രാമേട്ടന് സിഡ്നി വിട ചൊല്ലി

സിഡ്നി; ജനുവരി 31 നു അന്തരിച്ച സിഡ്‌നിയുടെ സാംസ്‌കാരിക നായകൻ മലയാളികൾ സ്നേഹപൂർവ്വം രാമേട്ടൻ എന്നു വിളിച്ചിരുന്ന രാമൻ കൃഷ്ണയ്യരുടെ ഭൗതികശരീരം ഫെബ്രുവരി 8 വെള്ളിയാഴ്ച സമൂഹത്തിന്റെ വിവിധ തുറകളിൽ നീന്നെത്തിയ വലിയ ജനാവലിയുടെ സാന്നിധ്യത്തിൽ കാസിൽബ്രുക് ക്രീമിറ്റോറിയത്തിൽ സംസ്കരിച്ചു.അവസാനമായി ഒരുനോക്കു കാണുവാനും അന്തിമോപചാരം അർപ്പിക്കുവാനും പ്രവർത്തിദിനമായിരുന്നിട്ടുകൂടി വലിയൊരു ജനസമൂഹമാണ് കാസിൽബ്രുക് മെമ്മോറിയൽ പാർക്കിൽ എത്തിച്ചേർന്നത്.

 

ജനുവരി 24 നു കിങ്‌സ് ലാൻങ്ങിലിയിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അദ്ദേഹം ജീവൻ രക്ഷാഉപകരണങ്ങളുടെ സഹായത്തോടെ ജീവൻ നിലനിർത്തിയിരുന്നുവെങ്കിലും ജനുവരി 31 നു ഹൃദയസ്‌തംഭനം മൂലം മരണത്തിനു കീഴടങ്ങുകയായിരുന്നു.കഴിഞ്ഞ നാലര പതിറ്റാണ്ടായി സിഡ്‌നി മലയാളി സമൂഹത്തിന്റെ കലാസാംസ്‌കാരിക സാമൂഹിക സേവന പ്രവർത്തനങ്ങളിൽ ഊർജ്ജസ്വലനായി പ്രവർത്തിച്ചിരുന്ന അദ്ദേഹത്തിന്റെ വേർപാട് സിഡ്‌നി മലയാളികളെ ആകെ കണ്ണീ രിലാഴ്ത്തി.അദ്ദേഹത്തിന്റെ എൺപതാം പിറന്നാൾ അടുത്തസമയത്തു ബന്ധുക്കളും സ്നേഹിതരും ചേർന്ന് സമുചിതമായി ആഘോഷിച്ചിരുന്നു.

 

1938 സെപ്റ്റംബർ 5 നു തൃശൂരിലാണ് അദ്ദേഹം ജനിച്ചത് കൃഷ്ണയ്യരും ലക്ഷ്മിയമ്മയുമായിരുന്നു മാതാപിതാക്കൾ . തൃശൂർ വിവോകോദയം സ്‌കൂൾ ,മുണ്ടത്തിക്കോട് NSS ഹൈസ്കൂൾ എന്നിവിടങ്ങളിൽ നിന്ന് സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം കേരളവർമ്മ കോളേജിൽ നിന്ന് രസതന്ത്രം ഐച്ഛിക വിഷയമായി ബിരുദപഠനം പൂർത്തിയാക്കി. തുടർന്ന് ബോംബെയിലേക്ക് പോയ അദ്ദേഹം ടൈംസ് ഓഫ് ഇന്ത്യയിൽ ജോലിയിൽ പ്രവേശിച്ചു.1960 മുതൽ 1970 ബോംബെയിലും70 മുതൽ 74 വരെ മദ്രാസിലുമായി ടൈംസ് ഇന്ത്യയിൽ പത്ര പ്രവർത്തനത്തിന്റെ വിവിധ മേഖലകളിൽി ജോലി ചെയ്തു. പത്രപ്രവർത്തന രംഗത്തെ അതികായകന്മാരായ B G വർഗീസ് ,ഖുശ്വന്ത് സിംഗ് ,R K ലക്ഷ്മൺ തുടങ്ങിയവരോടൊത്തു പ്രവർത്തിക്കുവാനും സാധിച്ചു.

 

