യുക്രൈൻ ആശുപത്രിയിൽ റഷ്യൻ ആക്രമണം: കുഞ്ഞുങ്ങൾ കൂട്ടക്കുരുതി ചെയ്യപ്പെടുന്ന കാഴ്ച ഹൃദയഭേദകമാണെന്ന് മോദി.

യുക്രൈൻ ആശുപത്രിയിൽ റഷ്യൻ ആക്രമണം: കുഞ്ഞുങ്ങൾ കൂട്ടക്കുരുതി ചെയ്യപ്പെടുന്ന കാഴ്ച ഹൃദയഭേദകമാണെന്ന് മോദി.

കീവ്: ഒഖ്മദിത് കുട്ടികളുടെ ആശുപത്രിക്കു നേരെ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 41 ആയി. മിസൈൽ നേരിട്ടു പതിച്ചാണ് ആശുപത്രിയുടെ 4 കെട്ടിടങ്ങൾ തകർന്നതെന്ന് യുഎൻ മനുഷ്യാവകാശ നിരീക്ഷണ സംഘം അറിയിച്ചു. യുക്രെയ്നിന്റെ മിസൈൽവേധ റോക്കറ്റ് ദിശതെറ്റി പതിച്ചാണ് ആശുപത്രി തകർന്നതെന്നായിരുന്നു റഷ്യയുടെ അവകാശവാദം. തിങ്കളാഴ്ചയാണ് കുട്ടികളുടെ ആശുപത്രിക്കു നേരെ മിസൈൽ ആക്രമണമുണ്ടായത്. ഇതേസമയം, ഡോണെറ്റ്സ്ക് മേഖലയിൽ റഷ്യ മുന്നേറ്റം തുടരുകയാണ്. യസ്നോബ്രോഡിവ്ക ഗ്രാമം പിടിച്ചതായി റഷ്യ അവകാശപ്പെട്ടു. റഷ്യ യുക്രൈൻ യുദ്ധം ആരംഭിച്ചിട്ട് ഇന്നലെ 865 ദിവസം പിന്നിട്ടു.

അതിനിടെ റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കൂടിക്കാഴ്ച നടത്തിയതിന് വിമർശനവുമായി യുക്രൈൻ പ്രസിഡന്‍റ് വ്ളോഡിമിർ സെലൻസ്കി രംഗത്ത് വന്നു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ നേതാവ് കുറ്റവാളിയെ കാണുന്നു, നരേന്ദ്ര മോദിയുടെ സന്ദർശനം ഏറെ നിരാശയുണ്ടാക്കിയെന്നും സമാധാനശ്രമങ്ങൾക്ക് കനത്ത തിരിച്ചടിയാണെന്നും സെലൻസ്കി എക്‌സിൽ പ്രതികരിച്ചു.

ഇന്ത്യ-റഷ്യ ഉച്ചകോടിക്കിടെ യുക്രെയ്ൻ യുദ്ധം പ്രധാനമന്ത്രി നരേന്ദ്രമോദി ചർച്ചയാക്കി. സമാധാനം പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പുടിനുമായി മോദി സംസാരിച്ചു. യുദ്ധമോ, സംഘർഷമോ, ഭീകരാക്രമണമോ എന്തുമാകട്ടെ.. മനുഷ്യത്വത്തിൽ വിശ്വസിക്കുന്ന ഏതൊരാൾക്കും ആളുകളുടെ ജീവൻ നഷ്ടപ്പെട്ടാൽ വേദനിക്കും. നിഷ്കളങ്കരായ കുട്ടികൾ കൊല്ലപ്പെടുമ്പോൾ, അവരുടെ മരണത്തിന് സാക്ഷ്യം വഹിക്കേണ്ടി വരുന്നത് ഹൃദയഭേദകമാണ്. ആ വേദന പറഞ്ഞറിയിക്കാൻ കഴിയുന്നതിലും അപ്പുറമാണ്. ഇക്കാര്യത്തിൽ പുടിനുമായി വിശദമായ ചർച്ചയാണ് നടത്താൻ സാധിച്ചത്. സമാധാനം പുനഃസ്ഥാപിക്കുന്നതിന് വേണ്ടി ഏതുതരത്തിൽ സ​ഹകരിക്കാനും ഇന്ത്യ തയ്യാറാണ്. സമാധാനത്തിനോടൊപ്പമാണ് ഭാരതം നിലകൊള്ളുന്നതെന്ന് ഈ ലോകത്തോടും റഷ്യയോടും ഊന്നിപ്പറയാൻ ഇന്ത്യ ആ​ഗ്രഹിക്കുന്നു. സമാധാന ചർച്ചയെക്കുറിച്ച് ഇന്നലെ പുടിൻ പറഞ്ഞ വാക്കുകൾ പ്രതീക്ഷ നൽകുന്നതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. വരും തലമുറകളുടെ നല്ല ഭാവിക്കായി സമാധാനം പുലർത്തേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ഒരു സുഹൃത്തെന്ന നിലയിൽ ചൂണ്ടിക്കാട്ടാൻ താൻ ആ​ഗ്രഹിക്കുന്നതായി മോദി പറഞ്ഞു.

കഴിഞ്ഞ 40-50 വർഷമായി ഭീകരവാദത്തെ വളരെ രൂക്ഷമായി നേരിടേണ്ടി വന്ന രാജ്യമാണ് ഇന്ത്യ. ഭീകരവാദത്തിന്റെ ഏറ്റവും ക്രൂരവും ഭീതിതവുമായ മുഖത്തെ ഇന്ത്യ കണ്ടുകഴിഞ്ഞു. അതുകൊണ്ട് തന്നെ മോസ്കോയിൽ ഭീകരാക്രമണങ്ങൾ ന‍ടക്കുമ്പോൾ ഡജസ്താനിൽ ഭീകരപ്രവർത്തനങ്ങൾ കാണുമ്പോൾ അത് എത്രമാത്രം റഷ്യൻ ഭരണകൂടത്തെ വേദനപ്പെടുത്തുമെന്ന് തനിക്ക് ഊഹിക്കാൻ കഴിയും. എല്ലാതരത്തിലുള്ള ഭീകരാക്രമണത്തെയും ശക്തമായി അപലിപിക്കുന്നുവെന്നും മോദി അസന്നി​ഗ്ധമായി വ്യക്തമാക്കി.

പരമോന്നത സിവിലിയൻ ബഹുമതി പുടിൻ മോദിക്ക് സമ്മാനിച്ചു. റഷ്യയിൽ 2 ഇന്ത്യൻ കോൺസുലേറ്റ് കൂടി തുറക്കും.