ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയില്‍ ഭീകരാക്രമണം: 42 ജവാന്മാര്‍ക്ക് വീരമൃത്യു; ലോകരാഷ്ട്രങ്ങള്‍ അപലപിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയിലെ അവന്തിപോരയില്‍ സി ആര്‍ പി എഫിന്റെ വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം. 42 ജവാന്മാര്‍ വീരമൃത്യു വരിച്ചു. ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും. പരിശീലനം കഴിഞ്ഞ് ജമ്മു-ശ്രീനഗര്‍ ദേശീയപാതയിലൂടെ മടങ്ങുകയായിരുന്ന സൈനികരുടെ വാഹനവ്യൂഹത്തിനു നേര്‍ക്കാണ് ആക്രമണമുണ്ടായത്. സ്‌ഫോടക വസ്തുക്കള്‍ ഘടിപ്പിച്ച കാര്‍ സൈനികവാഹനവ്യൂഹത്തിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നു.

വ്യാഴാഴ്ച പുലർച്ചെ മൂന്നരയോടെയാണ് സിആർപിഎഫ് ജവാന്മാരുടെ ആ സംഘം ജമ്മുവിൽ നിന്നു പുറപ്പെട്ടത്. ഭൂരിപക്ഷം പേരും അവധിക്കു ശേഷം തിരികെ ജോലിയിലേക്കു പ്രവേശിക്കാനുള്ള യാത്രയിലായിരുന്നു. റോഡിലെ പ്രതിബന്ധങ്ങൾ മാറ്റാനും ഭീകരാക്രമണത്തെ പ്രതിരോധിക്കാനും പ്രത്യേക സംഘങ്ങൾ വാഹനവ്യൂഹത്തിനൊപ്പമുണ്ടായിരുന്നു. 39-44 ജവാന്മാരുണ്ടായിരുന്ന സൈനിക വാഹനത്തിലേക്കാണു ജയ്ഷെ ഭീകരൻ സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം ഇടിച്ചു കയറ്റിയത്. 10-12 കിലോമീറ്റർ ദൂരേക്കു വരെ സ്ഫോടനത്തിന്റെ ശബ്ദം കേട്ടതായി പ്രദേശ വാസികൾ പറയുന്നു. സ്ഫോടനത്തിൽ തകർന്ന ബസ് ഒരു ഇരുമ്പുകൂമ്പാരമായ അവസ്ഥയായിരുന്നു. സമീപത്തെ കടക്കാരെല്ലാം ഓടിരക്ഷപ്പെട്ടു.

അത്യുഗ്രശേഷിയുള്ള സ്ഫോടകവസ്തുക്കളാണ് ഉപയോഗിച്ചതെന്നാണ് വിവരം. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാകിസ്താന്‍ ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് ഏറ്റെടുത്തു. പരിക്കേറ്റവരെ ശ്രീനഗറിലെ സൈനിക ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇവരില്‍ പതിനഞ്ചുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എഴുപത് വാഹനങ്ങളാണ് സൈനികരുടെ വാഹനവ്യൂഹത്തിലുണ്ടായിരുന്നത്. ഇതില്‍ സൈനികര്‍ സഞ്ചരിച്ച രണ്ട് ബസുകളാണ് ഭീകരവാദികള്‍ ഉന്നംവെച്ചത്. ജമ്മു കശ്മീർ നിയമസഭയ്ക്കു നേരെ 2001ലുണ്ടായ കാർ ബോംബ് ആക്രമണത്തിനു ശേഷം താഴ്‌വരയിൽ ഇതാദ്യമായാണ് ഇത്തരമൊരു ചാവേറാക്രമണം. അന്നു മൂന്നു ചാവേറുകളടക്കം 41 പേരാണു മരിച്ചത്.

പാക്കിസ്ഥാന് ഇന്ത്യയുടെ താക്കീത്. ലോകരാഷ്ട്രങ്ങള്‍ അപലപിച്ചു

ന്യൂഡൽഹി∙ സിആർപിഎഫ് ജവാൻമാരുടെ മരണത്തിനിടയാക്കിയ പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാനു ശക്തമായ താക്കീതുമായി ഇന്ത്യ. ഭീകരര്‍ക്കുള്ള പിന്തുണ നിര്‍ത്താന്‍ പാക്കിസ്ഥാന്‍ തയ്യാറാകണമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ആക്രമണത്തിനു പിന്നാലെ ഡൽഹിയിൽ നിർണായക ചർച്ചകൾ ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങുമായുമായും ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും ചര്‍ച്ച നടത്തി. ആഭ്യന്തരസെക്രട്ടറി രാജീവ് ഗൗബ ഭൂട്ടാന്‍ സന്ദര്‍ശനം വെട്ടിച്ചുരുക്കി ഡല്‍ഹിയിലേക്കു തിരിച്ചു. ആഭ്യന്തരമന്ത്രി ഐബി, റോ മേധാവികളെ കണ്ടു. ആക്രമണത്തിനു പിന്നാലെ തെക്കൻ കശ്മീരിലെ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി. അതേസമയം ഭീകരാക്രമണത്തെ അപലപിച്ചു ലോകരാഷ്ട്രങ്ങള്‍ രംഗത്തെത്തി.

ഭീകരതയെ നേരിടാന്‍ ഇന്ത്യയ്ക്കൊപ്പം ഉറച്ചുനില്‍ക്കുമെന്ന് യുഎസ് സ്ഥാനപതി കെന്നത് ജസ്റ്റര്‍ അറിയിച്ചു. പൈശാചികമെന്നായിരുന്നു ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയുടെ പ്രതികരണം. ഫ്രാന്‍സ്, ബ്രിട്ടന്‍, നേപ്പാള്‍, റഷ്യ, ഭൂട്ടാൻ, മാലദ്വീപ് എന്നീ രാജ്യങ്ങളും ഇന്ത്യയ്ക്കു പിന്തുണയുമായി രംഗത്തെത്തി.

ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രിയങ്ക വാര്‍ത്താസമ്മേളനം റദ്ദാക്കി

ലഖ്‌നൗ: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി ലഖ്‌നൗവില്‍ നടത്താനിരുന്ന വാര്‍ത്താ സമ്മേളനം പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ റദ്ദാക്കി. രാഷ്ട്രീയ വിഷയങ്ങള്‍ സംസാരിക്കാനാണ് വാര്‍ത്താ സമ്മേളനം വിളിച്ചുചേര്‍ത്തതെന്ന് അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍, രാജ്യത്തെ ജവാന്മാര്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സാഹചര്യത്തില്‍ രാഷ്ട്രീയം പറയുന്നത് ശരിയല്ല. രാജ്യം മുഴുവന്‍ ഈ അവസരത്തില്‍ വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബങ്ങള്‍ക്കൊപ്പമാണ്. ജവാന്മാരോടുള്ള ആദര സൂചകമായി രണ്ടു മിനിറ്റ് മൗനം പാലിക്കാന്‍ എല്ലാവരോടും അഭ്യര്‍ഥിക്കുന്നുവെന്നും അവര്‍ വാര്‍ത്താ സമ്മേളനത്തിനെത്തിയ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു