യുക്രെയ്ൻ: യുഎൻ മനുഷ്യാവകാശ കൗൺസിലിൽനിന്ന് റഷ്യ പുറത്ത്; വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിന്നു.

യുക്രെയ്ൻ: യുഎൻ മനുഷ്യാവകാശ കൗൺസിലിൽനിന്ന് റഷ്യ പുറത്ത്; വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്ന് ഇന്ത്യ.

ന്യൂയോർക്ക്: യുക്രെയ്നിലെ ബുച്ച പട്ടണത്തിൽ നടന്ന കൂട്ടക്കുരുതി ഉൾപ്പെടെ ക്രൂരതകളുടെ പേരിൽ റഷ്യയെ ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ കൗൺസിലിൽനിന്നു പുറത്താക്കി. ജനറൽ അസംബ്ലിയിൽ നടന്ന വോട്ടെടുപ്പിൽ മൂന്നിൽ രണ്ട് അംഗങ്ങളാണ് ഇത് സംബന്ധിച്ച പ്രമേയത്തെ പിന്തുണച്ചത്. പ്രമേയത്തിന്റെ വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിന്നു.

യുഎസ് ആണ് പ്രമേയം അവതരിപ്പിച്ചത്. 197 അംഗ അസംബ്ലിയിൽ 93 രാജ്യങ്ങൾ റഷ്യയെ സസ്‌പെൻഡ് ചെയ്യുന്നതിന് അനുകൂലമായി വോട്ട് ചെയ്തു. 24 രാജ്യങ്ങൾ എതിർത്തു. ഇന്ത്യ ഉൾപ്പെടെ 57 രാജ്യങ്ങൾ വിട്ടുനിന്നു. റഷ്യ-യുക്രെയ്ൻ സംഘർഷത്തിന്റെ തുടക്കം മുതൽ ചർച്ചകളിലൂടെയും നയതന്ത്ര മാർഗങ്ങളിലൂടെയും പ്രശ്‌നം പരിഹരിക്കണമെന്ന നിലപാടാണ് ഇന്ത്യ സ്വീകരിക്കുന്നതെന്ന് യുഎന്നിലെ ഇന്ത്യൻ പ്രതിനിധി ടിഎസ് തിരുമൂർത്തി പറഞ്ഞു. നിരപരാധികളുടെ ജീവനെടുത്തും രക്തച്ചൊരിച്ചിൽ കൊണ്ടും യാതൊരു പരിഹാരവും ഉണ്ടാക്കാനാകുമെന്ന് ഇന്ത്യ കരുതുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യുക്രെയ്നിലെ റഷ്യൻ അധിനിവേശവുമായി ബന്ധപ്പെട്ട് യുഎന്നിലെ നടപടിക്രമ, പ്രമേയ വോട്ടെടുപ്പുകളിൽനിന്നെല്ലാം ഇന്ത്യ തുടർച്ചയായി വിട്ടുനിൽക്കുകയാണ്.

അതെ സമയം ഇന്ത്യയുടെ നിലപാടിനോട് നീരസം പ്രകടിപ്പിച്ച യുകെ ഇന്ത്യയുടെ കാഴ്ചപ്പാട് മാറുമെന്ന് പ്രതീക്ഷിക്കുന്നതായും എന്നാൽ തുടർന്നും ബന്ധം തുടരുമെന്നും വ്യക്തമാക്കി. ഇന്ത്യയ്‌ക്ക് റഷ്യയുമായി സങ്കീർണ്ണമായ ചരിത്രവും ബന്ധവുമുള്ളതാണ് ഇത്തരം ഒരുതീരുമാനത്തിനു പിന്നിലെന്ന് ഞങ്ങൾ മനസ്സിലാക്കുന്നാണ് അമേരിക്കയുടെയും ജർമ്മനിയുടെയും നിലപാട്.

യുക്രെയ്‌നിലെ ബുച്ചയിൽ റഷ്യൻ ആക്രമണത്തിൽ ആളുകൾ കൂട്ടത്തോടെ കൊല്ലപ്പെട്ടതിനെ അപലപിക്കുന്ന പ്രമേയം ഇക്കാര്യത്തിൽ സ്വതന്ത്ര അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു. വീടുകൾക്ക് സമീപവും കൂട്ടക്കുഴിമാടങ്ങളിലും നിരവധി പേരെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതെന്ന് പ്രമേയത്തിൽ പറയുന്നു. ബുച്ചയിൽ റഷ്യ നടത്തിയത് കൂട്ടക്കൊലയാണെന്നാണ് യുക്രെയ്‌ന്റെ ആരോപണം. എന്നാൽ യുക്രെയ്‌നിന്റെ പ്രൊപ്പഗൻഡയുടെ ഭാഗമാണ് ആരോപണമെന്നാണ് റഷ്യയുടെ മറുപടി. ഫെബ്രുവരി 24 -നാണ് റഷ്യ യുക്രെയ്‌നിൽ അധിനിവേശം തുടങ്ങിയത്.

ഇന്ന് കിഴക്കൻ യുക്രെയ്‌നിൽ നടന്ന റോക്കറ്റ് ആക്രമണത്തിൽ നിരവധി സാധാരണക്കാർ കൊല്ലപ്പെട്ടു. രാജ്യത്തിന്റെ സുരക്ഷിത മേഖലകളിലേക്ക് പോകാൻ ട്രെയിൻ കയറിയ യുക്രെയ്ൻ സ്വദേശികളാണ് ആക്രമണത്തിന് ഇരയായത്. ഏകദേശം 35 പേർ കൊല്ലപ്പെട്ടതായും നൂറിലധികം സാധാരണക്കാർക്ക് പരിക്കേറ്റതായുമാണ് വിവരം. രണ്ട് റോക്കറ്റുകൾ വന്നു പതിച്ചതായി യുക്രേനിയൻ റെയിൽവേ അധികൃതർ അറിയിച്ചു. കിഴക്കൻ യുക്രെയ്‌നിലെ പല പ്രദേശങ്ങളും നേരത്തെ തന്നെ റഷ്യൻ അനുകൂലവിമതർ കയ്യടക്കിയിട്ടുള്ള ഭൂപ്രദേശങ്ങളാണെങ്കിലും ആക്രമണത്തിൽ റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. സാധാരണക്കാരെ ആക്രമിക്കുകയില്ലെന്ന് യുദ്ധം പ്രഖ്യാപിച്ച ദിനം തന്നെ റഷ്യ വ്യക്തമാക്കിയതാണ്.

അതേസമയം റഷ്യൻ അധിനിവേശം ചർച്ച ചെയ്യാൻ തുർക്കി, ബ്രിട്ടൺ, ഇറ്റലി എന്നീ രാജ്യങ്ങിളിലെ പ്രതിരോധ മന്ത്രിമാർ ഇന്ന് ഇസ്താംബൂളിൽ വെച്ച് കൂടിക്കാഴ്ച നടത്തും.