
ഭൂമി സൂര്യനെ വലയം വയ്‌ക്കുന്ന അതേ പാതയിൽ സമാന്തരമായി മറ്റൊരു ഛിന്നഗ്രഹം വലം വയ്‌ക്കുന്നുവെന്ന് കണ്ടെത്തൽ. ഭൂമിയെ ചുറ്റുന്നതും ഗുരുത്വാകർഷണത്താൽ സൂര്യനുമായി ബന്ധിക്കപ്പെട്ടിരിക്കുന്ന ഒരു ബഹിരാകാശ പാറ (space rock) ആണിത്. ‘അർദ്ധ ചന്ദ്രൻ’ അല്ലെങ്കിൽ ‘അർദ്ധ-ഉപഗ്രഹം’ (quasi-satellite) എന്നാണ് ഇതിനെ ശാസ്ത്രജ്ഞര്‍ പറയുന്നത്. 2023 എഫ്‌ഡബ്ല്യു 13 (2023 FW13) എന്നാണ് ശാസ്ത്രജ്ഞർ ഇതിന് പേരിട്ടിരിക്കുന്നത്. ഏകദേശം 50 അടി (15 മീറ്റർ) വ്യാസമുള്ള ഛിന്നഗ്രഹം ഭൂമിയിൽ നിന്ന് ഏകദേശം ഒൻപത് ദശലക്ഷം മൈൽ (14 ദശലക്ഷം കിലോമീറ്റർ) അകലെയാണ് സ്ഥിതി ചെയ്യുന്നത്. Pan-STARRS സർവേ ദൂരദർശിനി ഉപയോഗിച്ചാണ് ശാസ്ത്രജ്ഞർ ഛിന്നഗ്രഹത്തെ കണ്ടെത്തിയത്. ഹവായിയൻ ദ്വീപായ മൗയിയിലെ നിർജീവമായ അഗ്നിപർവതമായ ഹലേകാലയുടെ മുകളിലാണ് ദൂരദർശിനി സ്ഥാപിച്ചത്.
സൗരയൂഥത്തിൽ ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടുള്ള ചുരുക്കം ചില ചെറുഗ്രഹങ്ങളിൽ ഒന്നാണിത്. ഈ ചെറുഗ്രഹം ബിസി 100 മുതൽ ഭൂമിക്കടുത്ത് ഉണ്ടെന്നും എഡി 3700 വരെ കുറഞ്ഞത് 1,500 വർഷമെങ്കിലും ഭൂമിക്കു ചുറ്റും അതിന്റെ ഭ്രമണം തുടരുമെന്നും ശാസ്ത്രജ്ഞർ പറയുന്നു. ഭൂമിയുടെ സമാനമായ സമയപരിധിയിലാണ് ഈ ഛിന്നഗ്രഹവും സൂര്യനെ വലം വയ്‌ക്കുന്നത്. ഭൂമിയുടെ ഗുരുത്വാകർഷണം ഛിന്നഗ്രഹത്തെ സ്വാധീനിക്കുന്നുണ്ട്. ഇൻ്റർനാഷണൽ അസ്ട്രോണമിക്കൽ യൂണിയനിലെ മൈനർ പ്ലാനറ്റ് സെൻ്റർ ഈ ഛിന്നഗ്രഹത്തെ ഔദ്യോഗികമായി പട്ടികയിൽ പെടുത്തിയിട്ടുണ്ട്.