നരേന്ദ്രമോദി മോസ്കോയിൽ; റഷ്യൻ സൈന്യം ​ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിച്ചു.

നരേന്ദ്രമോദി മോസ്കോയിൽ; റഷ്യൻ സൈന്യം ​ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിച്ചു.

മോസ്കോ: ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യയിൽ എത്തി. മോസ്കോയിലെ വ്‌നുക്കോവോ-II അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തിയ മോദിയെ റഷ്യൻ ഉപപ്രധാനമന്ത്രി ഡെനിസ് മാന്റുറോവ് സ്വീകരിച്ചു. റഷ്യയും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢമാക്കാനാണ് ഈ സന്ദർശനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു. റഷ്യൻ പ്രസിഡന്റെ വ്ലാഡിമിർ പുടിന്റെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി റഷ്യയിലെത്തിയത്. റഷ്യ-യുകെയ്ൻ യുദ്ധം ഉടലെടുത്തതിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ സന്ദർശനമാണിത്. 22-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും.

പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി. തുടർച്ചയായി മൂന്നാമതും അധികാരത്തിലെത്തിയ നരേന്ദ്രമോദിയെ അഭിനന്ദിച്ച പുടിൻ, തന്റെ അടുത്ത സുഹൃത്താണ് മോദിയെന്ന് വിശേഷിപ്പിച്ചു. മോസ്കോയിലെ പുടിന്റെ വസതിയിൽ (Novo-Ogaryovo) വച്ചാണ് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തിയത്. നരേന്ദ്രമോദിയുടെ അധ്വാനത്തിന്റെ ഫലമാണ് മൂന്നാമതും പ്രധാനമന്ത്രി പദത്തിലെത്താൻ കാരണമെന്നും റഷ്യൻ പ്രസിഡന്റ് പ്രശംസിച്ചു.

മൂന്നാം വട്ടം ഇന്ത്യയുടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള നരേന്ദ്ര മോദിയുടെ റഷ്യൻ സന്ദർശനത്തിൽ ഇന്ത്യക്ക് പ്രതീക്ഷകളേറെയാണ്. ഇന്ത്യ – റഷ്യ വാർഷിക ഉച്ചകോടിയാണ് മോദിയുടെ റഷ്യൻ സന്ദർശനത്തിലെ പ്രധാന അജണ്ട. ഷ്യ യുക്രയിൻ സംഘർഷമടക്കമുള്ള ലോക കാര്യങ്ങളടക്കം ഉച്ചകോടിയിൽ ചർച്ചയാകും. ഇന്ത്യ – റഷ്യ വ്യാപാര സഹകരണം ശക്തമാക്കുന്നതിനുള്ള തീരുമാനവും ഉച്ചകോടിയിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഇന്ത്യ – റഷ്യ വാർഷിക ഉച്ചകോടിക്ക് ശേഷം പ്രധാനമന്ത്രി ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയിലേക്ക് പോകും. നാല് പതിറ്റാണ്ടിന് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഓസ്ട്രിയയിലെത്തുന്നത്. ഓസ്ട്രിയൻ പ്രസിഡന്‍റ്, ചാൻസലർ എന്നിവരുമായി ചർച്ച നടത്തുന്ന മോദി വിയന്നയിലും ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യും.