
കാൻബെറ: ഓസ്‌ട്രേലിയയിലെ പാർലമെന്റ് ഹൗസിന് മുകളിൽ കയറി പലസ്തീൻ അനുകൂലികളുടെ പ്രതിഷേധം. കറുത്ത നിറത്തിലുള്ള വസ്ത്രം ധരിച്ച നാലുപേരാണ് പാർലമെന്റിന് മുകളിൽ കയറിയത്. നാലു പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിഷേധക്കാരിൽ ഒരാൾ മൈക്കിലൂടെ പാലസ്തീന് അനുകൂലമായും, ഇസ്രായേലിനെതിരെയും പ്രസംഗിക്കുകയും ചെയ്തിരുന്നു. പലസ്തീൻ സ്വതന്ത്രമാക്കണമെന്നും പ്രതിഷേധം തുടരുമെന്നുമുള്ള മുദ്രാവാക്യങ്ങളാണ് ഇവർ മുഴക്കിയത്. സംഭവത്തിൽ സുരക്ഷാവീഴ്ച ചൂണ്ടിക്കാട്ടി പ്രതിപക്ഷ ആഭ്യന്തരകാര്യ വക്താവ് ജെയിംസ് പാറ്റേഴ്സൺ വിഷയത്തിൽ സമൂഹ മാദ്ധ്യമമായ എക്‌സിലൂടെ പ്രതികരിച്ചു. ഇത് പാർലമെന്റിന്റെ സുരക്ഷയിൽ സംഭവിച്ച ഗുരുതരമായ വീഴ്ചയാണ്. ഇതുപോലുള്ള അതിക്രമങ്ങൾ തടയാനാണ് വൻ തുക ചെലവഴിച്ച് കെട്ടിടം പരിഷ്കരിച്ചത്. സംഭവത്തിൽ അന്വേഷണം ആവശ്യമാണ് എന്നും അദ്ദേഹം പ്രതികരിച്ചു.