
പീഡാനുഭവങ്ങള്‍ക്കും കുരിശുമരണത്തിനും ശേഷം ലോകത്തിന് പ്രത്യാശയേകി മൂന്നാം നാള്‍ ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റതിന്റെ സന്തോഷത്തിലാണ് ഇന്ന് ലോകത്തെമ്പാടുമുള്ള ക്രൈസ്‌തവ വിശ്വാസികൾ ഈസ്റ്റർ ആഘോഷിക്കുന്നത്. ദുഃഖവെള്ളിയാഴ്ചക്ക് ശേഷം വരുന്ന ഞായറാഴ്ചയാണ് ഈസ്റ്റർ ആചരിക്കുന്നത്. ഭൂരിപക്ഷം ക്രിസ്തുമത വിശ്വാസികളും ഈ ദിവസം സുപ്രധാന പുണ്യദിനമായി ആഘോഷിക്കുന്നു. തിന്മയുടെയും അസത്യത്തിന്റെയും ജയം താൽക്കാലികം ആണെന്നും, വളഞ്ഞവഴികൾ തേടാതെ കഷ്ടങ്ങൾ സഹിച്ചും സത്യത്തിനു വേണ്ടി നില നിൽക്കണം എന്നും ആണ് ഈസ്റ്റർ മുന്നോട്ട് വെയ്ക്കുന്ന പാഠങ്ങൾ.
ഒരോ വർഷവും വ്യത്യസ്ത തീയതികളിലാണ് ഈസ്റ്ററും അതിനോടനുബന്ധിച്ച പീഡാനുഭവ വാരവും ആചരിക്കുന്നത്. എല്ലാ സഭകളും നീസാൻ മാസം 14-ന് ശേഷം വരുന്ന ഞായറാഴ്ച ഉത്ഥാനപ്പെരുന്നാൾ ആയി ആചരിക്കണമെന്ന് ക്രി.വ 325-ൽ കൂടിയ നിഖ്യാ സുന്നഹദോസിൽ തീരുമാനമായി. ക്രിസ്തുവിന്റെ മരണം നീസാൻ 14-നായിരുന്നു എന്ന വിശ്വാസമാണ് ഈ നിശ്ചയത്തിന്റെ അടിസ്ഥാനം. വസന്തകാലത്ത് മാർച്ച് -ഏപ്രിൽ മാസങ്ങളിലായിട്ടാണ് നീസാൻ മാസം വരുന്നത്. എന്നാൽ ജൂലിയൻ കലണ്ടർ അടിസ്ഥാനപ്പെടുത്തി ആരാധനാവർഷം നിശ്ചയിക്കുന്ന ചില പൗരസ്ത്യ സഭകളിൽ (കലണ്ടറുകൾ തമ്മിലുള്ള 13 ദിവസത്തെ വ്യത്യാസം കാരണം) ഈസ്റ്റർ ദിവസം ഗ്രിഗോറിയൻ കലണ്ടറിലെ ഏപ്രിൽ 4 മുതൽ മേയ് 8 വരെയുളള ഒരു ഞായറാഴ്ചയാണ് ആചരിക്കുന്നത്. കേരളത്തിലെ സുറിയാനി സഭകളും 1952 വരെ പഴയരീതി പ്രകാരമാണു തിരുനാളുകൾ ആഘോഷിച്ചിരുന്നത്. 1953-ൽ മലങ്കര സഭ കൂടി ഗ്രിഗോറിയൻ കലണ്ടർ സ്വീകരിച്ചതോടെ കേരളത്തിലെ ബഹുഭൂരിപക്ഷം സഭകളും ഒരേ ദിനമാണ് ഈസ്റ്റർ ആഘോഷിക്കുന്നത്. തൃശൂർ ആസ്‌ഥാനമായുള്ള കൽദായ സഭ 1995-ൽ ഗ്രിഗോറിയൻ കലണ്ടർ സ്വീകരിച്ചതോടെ ഇന്ത്യയിൽ എല്ലാ ക്രൈസ്‌തവരും ഒരേ ദിവസം തന്നെ ഈസ്‌റ്ററും ക്രിസ്‌മസും ആഘോഷിച്ചുവരുന്നു.
