ഇന്ത്യയിൽ ഇവി വിപ്ലവം സൃഷ്ടിക്കാൻ മഹീന്ദ്ര ആൻഡ് മഹീന്ദ്രയും ടാറ്റാ മോട്ടോഴ്സും കൈകോർക്കുന്നു.

ഇന്ത്യയിൽ ഇവി വിപ്ലവം സൃഷ്ടിക്കാൻ മഹീന്ദ്ര ആൻഡ് മഹീന്ദ്രയും ടാറ്റാ മോട്ടോഴ്സും കൈകോർക്കുന്നു.

മുംബൈ: ഇന്ത്യൻ വാഹന വിപണിയിലെ പ്രധാന എതിരാളികളായ മഹീന്ദ്ര ആൻഡ് മഹീന്ദ്രയും ടാറ്റാ മോട്ടോഴ്സും കൈകോർത്ത് ഇവി വിപ്ലവം സൃഷ്ടിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. മഹീന്ദ്രയും ടാറ്റയും ഒന്നിച്ച് ആരംഭിക്കുന്ന സംരംഭത്തിന് റിവോ എന്നാണ് പേര് നൽകിയിരിക്കുന്നത്. 2021 ഡിസംബറിൽ ഇരു നിർമ്മാതാക്കളും അനൗപചാരികമായി നടത്തിയ സംഭാഷണത്തിലാണ് സഖ്യത്തിന്റെ തീരുമാനങ്ങൾ ഉടലെടുത്തതെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്.

കോംപാക്ട് എസ് യുവി വിഭാഗത്തിലുള്ള ഇലക്ട്രിക് വാഹനങ്ങൾ വികസിപ്പിക്കുക എന്നതാണ് റിവോയിലൂടെ ലക്ഷ്യമിടുന്നത്. മഹീന്ദ്രയ്‌ക്കും ടാറ്റയ്‌ക്കും നിലവിൽ കോംപാക്ട് എസ്‌ യുവികളുടെ പ്ലാനുകൾ ഇല്ല. ഇവി വാഹനങ്ങളുടെ ഡിസൈനിംഗ് മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ നേതൃത്വത്തിലായിരിക്കും അതേസമയം, വാഹനത്തിന്റെ എഞ്ചിനിയറിംഗും മറ്റ് സാങ്കേതിക വശങ്ങളും ടാറ്റയുടെ മേൽനോട്ടത്തിലായിരിക്കുമെന്നാണ് സൂചന. സുരക്ഷയുടെയും ഡിസൈനിന്റെയും പ്രവർത്തനക്ഷമതയുടെയും കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്ന രണ്ട് നിർമ്മാതാക്കളാണ് ടാറ്റയും മഹീന്ദ്രയും. ഇലക്ട്രിക് വാഹന രംഗത്ത് ഇതിനോടകം വലിയ ചലനങ്ങൾ സൃഷ്ടിക്കാൻ ഒരുങ്ങുന്ന മറ്റ് വാഹന നിർമ്മാതാക്കൾക്ക് കരുത്തനായ എതിരാളിയായിരിക്കും റിവോ എന്നാണ് സൂചന.