കേരളത്തിൽ ചൊവ്വാഴ്ച്ച 19,760 പേര്‍ക്ക് കൂടി കോവിഡ്; രോഗമുക്തി 24,117, ആകെ മരണം 9000 കടന്നു.

തിരുവനന്തപുരം: കേരളത്തില്‍ ഇന്നലെ 19,760 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 194 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 9009 ആയി. 1,30,594 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.13 ആണ്.

മലപ്പുറം 2874, തിരുവനന്തപുരം 2345, പാലക്കാട് 2178, കൊല്ലം 2149, എറണാകുളം 2081, തൃശൂര്‍ 1598, ആലപ്പുഴ 1557, കോഴിക്കോട് 1345, കോട്ടയം 891, കണ്ണൂര്‍ 866, പത്തനംതിട്ട 694, ഇടുക്കി 462, കാസര്‍ഗോഡ് 439, വയനാട് 281 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്നലെ രോഗ ബാധ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 104 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 18,393 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1189 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

74 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 24,117 പേര്‍ രോഗമുക്തി നേടി. ഇതോടെ 2,02,426 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 23,34,502 പേര്‍ ഇതുവരെ രോഗമുക്തി നേടി.

45 വയസിന് മുകളില്‍ പ്രായമായ കിടപ്പ് രോഗികളുടെ വാക്‌സിനേഷനുള്ള മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ച് ആരോഗ്യ വകുപ്പ്. കിടപ്പ് രോഗികള്‍ക്ക് കൊറോണയിൽ നിന്നും സംരക്ഷണം ഉറപ്പുവരുത്താനുള്ള സര്‍ക്കാരിന്റെ തീരുമാനത്തിന്റെ ഭാഗമായാണ് വീടുകളില്‍ പോയി അവര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ തീരുമാനിച്ചത്. ഇവരുടെ വാക്‌സിനേഷന്‍ പ്രക്രിയ ഏകീകൃതമാക്കാനാണ് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചത്. എല്ലാ വാക്‌സിനേഷന്‍ ടീം അംഗങ്ങളും കൊറോണ പ്രോട്ടോകോളും പി.പി.ഇ. സുരക്ഷാ മാര്‍ഗങ്ങളും പാലിക്കണം. വാക്‌സിന്‍ നല്‍കിയ ശേഷം അര മണിക്കൂറോളം രോഗിയെ നിരീക്ഷിക്കേണ്ടതാണ്. വാക്‌സിനേഷനുള്ള മറ്റെല്ലാ പ്രോട്ടോക്കോളുകളും ശരിയായി പിന്തുടരേണ്ടതാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് ബാധിച്ച് ഒരു മരണം കൂടി. പാലക്കാട് കൊട്ടശ്ശേരി സ്വദേശിനി വസന്ത (48) ആണ് മരിച്ചത്. സംസ്ഥാനത്ത് ഇതുവരെ 49 പേർക്കാണ് ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത് എന്നാണ് വിവരം. ഇതിൽ കൂടുതൽ രോഗികൾ ചികിത്സയിൽ ഉള്ളത് കോഴിക്കോട് മെഡിക്കൽ കോളേജിലാണ്.