എത്യോപ്യ, എറിത്രിയ, ഈജിപ്‌ത്, റഷ്യ, ബലാറസ് (ബൈലോറഷ്യ), യുക്രയിൻ, കസഖ്‌സ്‌ഥാൻ, മൊൾഡേവിയ, ജോർജിയ, സെർബിയ, മാസിഡോണിയ, റുമേനിയ, ബൾഗേറിയ, ഗ്രീസ്, സൈപ്രസ്, തുർക്കി, ഇസ്രയേൽ, ലബനൻ തുടങ്ങിയ രാജ്യങ്ങളിലെ 20 കോടിയോളം ക്രൈസ്‌തവർ ഈ വർഷം (2024) മേയ് അഞ്ചിനാണ് ഈസ്‌റ്റർ ആഘോഷിക്കുന്നത്. അതായത് മറ്റ് ക്രൈസ്‌തവർ ആഘോഷിച്ച് അഞ്ചാഴ്‌ച കഴിഞ്ഞാണ് അവരുടെ ആഘോഷം. 2013, 2016, 2027, 2032 വർഷങ്ങളും ഉദാഹരണം. 1997, 2021, 2065 വർഷങ്ങളിൽ നാലാഴ്‌ചയാണ് വ്യത്യാസം. ഒരാഴ്‌ച മാത്രം വ്യത്യാസത്തിലാണ് 2022, 2023, 2026, 2029 വർഷങ്ങളിലെ ഈസ്‌റ്റർ ആഘോഷം. അതേസമയം എല്ലാവരും ഒരേ തീയതിയിൽ ഈസ്‌റ്റർ ആഘോഷക്കുന്ന അവസരങ്ങളുമുണ്ട്. 2014, 2017, 2025, 2028 വർഷങ്ങൾ ഉദാഹരണം.
ഈസ്റ്റർ മുട്ട
പലനാടുകളിൽ പല വിശ്വാസമാണ് ഈസ്റ്റർ മുട്ടയുമായി ബന്ധപ്പെട്ടുള്ളത്. ഈസ്റ്റർ ബണ്ണിയെന്ന മുയലുകളാണ് ഈ മുട്ട കൊണ്ടുവരുന്നതെന്നാണ് അമേരിക്കയിലും കാനഡയിലും കുട്ടികൾക്കിടയിലെ കൗതുകക്കഥ. ബ്രിട്ടനിൽ 15 ാം നൂറ്റാണ്ടു മുതൽ തന്നെ ഈസ്റ്റർ ദിവസം രാവിലെ അരിമാവു കൊണ്ടും പഞ്ചസാരകൊണ്ടും ഉണ്ടാക്കിയ മുട്ടകൾ രാവിലത്തെ പ്രാർത്ഥനയ്ക്കു ശേഷം വിതരണം ചെയ്യുന്ന പതിവുണ്ടായിരുന്നു.
പുരാതന കാലത്തെ മൊസപ്പൊട്ടോമിയയിലെ ക്രിസ്ത്യാനികളുടെ ഇടയിലാണ് ഈസ്റ്റർ മുട്ടകൾ ആചാരമായി തുടങ്ങിയത്. പിന്നീട് അതു മറ്റു രാജ്യങ്ങളിലേക്കും വ്യാപിച്ചു. വസന്തകാല ആഘോഷങ്ങളുടെ ഭാഗമായി മുട്ടത്തോടുകൾ അലങ്കരിക്കുന്നത് ആയിരക്കണക്കിനു വർഷം മുൻപു തന്നെ നിലവിലുണ്ടായിരുന്നു. ഇതു പിന്നീടു വസന്തകാലത്തു നടക്കുന്ന ഈസ്റ്റർ ആഘോഷത്തിലേക്കും എത്തുകയായിരുന്നുവെന്നു പറയപ്പെടുന്നു.