
കീവ്: റഷ്യയുടെ യുദ്ധകപ്പലിന് നേരെ മിസൈൽ ആക്രമണം നടത്തിയതെന്ന് യുക്രെയ്ൻ അവകാശപ്പെട്ടതിന് ശേഷം റഷ്യയുടെ ഭാഗത്തുനിന്നു ശക്തമായ ആക്രമണം ആണ് നടക്കുന്നത്. ഫെബ്രുവരി 24 മുതൽ യുക്രെയ്‌ന് മേൽ ആക്രമണം നടത്തിക്കൊണ്ടിരിക്കുന്ന റഷ്യൻ സൈന്യം വിവിധ പ്രവിശ്യകൾ തങ്ങളുടെ അധീനതയിലാക്കുകയാണ്. മരിയൂപോളിൽ മാത്രം 5000 പേർ മരിച്ചുവെന്നാണ് അനൗദ്യോഗികമായി പുറത്തുവരുന്ന കണക്ക്.
യുക്രെയ്‌ന്റെ 16 സൈനിക കേന്ദ്രങ്ങൾ റഷ്യ തകർത്തെന്ന് പ്രസിഡന്റ് വൊലാദിമിർ സെലൻസ്‌കി സ്ഥിരീകരിച്ചു. ഡോൺബാസ്‌ക് പൂർണ്ണമായും തങ്ങളുടെ അധീനതയിലാക്കാനാണ് റഷ്യ ശ്രമിക്കുന്നതെന്നും സെലൻസ്‌കി പറഞ്ഞു. ഖാർകീവ്, സാപോറിസാഷിയ, ഡോൺസ്റ്റീക്, നിപ്രോപെട്രോവ്‌സ്‌ക് മേഖലകലിൽ റഷ്യ കനത്ത ആക്രമണമാണ് നടത്തിയത്. തുറമുഖ കേന്ദ്രമായ മൈകോലായീവിലും റഷ്യൻ സൈന്യം വ്യോമാക്രമണം നടത്തി. ഇന്നലെ മാത്രം 108 പ്രദേശങ്ങളിലാണ് റഷ്യൻ മിസൈലുകൾ പതിച്ചതെന്ന് യുക്രെയ്ൻ സൈന്യം സ്ഥിരീകരിച്ചു. ഡോൺബാസ് ഉൾപ്പെടെ കിഴക്കൻ മേഖല റഷ്യയ്ക്ക് അടിയറ വച്ച് യുദ്ധം അവസാനിപ്പിക്കാൻ ഒരുക്കമല്ലെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി പ്രഖ്യാപിച്ചു. സമാധാന ചർച്ചകൾ യുക്രെയ്ൻ ഉഴപ്പുകയാണെന്ന് ആരോപിച്ച റഷ്യ, തന്ത്രപ്രധാന സൈനികകേന്ദ്രങ്ങളിൽ ബോംബാക്രമണം രൂക്ഷമാക്കി. കീഴടങ്ങാനുള്ള റഷ്യൻ അന്ത്യശാസനം അവഗണിച്ച് മരിയുപോളിൽ യുക്രെയ്ൻ സൈന്യം ചെറുത്തുനിൽപു തുടരുന്നു.
അതിനിടെ റഷ്യ വിരുദ്ധ ചേരികളെ ഒന്നിപ്പിച്ചുകൊണ്ട് ബൈഡന്റെ വെർച്വൽ കൂടിക്കാഴ്ച ഇന്ന്. യുക്രെയ്‌നിൽ റഷ്യ ആക്രമണം ശക്തമാക്കിയിരിക്കുന്ന പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച. ഇന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ സഖ്യകക്ഷികളുമായി യുക്രെയ്ൻ വിഷയം അവലോകനം ചെയ്യും. റഷ്യ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണം ഒരുതരത്തിലും അംഗീകരിക്കാനാകില്ല. തങ്ങളുടെ ഭാഗമായി നിൽക്കുന്ന യുക്രെയ്‌നെ പോരാടാൻ സഹായി ക്കുക എന്നതാണ് സുപ്രധാന കാര്യമെന്നും അതിനായി എല്ലാ രാജ്യങ്ങളും ഒന്നിച്ച് നിൽക്കുകയാണെന്നും വൈറ്റ്ഹൗസ് വൃത്തങ്ങൾ അറിയിച്ചു.
ഫെബ്രുവരി 24-നു റഷ്യൻ ആക്രമണം തുടങ്ങി ഇതുവരെ 48.36 ലക്ഷം യുക്രെയ്ൻകാർ രാജ്യം വിട്ടതായി യുഎൻ കണക്കാക്കുന്നു.