
കാൻബെറ: അടുത്ത മാസം മുതൽ, ഓസ്‌ട്രേലിയക്കാർക്ക് അന്താരാഷ്ട്ര യാത്രകൾ പുനരാരംഭിക്കാമെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ പ്രഖ്യാപിച്ചു. സംസ്ഥാനങ്ങൾ 80 ശതമാനം വാക്സിനേഷൻ ലക്ഷ്യം കൈവരിച്ചുകഴിഞ്ഞാൽ, ദേശീയ വാക്സിനേഷൻ പദ്ധതിയുടെ സി ഘട്ടത്തിലേക്ക് ഓസ്ട്രേലിയ നീങ്ങുമെന്നും, അന്താരാഷ്ട്ര യാത്രകൾ അപ്പോൾ പുനരാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഓസ്‌ട്രേലിയൻ നിവാസികൾക്കും പൂർണ്ണമായി പ്രതിരോധ കുത്തിവയ്പ് എടുത്തിട്ടുള്ള പൗരന്മാർക്കുമാണ് അന്താരാഷ്ട്ര യാത്രകൾ അനുവദിക്കുന്നത്. TGA അംഗീകൃത വാക്സിസിനുകളിൽ രണ്ട് ഡോസുകളും എടുത്തിട്ടുള്ള ആളുകൾക്ക് ഓസ്‌ട്രേലിയകാർക്ക് രാജ്യത്തിന് പുറത്തു പോകാനും,തിരിച്ചെത്തിയ ശേഷം ഏഴ് ദിവസത്തേക്ക് അവരുടെ വീടുകളിൽ തന്നെ ക്വാറന്റൈൻ ചെയ്യാനും കഴിയും. TGA അംഗീകൃത വാക്സിൻ കുത്തിവയ്പ് എടുക്കാത്ത യാത്രക്കാർ, 14 ദിവസത്തേക്ക് “ഇപ്പോഴത്തെ പോലെ നിയന്ത്രിത ക്വാറന്റൈൻ പ്രക്രിയ” പിന്തുടരേണ്ടതുണ്ട്.
ഏതൊക്കെ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാം എന്നതിന് നിയന്ത്രണങ്ങളൊന്നുമില്ല. എന്നാൽ ന്യൂസിലാന്റ് പോലുള്ള രാജ്യങ്ങൾക്ക് പൂർണ്ണമായും ക്വാറന്റൈൻ രഹിത യാത്രയ്ക്കായി ഓസ്‌ട്രേലിയ ശ്രമിക്കുമെന്ന് മോറിസൺ പറഞ്ഞു. വാക്സിനേഷൻ എടുത്തതിന്റെ അന്താരാഷ്ട്ര അംഗീകാരമുള്ള ഡോക്യുമെൻറ് ഓസ്ട്രേലിയക്കാർക്ക് വരുംവരും ആഴ്ചകളിൽ ലഭ്യമാകും. വാക്സിനേഷന്റെ തെളിവായി “ആഗോളതലത്തിൽ വായിക്കാനാകുന്ന ഒരു ക്യുആർ കോഡ് ഉപയോഗിക്കും. സംസ്ഥാനങ്ങൾ ദേശീയ വാക്സിനേഷൻ പദ്ധതിയുടെ സി ഘട്ടത്തിലേക്ക് മാറിയാൽ, അവർ അന്താരാഷ്ട്ര വിമാനങ്ങൾ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ ഇവ എപ്പോൾ തുടങ്ങുമെന്നതിന് പ്രത്യേക തീയതി നൽകിയിട്ടില്ല.
എൻ.എസ്.ഡബ്ല്യുവിൽ ഉയർന്ന വാക്സിനേഷൻ നിരക്കുള്ളതിനാൽ സിഡ്നി അന്താരാ ഷ്ട്ര വിമാനത്താവളമായിരിക്കും ഈ പദ്ധതിയിൽ ആദ്യം പങ്കു ചേരുക. ലണ്ടനിലേക്കുള്ള അന്താരാഷ്ട്ര യാത്രകൾ പുനരാരംഭിക്കുന്ന പൈലറ്റ് പ്രോഗ്രാമിൽ താമസിക്കാതെ വിക്ടോറിയയും പങ്കെടുക്കുമെന്ന് പ്രീമിയർ ഡാനിയൽ ആൻഡ്രൂസ് പറഞ്ഞു.