അഫ്ഗാനിസ്ഥാനിൽ പാക്കിസ്ഥാന്റെ വ്യോമാക്രമണം; എട്ടുപേർ മരിച്ചു.

അഫ്ഗാനിസ്ഥാനിൽ പാക്കിസ്ഥാന്റെ വ്യോമാക്രമണം; എട്ടുപേർ മരിച്ചു.

കാബൂൾ: അഫ്ഗാനിസ്ഥാൻ അതിർത്തി കടന്ന് പാക്കിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ എട്ടുപേർ മരിച്ചതായി താലിബാൻ. ഞായറാഴ്ച പുലർച്ചെ മൂന്നുമണിയോടെ പാക്കിസ്ഥാൻ വിമാനം പാക്ക് അതിർത്തിക്കു സമീപമുള്ള ഖോസ്ത്, പക്തിക പ്രവിശ്യകളിൽ ബോംബാക്രമണം നടത്തുകയായിരുന്നുവെന്നു താലിബാൻ വക്താവ് സബിഹുല്ലാ മുജാഹിദ് പറഞ്ഞു. ആക്രമണത്തെ അപലപിച്ച താലിബാൻ പാക്കിസ്ഥാന്റെ നടപടി അഫിഗാനിസ്ഥാന്റെ പരമാധികാരത്തിനു നേരെയുള്ള ആക്രമണമാണെന്നും ആരോപിച്ചു.

അടുത്തിടെയായി പാക്കിസ്ഥാനിൽ നടന്ന ഭീകരാക്രമണങ്ങൾക്ക് പിന്നിൽ അഫ്ഗാനിൽനിന്നുള്ള ഭീകരരാണെന്നു പാക്കിസ്ഥാൻ ആരോപിച്ചിരുന്നു. ഇതു താലിബാൻ നിഷേധിക്കുകയും ചെയ്തു. അതിർത്തിയിൽ നടത്തിയ വ്യോമാക്രമണത്തിൽ പാക് താലിബാന്റെ (ടിടിപി) ഉന്നത കമാൻഡർ അബ്ദുള്ള ഷാ കൊല്ലപ്പെട്ടെന്നാണ് പാക് സേന അവകാശപ്പെട്ടത്. കൂടാതെ വസീരിസ്ഥാനിലെ സൈനിക പോസ്റ്റിൽ ആക്രമണം നടത്തിയ 7 ഭീകരരെ വധിച്ചതായും പാക്കിസ്ഥാൻ പരസ്യപ്രസ്താവന നടത്തിയിരുന്നു. എന്നാൽ തങ്ങളുടെ കമാൻഡർ ജീവിച്ചിരിപ്പുണ്ടെന്നും പാക്കിസ്ഥാനിലാണ് താമസിക്കുന്നതെന്നും ടിടിപി പ്രസ്താവന ഇറക്കി. പാക്കിസ്ഥാൻ സ്വന്തം ആളുകളെ ലക്ഷ്യമിട്ടാണ് വ്യോമാക്രമണം നടത്തിയതെന്നും ടിടിപി (തെഹ്‌രീക്-ഇ-താലിബാൻ) പറഞ്ഞു. അഫ്ഗാനിസ്ഥാന്റെ അതിർത്തി പ്രദേശങ്ങളിൽ അഭയം പ്രാപിച്ച അഭയാർഥികളേയാണ് പാക് സേന വ്യോമാക്രമണത്തിൽ ലക്ഷ്യമിട്ടതെന്ന് ടിടിപി പറയുന്നു.