
ന്യൂഡൽഹി: ഓസ്‌ട്രേലിയയുടെ ഉപ പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ റിച്ചാർഡ് മാർലെസുമായി കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ചർച്ച നടത്തി. ഫോണിലൂടെയാണ് ഇരു നേതാക്കളും ചർച്ച നടത്തിയത്. പ്രതിരോധ സഹകരണവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ അവലോകനം ചെയ്തതായും ഇൻഡോ- പസഫിക് മേഖലയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തെക്കുറിച്ചും ചർച്ച നടത്തിയതായും പ്രതിരോധമന്ത്രി ട്വീറ്റിൽ പറഞ്ഞു. രണ്ടാം തവണയും പ്രതിരോധ മന്ത്രിയായി ചുമതലയേറ്റ രാജ്‌നാഥ് സിങിന് റിച്ചാർഡ് മാർലെസ് ആശംസയറിയിച്ചു. ഇന്ത്യൻ ജനാധിപത്യ സംവിധാനത്തെ പ്രകീർത്തിച്ച അദ്ദേഹം ടി- 20 ലോകകപ്പിൽ ഇന്ത്യയുടെ വിജയത്തെയും അഭിനന്ദിച്ചു.
ഓസ്‌ട്രേലിയയുമായുള്ള തന്ത്രപ്രധാന പങ്കാളിത്തത്തിന് ഇന്ത്യ വളരെ അധികം മൂല്യം നൽകുന്നെന്നും രാജ്‌നാഥ് സിംഗ് ചർച്ചയ്‌ക്കിടെ അഭിപ്രായപ്പെട്ടു. ഓസ്‌ട്രേലിയ ഇന്ത്യയെ ഒരു മികച്ച സുരക്ഷാ പങ്കാളിയായാണ് കാണുന്നതെന്നും മാർലെസ് സംഭാഷണത്തിനിടെ അഭിപ്രായപ്പെട്ടു.