ഇന്ത്യ സാമ്പത്തിക മാന്ദ്യത്തിലെക്കോ ?

ഇന്ത്യ കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുന്നു എന്നു സൂചിപ്പിക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. രാജ്യത്തിന്‍റെ സാമ്പത്തിക വളർച്ച നാലര  ശതമാനമായി കുറയുകയും രാജ്യത്ത്‌ തൊഴിലില്ലായ്മ വര്‍ദ്ധിക്കുകയും ചെയ്തായി റിപ്പോർട്ട്. കഴിഞ്ഞ ആറു വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വളർച്ചാ നിരക്കാണിത്. അതോടൊപ്പം അന്താരാഷ്ട്ര ക്രെഡിറ്റ് റേറ്റിങ് ഏജന്‍സിയായ മൂഡീസ് ഇന്ത്യയുടെ ക്രെ‍ഡിറ്റ് റേറ്റിങ് താഴ്ത്തുകയും ചെയ്തു. ഇന്ത്യയിലെ സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ മോശമാകുമെന്ന് ലോകബാങ്കും പറയുന്നു. എന്നാല്‍ രാജ്യത്തു സാമ്പത്തിക മന്ദ്യമില്ലെന്ന് ആവര്‍ത്തിക്കുന്ന കേന്ദ്രം   ലോകത്താകമാനം ബാധിച്ചിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ഭാഗമായി ഇതിനെ ലഗൂകരിക്കാനാണ് ശ്രമിക്കുന്നത്. എന്നാല്‍ ഇന്ത്യ അഭിമുഖീകരിക്കുന്ന സാമ്പത്തിക മാന്ദ്യവും പ്രതിസന്ധിയും ഒരു താത്‌കാലിക പ്രശ്‌നമോ ആഗോള സാമ്പത്തികമാന്ദ്യം മൂലമോ ഉണ്ടായിട്ടുള്ള പ്രശ്‌നമല്ലയെന്നാണ് പ്രതിപക്ഷം കുറ്റപെടുത്തുന്നത്.

ഒന്നാം മോദി സര്‍ക്കാര്‍ നടപ്പാക്കിയ നോട്ട് നിരോധനവും ജി.എസ്.ടിയും അടക്കമുള്ള പരിഷ്‌കരണങ്ങള്‍ ഇന്ത്യന്‍ സാമ്പത്തിക രംഗത്ത്  ഏല്‍പിച്ച ആഘാതം സ്വാതന്ത്ര്യലബ്ധിക്ക് ശേഷമുള്ള ഏറ്റവും കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്കാണ് രാജ്യത്തെ നയിച്ചു കൊണ്ടിരിക്കുന്നത്. തെറ്റായ ഈ നയങ്ങൾ ഉത്പാദന, സേവന മേഖലകളില്‍ മാന്ദ്യം സൃഷ്ടിക്കുകയും വൻതോതിൽ തൊഴിലവസരങ്ങൾ ഇല്ലാതാക്കുകയും ചെയ്തു.കാര്‍ഷിക വ്യവസായ  മേഖലകളെല്ലാം പ്രതിസന്ധിയും തകർച്ചയും നേരിടുന്നു.ഓട്ടോ മൊബൈല്‍ വിപണി കടുത്ത പ്രതിസന്ധിയിലാണ്. പത്ത് മാസം തുടര്‍ച്ചയായി വാഹന വില്‍പ്പന ഇന്ത്യയില്‍ കുറയുകയാണ്. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളായ ബിഎസ്എന്‍എല്ലിലും എച്ച്എഎല്ലിലുമൊക്കെ സമരം നടക്കുകയാണ്. പൊതുമേഖലയിലെ പല പ്രമുഖ സ്ഥാപനങ്ങളും സ്വകാര്യവല്ക്കരിക്കാനുള്ള ശ്രമത്തിലാണ്. പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ വാങ്ങാന്‍ ആളില്ല. ഓഹരി വില്‍പനയ്ക്കായി  തീരുമാനിച്ച ലേലത്തില്‍ ആരും പങ്കെടുത്തില്ല. സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്ന കമ്പനികൾആദ്യമായി ചെയ്യുന്നത് ജീവനക്കാരെ പിരിച്ചുവിടുകയും തസ്തികകൾ വെട്ടിച്ചുരുക്കുകയുമാണ്. ഇതു മൂലം അനേകരുടെ തൊഴില്‍ നഷ്ടപ്പെടുകയാണ്. 45 വർഷത്തെ ഏറ്റവും വലിയ തൊഴിലില്ലായ്മ നിരക്കിലൂടെയാണ്   രാജ്യം കടന്നുപോകുന്നത്.

