
ഹാഥ്‌റസ്: ഉത്തർപ്രദേശിൽ ഹാഥ്‌റസ് ജില്ലയിലെ പുൽറായി ഗ്രാമത്തിൽ പ്രാർഥനായോഗത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും 116 പേർ മരിച്ചു. മരണസംഖ്യ ഇനിയും ഉയർന്നേക്കും. മരിച്ചവരിലധികവും സ്ത്രീകളും കുട്ടികളുമാണ്. പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെ നടന്ന പരിപാടിയിൽ അനുവദിച്ചതിലും അധികം പേർ പങ്കെടുത്തെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഹാഥ്‌റസിലെ സിക്കന്ദർ റൗവിലെ പാടത്താണ് പരിപാടി നടന്നത്. താത്കാലിക പന്തൽ കെട്ടിയാണ് ഭോലെ ബാബ എന്ന് വിളിക്കുന്ന സകർ വിശ്വഹരിയുടെ നേതൃത്വത്തിൽ ഇവിടെ പ്രാർത്ഥന പരിപാടി നടന്നത്. അപകടം നടന്ന സ്ഥലത്ത് ആളുകളുടെ ചെരുപ്പുകൾ, ബാഗുകൾ അടക്കം ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കുകയാണ്. അപകടത്തിൻ്റെ യഥാർത്ഥ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. പരിക്കേറ്റവർ ആറിലധികം ആശുപത്രികളിൽ ചികിത്സയിലാണ്. ദുരന്തത്തിന് പിന്നാലെ പരിപാടിയുടെ മുഖ്യ സംഘാടകനായ ഭോലെ ബാബ ഒളിവിൽ പോയെന്നാണ് വിവരം. ഇയാളെ കണ്ടെത്താനായി അന്വേഷണം തുടരുകയാണ്.
സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാര്‍ജ്ജുൻ ഖര്‍ഗെയും അനുശോചിച്ചു. ദുരന്ത വാര്‍ത്ത പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെൻ്റിൽ തന്റെ പ്രസംഗത്തിനിടെ സൂചിപ്പിച്ചു. കേന്ദ്രസർക്കാർ സംസ്ഥാനവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്വേഷണത്തിന് ഉത്തരവിട്ടു. മരിച്ചവരുടെ കുടുംബങ്ങൾക്കു 2 ലക്ഷം രൂപയും പരുക്കേറ്റവർക്ക് 50,000 രൂപയും സംസ്ഥാന സർക്കാർ സഹായധനം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്കു പ്രധാനമന്ത്രി നരേന്ദ്ര മോദിയും 2 ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രാർഥന യോഗത്തിന്റെ ഒടുവിൽ ആളുകൾ പുറത്തേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് പരുക്കേറ്റവർ പറഞ്ഞു. ആദ്യം വീണവരുടെ മുകളിലേക്ക് പിന്നാലെ എത്തിയവരും വീണതാണ് മരണസംഖ്യ വർധിപ്പിച്ചത്.