1974 ൽ സിഡ്നിയിലെത്തിയ അദ്ദേഹം എൻസൈക്ലോപീഡിയ ബ്രിട്ടാനിക്കയിൽ സെയിൽസ് റെപ്രെസെന്ററ്റീവ് ആയി ഔദ്യോഗിക ജീവിതം തുടങ്ങി.തുടർന്ന് ലൈബ്രറി സയൻസിൽ ഉന്നത പഠനം നടത്തുകയും മക്വയറി യൂണിവേഴ്സിറ്റിയിൽ ലൈബ്രേറിയനായി പ്രവർത്തിക്കുകയും ചെയ്തു . 22 വര്ഷത്തെ സേവനത്തിനുശേഷം ചീഫ് ലൈബ്രറിയാനായി വിരമിച്ചു.സിഡ്നി മലയാളികള്‍ക്കിടയില്‍ രാമേട്ടന്‍ എന്ന് അറിയപ്പെട്ടിരുന്ന അദ്ദേഹം, സംഗീത രംഗത്തും സാഹിത്യ സാംസ്‌കാരിക രംഗത്തുമെല്ലാം നിറസാന്നിദ്ധ്യമായിരുന്നു. ഓസ്ട്രേലിയയിലെ ഏറ്റവും പഴയ മലയാളി അസ്സോസിയേഷനായ സിഡ്നി മലയാളി അസോസിയേഷന്റെ സ്ഥാപക നേതാക്കളിലൊരാളും ആദ്യ സെക്രട്ടറിയുമായിരുന്നു അദ്ദേഹം.കൂടാതെ ഓസിൻഡ് കെയർ ,ബാലകൈരളി ,ഇൻഡോസ് റിഥം ,സിഡ്‌നി മ്യൂസിക് സർക്കിൾ ,സിഡ്നി ആര്ട്ട് ലവേഴ്സ് , IOZ ഇവെന്റ്സ്,ആർട് കളക്റ്റീവ് ,കേരള ഫ്രണ്ട്‌സ് ക്ലെബ് തുടങ്ങി നിരവിധി പ്രസ്ഥാന ങ്ങളുടെ ഗുരുവും ,സുഹൃത്തും വഴികാട്ടിയുമായിരുന്നു.മലയാളി പത്രം,മെട്രാ മലയാളം,ദി ഇന്ത്യൻ സൺ ,ഇന്ത്യ ഡൗൺഅണ്ടർ എന്നീ മാധ്യമങ്ങളിൽ കോളങ്ങൾ കൈകാര്യം ചെയ്തിരുന്ന അദ്ദേഹം സിഡ്‌നിയിൽ നിന്നു പ്രസിദ്ധീകരിക്കുന്ന വാർഷിക പ്രസിദ്ധീകരണമായ കേരള നാദത്തിന്റെ ആദ്യകാല പത്രാധിപ സമിതി അംഗവുമായിരുന്നു.സാമൂഹിക സേവനരംഗത്തെ പ്രവർത്തങ്ങളുടെ അംഗീകാരമായി യുണൈറ്റഡ് ഇന്ത്യൻ അസോസിയേഷൻ ,സിഡ്‌നി മലയാളി അസോസിയേഷൻ ,മെട്രോ മലയാളം എന്നിവർ അവാർഡ് നൽകി ആദരിച്ചിരുന്നു.സിഡ്‌നിയിലെ കലാസാംസ്‌കാരിക പ്രവർത്തങ്ങളിൽ അദ്ദേഹത്തിന്റെ സേവനങ്ങളെ മാനിച്ചു സിഡ്‌നി ആർട് ലവ്വേഴ്‌സും പുരസ്കാരം നൽകി ആദരിച്ചിരുന്നു. വർഷം തോറും ബാലകൈരളി മലയാളം വിദ്യലയത്തിൽ നടക്കുന്ന വിദ്യാരംഭ ചടങ്ങുകളിലെ നിറസാന്നിധ്യമായി കുരുന്നുകൾക്ക് കുരുന്നുകൾക്ക് അദ്യക്ഷരവും അദ്ദേഹം കുറിച്ചുനൽകി.

 

ടൈംസ് ഓഫ് ഇന്ത്യ പത്രത്തില്‍ മാധ്യമപ്രവര്‍ത്തകനായി ബോംബെയില്‍ പ്രവര്‍ത്തിച്ചു സമയത്തു ഇന്ത്യന്‍ സംഗീതരംഗത്തെ കുലപതികളുമായി അടുത്ത് ഇടപഴകുവാൻ അദ്ദേഹത്തിന് അവസരം ലഭിച്ചു.മുഹമ്മദ് റാഫി ,കിഷോർ കുമാർ എം എസ് സുബ്ബലക്ഷ്മി,ലതാ മങ്കേഷ്‌കർ , യേശുദാസ് മുതലായ സംഗീത പ്രതിഭകളുമായി അടുത്ത സൗഹൃദം പുലർത്തിയിരുന്ന അദ്ദേഹം ക്രിക്കറ്റിലെ ഇതിഹാസതാരമായ മായ സർ ഡോൺ ബ്രാഡ്മാനുമായും അടുത്ത വ്യക്തിബന്ധം കാത്തുസൂക്ഷിച്ചിരുന്നു .കൂടാതെ കെ.സ് ചിത്ര,ശോഭന തുടങ്ങി കലാ-സംഗീത രംഗത്തെ യുവപ്രതിഭകളുമായി വരെ ഗാഢമായ വ്യക്തിബന്ധം അദ്ദേഹം പുലർത്തിയിരുന്നു.അദ്ദേഹത്തിന്റെ എൺപതാം പിറന്നാളിന് യേശുദാസ് ,K .S ചിത്ര ,ശോഭന എന്നിവർ അയച്ച വീഡിയോ സന്ദേശങ്ങൾ അതിനു നേർ സാക്ഷ്യമായി നിൽക്കുന്നു.സാഹസിതയും സ്പോർട്സുമൊക്കെ ജീവിതത്തിന്റെ ഭാഗമാക്കിയിരുന്ന അദ്ദേഹം സഹധർമ്മിണിയോടൊപ്പം പ്രസിദ്ധമായ സിഡ്‌നി ഹാർബർ ബ്രിഡ്ജിന്റെ അർച്ചിനുമുകളിലൂടെ കയറി മറുകരെയെത്തിയ അപൂർവം സാഹസികരായ മലയാളികളിലൊരാണ് .അദ്ദേഹത്തോടൊപ്പം പരിക്കേറ്റ ഭാര്യ ജയാരാമൻ ആശുപത്രിയിൽ സുഖം പ്രാപിച്ചു വരുന്നു.മായാരാമൻ ഏക മകളാണ് . അദ്ദേഹത്തെ ക്കുറിച്ചു തയാറാക്കിയ ഡോക്യൂമെന്ററിയുടെ സംക്ഷിപ്ത രൂപം താഴെയുള്ള ലിങ്കിൽ കാണാവുന്നതാണ്.

 

വാര്‍ത്ത : ജെയിംസ്‌ ചാക്കോ