ഈ ഓണത്തിന് കേരള അസ്സോസിയേഷൻ ടൗൺസ്‌വില്ലെ, ആസ്ട്രേലിയയുടെ ഓണസമ്മാനം

സമൃദ്ധിയുടെ ഓര്‍മ്മകള്‍ തുളുമ്പുന്ന ഒരോണക്കാലം കൂടി വരുകയാണ്. ഓണമാഘോഷിക്കാനൊരുങ്ങുന്ന ഒരോ മലയാളിക്കുമുന്നിലും ഏറ്റവും വലിയ വെല്ലു വിളിയാണ് ലോകമാകെ കീ‍ഴടക്കിയ കോവിഡ് 19 എന്ന മഹാമാരി. ഈ ദുരിതപർവ്വങ്ങൾക്കിടയിൽ ഏറെ വ്യത്യസ്തവും അതിലേറെ അനുകമ്പാനുദ്രമായ മനോഭാവം കൊണ്ടും വേറിട്ടു നിൽക്കുന്ന ഒരു ഓണാഘോഷവുമായി മുന്നോട്ട് വന്നിരിക്കുകയാണ് ആസ്ട്രേലിയയിലെ ടൗൺസ്വില്ല് നിന്നുള്ള കേരള അസോസിയേഷൻ ഓഫ് ടൗൺസ്വില്ല്, നാട്ടിലെ അഗതികൾക്കും ആലംബഹീനർക്കുമായി ഒരു ഓണസദ്യ!!!

ഇത്തവണത്തെ ഓണക്കാലം ഒരോ മലയാളിക്കും അതിജീവനത്തിന്‍റേതാണ്. നിരവധി മാനുഷിക പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായി നിലകൊള്ളുന്ന കേരള അസോസിയേഷൻ ഓഫ് ടൗൺസ്വില്ലും (KAT) ഈ അതി ജീവനസമരത്തിൽ പിറന്ന മണ്ണിനെ നെഞ്ചോട് ചേർത്ത് പിടിക്കുകയാണ്. കൊവിഡ് 19-ൻ്റെ പ്രതിസന്ധികളെ വകഞ്ഞു മാറ്റി സ്നേഹവും സാഹോദര്യവും ഊട്ടിയുറപ്പിക്കാനുള്ള എളിയ ശ്രമം.

കേരളത്തിലെ വിവിധ ജില്ലകളിലായി ഏതാണ്ട് 12-ഓളം അനാഥാലയങ്ങളിലെ രണ്ടായിരത്തോളം (2000) അഗതികൾക്ക് ഓണസദ്യ ഒരുക്കികൊണ്ടാണ് KAT ഈ വർഷത്തെ ഓണം ആഘോഷിക്കുന്നത്. അതോടൊപ്പം കഴിഞ്ഞ വർഷത്തെ പെരുമഴക്കാലത്ത് മണ്ണിടിച്ചിലിൽപ്പെട്ട വയനാട്ടിലെ ഹതഭാഗ്യരായ 30-ഓളം ആളുകൾക്കും ഓണസദ്യയൊരുക്കി സാഹോദര്യത്തിൻ്റെ പുതുമാനങ്ങൾ തേടിയിരിക്കയാണ് കേരള അസോസിയേഷൻ ഓഫ് ടൗൺസ്വില്ല്.

കോവിഡ് മഹാമാരിയും ദുരന്തങ്ങളും സൃഷ്ടിച്ച വിഷമങ്ങളിൽ മനസ്സു പതറാതെ, അതേസമയം രോഗവ്യാപനം തടയുന്നതിന് സർക്കാരിൻ്റെ നിയന്ത്രണങ്ങൾക്ക് വിധേയമായി പ്രാദേശികമായ ഓണാഘോഷങ്ങൾ വേണ്ടെന്ന് വച്ചുകൊണ്ടാണ് കേരള അസോസിയേഷൻ ഓഫ് ടൗൺസ്വില്ലിൻ്റെ ഒരോ മെമ്പർമാരും എക മനസ്സോടെ അവരുടെ കാരുണ്യത്തിൻ്റെ കരങ്ങളെ ഉയർത്തിപ്പിടിച്ചിരിക്കുന്നത്.

ലോകം മുഴുവൻ പടർന്ന ഈ മഹാമാരിയുടെ ഇരുണ്ട നാളുകളെ വകഞ്ഞു മാറ്റി, സമൃദ്ധിയും സന്തോഷവും നിറഞ്ഞ പുതിയ സമൂഹത്തെ പടുത്തുയർത്താൻ ഈ ഓണക്കാലം നമ്മിൽ പ്രത്യാശയും ആത്മവിശ്വാസവും നിറയ്ക്കട്ടെയെന്ന് KAT ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. ഈ മഹനീയ കർമ്മത്തിൽ അകമഴിഞ്ഞ് പങ്കാളികളായ എല്ലാവരെയും ഹൃദയത്തോട് ചേർത്ത് നിർത്തി, ഏവർക്കും ഒരിക്കൽക്കൂടി ഹൃദ്യമായ ഓണാശംസകൾ നേർന്നു കൊണ്ട്, സ്നേഹത്തോടെ കേരള അസോസിയേഷൻ ഓഫ് ടൗൺസ്വില്ല് ആസ്ട്രേലിയയിൽ നിന്നും.

സ്നേഹത്തോടെ,
For Executive committee, Binu Jacob, KAT President.