തരൂരിന് എതിരെ രാജീവ് ചന്ദ്രശേഖർ; തൃശൂരിൽ സുരേഷ് ഗോപി തന്നെ, ബി ജെ പി സ്ഥാനാർത്ഥികൾ ഇവർ.

തരൂരിന് എതിരെ രാജീവ് ചന്ദ്രശേഖർ; തൃശൂരിൽ സുരേഷ് ഗോപി തന്നെ, ബി ജെ പി സ്ഥാനാർത്ഥികൾ ഇവർ.

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ബിജെപി പ്രഖ്യാപിച്ചു. 16 സംസ്ഥാനങ്ങളിലെ 195 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥി പട്ടികയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണസിയിലും കേന്ദ്രമന്ത്രി അമിത്ഷാ ​ഗാന്ധിന​ഗറിലും മത്സരിക്കും. കേരളത്തിൽ 12 മണ്ഡലങ്ങളില്‍ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.

തിരുവനന്തപുരത്ത് ശശി തരൂരിനെ നേരിടാൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരെ രംഗത്തിറക്കി. നേരത്തെ ഉയർന്ന ചർച്ചകളിലേതുപോലെ ആറ്റിങ്ങലിൽ വി. മുരളീധരനും തൃശൂരിൽ സുരേഷ് ഗോപിയും സ്ഥാനാർത്ഥികൾ ആയി. എറണാകുളത്ത് മത്സരിക്കുമെന്ന് പ്രതീക്ഷിച്ച അനിൽ ആന്റണിയെ പത്തനംതിട്ടയിൽ മത്സരരംഗത്തിറക്കി. എറണാകുളം സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. കാസർകോ‍ഡ് – ബ്ലോക്ക് പഞ്ചായത്ത് അംഗവും അധ്യാപികയുമായ എം എൽ അശ്വനി, ആലപ്പുഴ – ശോഭ സുരേന്ദ്രൻ, കണ്ണൂർ – സി രഘുനാഥ്, മലപ്പുറം – ഡോ. അബ്ദുൾ സലാം (മൈനോറിറ്റി മോർച്ച ദേശീയ വൈസ് പ്രസിഡന്റ്), വടകര – പ്രഫുൽ കൃഷ്ണ (യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ്), പൊന്നാനി – നിവേദിത സുബ്രഹ്മണ്യന്‍ (മഹിളാമോർച്ച സംസ്ഥാന പ്രസിഡന്‍റ്), കോഴിക്കോട് – എം ടി രമേശ്, പാലക്കാട് – സി കൃഷ്ണകുമാർ എന്നിവരാണ് ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയിലുള്ളത്.

16 സീറ്റിലാണ് ബിജെപി മത്സരിക്കുന്നത്. ബിഡിജെഎസ് നാല് സീറ്റിലും. ബിജെപി മത്സരിക്കുന്ന നാല് സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല. എറണാകുളം, കൊല്ലം, കോട്ടയം, ഇടുക്കി, മാവേലിക്കര, ചാലക്കുടി, ആലത്തൂർ, വയനാട് സീറ്റുകളിലാണ് സ്ഥാനാർഥിയെ പ്രഖ്യാപിക്കാനുള്ളത്. കോട്ടയം, മാവേലിക്കര, ഇടുക്കി, ചാലക്കുടി സീറ്റുകൾ ബിഡിജെഎസിന് നൽകിയേക്കും.

34 കേന്ദ്രമന്ത്രിമാരും രണ്ട് മുൻ മുഖ്യമന്ത്രിമാരും ആദ്യഘട്ട പട്ടികയിൽ ഇടംപിടിച്ചു. പട്ടികയിൽ 47 യുവജനങ്ങളും 28 വനിതാ സ്ഥാനാർത്ഥികളുമുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെ പ്രമുഖ നേതാക്കളെല്ലാം ആദ്യ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയിൽ നിന്ന് മാത്രമായിരിക്കും മത്സരിക്കുക. ഇത് മൂന്നാം തവണയാണ് ഇവിടെ നരേന്ദ്ര മോദി ജനവിധി തേടുന്നത്.

എൽഡിഎഫിനു പിന്നാലേ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപിയും തിരഞ്ഞെടുപ്പ് രംഗത്തേക്ക് ഇറങ്ങുമ്പോൾ കോൺഗ്രസ് സ്ഥാനാർഥികളെ രണ്ടു ദിവസത്തിനുള്ളിൽ പ്രഖ്യാപിക്കാനാണ് സാധ്യത.

Lok Sabha Election 2024: Candidates >>