കോര്‍പറേറ്റ് ലോബിക്ക് അനുകൂലമായി നടപ്പാക്കിയ നയ തീരുമാനങ്ങളും, നീതിരഹിതമായ മത്സരരീതികളും മൂലം  ഇന്ത്യന്‍ ടെലികോം മേഖലയും വന്‍ പ്രതിസന്ധിയിലാണ്.. ഇപ്പോള്‍ ഉപഭോക്താക്കള്‍ക്ക് ഇരുട്ടടിയുമായി ടെലികോം കമ്പനികള്‍. മൊബൈല്‍ കോള്‍. ഇന്റര്‍നെറ്റ് നിരക്കുകള്‍ 42 ശതമാനം വരെ വര്‍ദ്ധിപ്പിച്ചിരിക്കുകയാണ് . ടെലികോം കമ്പനികളുടെ നഷ്ടവും കടബാധ്യതയും പെരുകിയ പശ്ചാത്തലത്തിലാണ് മൊബൈല്‍ കോള്‍, ഇന്റര്‍നെറ്റ് സേവന നിരക്കുകള്‍ വര്‍ധിപ്പിക്കുന്നത് എന്ന ന്യായവും. ഇന്ത്യന്‍ ടെലികോം മേഖലയില്‍ പ്രതിസന്ധി കനക്കുന്ന സാഹചര്യത്തില്‍ ലോകത്തിലെ രണ്ടാമത്തെ വലിയ ടെലികോം കമ്പനിയായ വോഡാഫോണ്‍ രാജ്യം വിടാനൊരുങ്ങുന്നെന്ന റിപ്പോര്‍ട്ടുകളും പുറത്തു വരുന്നു. ഇന്ത്യയുടെ വിദേശനിക്ഷേപ പദ്ധതികള്‍ക്ക് ഇത്തരം പിന്മാറ്റങ്ങള്‍   കനത്ത തിരിച്ചടിയായി  മാറിയേക്കാം. ഇന്ത്യയിലേക്കുള്ള നേരിട്ടുള്ള വിദേശ നിക്ഷേപത്തിലും കാര്യമായ കുറവ് ഉണ്ടായേക്കും.

രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി  മറികടക്കാന്‍ കൂടുതല്‍ സാമ്പത്തിക ഉത്തേജന നടപടികളും ഇളവുകളും പ്രഖ്യാപിച്ചേക്കുമെന്ന് സൂചനയുണ്ട്.പ്രതിപക്ഷവും സംസ്ഥാന സര്‍ക്കാരുകളും സാമ്പത്തിക പ്രതിസന്ധിക്ക് കേന്ദ്ര സര്‍ക്കാരിനെതിരെ തിരിഞ്ഞിരിക്കുകയാണ്. ബാങ്കുകളെയും ഇതര ധനകാര്യ സ്ഥാപനങ്ങളെയും പങ്കെടുപ്പിച്ചു ഡല്‍ഹിയില്‍ ചേര്‍ന്ന പൊതുമേഖല ബാങ്ക് മേധാവികളുടെ യോഗത്തില്‍ കൂടുതല്‍ വായ്പകള്‍ നല്‍കാന്‍ കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ ആവശ്യപ്പെട്ടു. ഇനിയുള്ള സര്‍ജിക്കല്‍ സ്‌ട്രൈക്ക് സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാന്‍വേണ്ടിയല്ലെങ്കില്‍ രാജ്യം കടുത്ത മാന്ദ്യത്തിലെക്കായിരിക്കും നീങ്ങുന്നത്.

വാല്ക്കഷണം: രാജ്യത്ത് ഭഷ്യ വസ്തുക്കളുടെയും  ,സേവനങ്ങളുടെയും  വില വര്‍ധിച്ചുകൊണ്ടേയിരിക്കുകയാണ്. സവാളയുടെ വിലയാണ് ഇപ്പോള്‍ കരയിപ്പിക്കുന്നത്.  കുറെ നാലുകളായി വില കുറയുന്ന ഓരേയൊരു സാധനം ഇന്ത്യൻ രൂപയാണ്