
കാബൂൾ: അഫ്ഗാനിസ്ഥാനിലെ 2 ജില്ലകളിൽ പാക്കിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 47 ആയി. പാക്കിസ്ഥാൻ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തിയ അഫ്ഗാനിസ്ഥാൻ കടുത്ത പ്രതിഷേധം അറിയിച്ചു. അഫ്ഗാനിലെ ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുതെന്നും, അല്ലാത്തപക്ഷം അനന്തരഫലങ്ങൾ നേരിടാൻ പാകിസ്താൻ തയ്യാറായിരിക്കണമെന്നും അഫ്ഗാനിലെ ഇൻഫർമേഷൻ ആൻഡ് കൾച്ചറൽ സഹമന്ത്രി സബിയുള്ള മുജാഹിദ് പറഞ്ഞു.
ഖോസ്റ്റ് പ്രവിശ്യയിലെ സ്പുറ പ്രദേശത്താണ് പാക് വിമാനങ്ങൾ ആക്രമണം നടത്തിയതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സ്പുറയിലെ മിർപാർ, മന്ദേഹ്, ഷെയ്ദി, കൈ എന്നീ പ്രദേശങ്ങളാണ് ആക്രമിക്കപ്പെട്ടത്. എന്നാൽ അക്രമം നടത്തിയിട്ടില്ലെന്നാണ് കാബൂളിലെ പാക് എംബസി പറയുന്നത്. വടക്കൻ വസീറിസ്ഥാനിൽ ഏഴ് പാക് സൈനികർ കൊല്ലപ്പെട്ടതിന് ദിവസങ്ങൾക്ക് ശേഷമാണ് വ്യോമാക്രമണം. അതേസമയം, സംഭവം പാക്കിസ്ഥാൻ നിഷേധിച്ചു. നിയമവ്യവസ്ഥ തകർന്ന രാജ്യത്തേക്ക് പടിഞ്ഞാറൻ അതിർത്തിവഴി കടന്ന ഭീകരപ്രവർത്തകരാണ് ആക്രമണം നടത്തിയതെന്നാണ് പാക്കിസ്ഥാൻ നിലപാട്.
അഫ്ഗാനിസ്ഥാന്റെ പരമാധികാരത്തിനു നേരെയുള്ള കടന്നാക്രമണമാണ് പാക്കിസ്ഥാൻ നടത്തിയതെന്നും യുഎൻ രക്ഷാസമിതി ഇടപെടണമെന്നും ഇന്ത്യയിലെ അഫ്ഗാൻ അംബാസിഡർ ഫാരീദ് മാമുദ്സെ പറഞ്ഞു.
അതിനിടെ അഫ്ഗാനിസ്ഥാന് തലസ്ഥാനമായ കാബൂളിന് സമീപം ഇന്ന് സ്ഫോടന പരമ്പര ഉണ്ടായി. ആണ്‍കുട്ടികളുടെ രണ്ട് സ്‌കൂളുകള്‍ക്ക് സമീപവും, ഒരു ട്യൂഷന്‍ സെന്ററിന് സമീപവുമാണ് സ്‌ഫോടനം നടന്നത്. ചാവേറാക്രമണമാണ് ഇവിടെ നടന്നതെന്നാണ് പ്രാഥമിക വിവരം. രാവിലെ ക്ലാസുകൾ കഴിഞ്ഞ് വിദ്യാർത്ഥികൾ പുറത്തേക്ക് വരുന്നതിനിടെയാണ് സ്‌ഫോടനം നടന്നതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.