതായി യുക്രെയ്ൻ ഭരണകൂടം സ്ഥിരീകരിച്ചു. റഷ്യ കനത്ത ആക്രമണം നടത്തിയതു മുതൽ കുടുങ്ങിയ സൈനികരെയാണ് ഐക്യരാഷ്‌ട്രസഭയുടെ മാനുഷിക ഇടനാഴിയിലൂടെ പുറത്തെത്തിച്ചത്. 82 ദിവസം പൊരുതിത്തളർന്ന 264 യുക്രെയ്ൻ സൈനികരെ റഷ്യയുടെ സഹായത്തോടെയാണ് ഒഴിപ്പിച്ചത്. പോരാട്ടത്തിൽ ഗുരുതരമായി പരുക്കേറ്റ 53 സൈനികരെ റഷ്യൻ നിയന്ത്രണത്തിലുള്ള നൊവോയസോവ്സ്ക് പട്ടണത്തിലെ ആശുപത്രിയിലേക്കാണു കൊണ്ടുപോയത്.
റഷ്യ ശക്തമായി ആക്രമണം തുടരുന്ന മരിയൂപോൾ തുറമുഖനഗരത്തിൽ രണ്ടു ലക്ഷത്തിലധകം പൗരന്മാരാണ് കുടുങ്ങിക്കിടന്നത്. അസോവ്സ്റ്റാൾ ഉരുക്കുനിർമ്മാണ ശാലയിൽ 24 കിലോമീറ്റർ ദൂരത്തിൽ വ്യാപിച്ചുകിടക്കുന്ന ഭൂഗർഭ അറകളുണ്ടെന്നതാണ് യുക്രെയ്ൻ സൈനികരെ അവിടെ കേന്ദ്രീകരിക്കാൻ പ്രേരിപ്പിച്ചത്. അസോവ്സ്റ്റാൾ ഒഴുപ്പിക്കൽ പൂർത്തിയായതോടെ മരിയൂപോൾ തുറമുഖ നഗരം പൂർണ്ണമായും റഷ്യയുടെ അധീനതയിലായെന്നാണ് അന്താരാഷ്‌ട്ര പ്രതിരോധ ഏജൻസികൾ അറിയിക്കുന്നത്.
ഹർകീവിൽനിന്ന് റഷ്യൻ സേനയെ തുരത്തിയെങ്കിലും കിഴക്കൻ യുക്രെയ്നിലെ ഡൊനെറ്റ്സ്ക് മേഖലയിൽ കനത്ത പോരാട്ടം നടക്കുന്നു. പടിഞ്ഞാറൻ നഗരമായ ലിവിവിലും റഷ്യൻ ആക്രമണം കനത്തു. തലസ്ഥാനനഗരമായ കീവ് പിടിച്ചെടുക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതിനുശേഷം ഡോൺബാസിൽ പിടിമുറുക്കാനാണു റഷ്യൻ സേനയുടെ ശ്രമം. റഷ്യൻ അനുകൂല വിമതർക്കു സ്വാധീനമുള്ള മേഖലയിൽ റഷ്യയുടെ രൂക്ഷ വ്യോമാക്രമണമാണു തുടരുന്നത്. ദുഷ്കരമായ സ്ഥിതിയാണു അവിടെയെന്നും വരും ദിവസങ്ങളിൽ എന്തും സംഭവിക്കാമെന്നും യുക്രെയ്ൻ സൈന്യം അറിയിച്ചു. അതേസമയം, യുക്രെയ്നിൽ കഴിഞ്ഞ ഫെബ്രുവരിയിൽ നിയോഗിച്ച സൈനികരിൽ മൂന്നിലൊന്നു റഷ്യയ്ക്കു നഷ്ടമായെന്നാണു ബ്രിട്ടിഷ് മിലിറ്ററി ഇന്റലിജൻസ് വിലയിരുത്തൽ.
നാറ്റോയില്‍ അംഗത്വം: ഫിന്‍ലന്‍ഡിനും സ്വീഡനും റഷ്യയുടെ മുന്നറിയിപ്പ്.