അനുഭവക്കനലുകളുടെ ആഴങ്ങള്‍

അനുഭവക്കനലുകളുടെ ആഴങ്ങള്‍

‘നല്ല പുസ്തകങ്ങള്‍ വായിച്ചു അറിവ് നേടണം. അറിവില്ലെങ്കില്‍ ആത്മാവില്ലാത്ത ശരീരമായി ഈ മണ്ണില്‍ പുഴുക്കളെപ്പോലെ വലിഞ്ഞു വലിഞ്ഞു മരണത്തിലെത്താം’ ഈ വാക്കുകള്‍ കാരൂര്‍ സോമന്റെ ആത്മകഥയായ ‘കഥാകാരന്റെ കനല്‍ വഴികളി’ലുള്ളതാണ്. ഈ വാക്കുകള്‍ക്ക് കാലഗന്ധിയായ അനുഭവസാക്ഷ്യങ്ങളുടെ ചൂടും ചൂരുമുണ്ട്. ഇത് ഒഴുകുവാനാകാതെ തളം കെട്ടിക്കിടക്കുന്ന പുതിയ കാലത്ത് ഉണര്‍വ്വിന്റെ വായ്ത്താരി മുഴക്കുന്ന അനുഭവപ്പൊരുളാണ്. ഇങ്ങനെ സമഗ്രസമ്പന്നമായ അനുഭവപരമ്പരകള്‍ കൊണ്ട് തുന്നിച്ചേര്‍ത്ത ആത്മകഥയാണിത്. ഞാനതിന്റെ അകവിതാനങ്ങളിലേക്ക് കടക്കുന്നില്ല. അതിലെ നേരിന്റെ ചൂട് വായിച്ചു തന്നെ അനുഭവിക്കേണ്ടതാണ്. ഈ ആത്മകഥ വായിച്ചു മടുക്കുമ്പോള്‍ ഒരനുഭവം നമുക്ക് പിന്നാലെ വരും. അത് ‘ഞാനി’ല്ലാത്ത ഒരാത്മകഥയാണിത്. അതിലളിതമായി നിര്‍വ്വചിച്ചാല്‍ ഒരു തരം ആത്മഭാഷണം. കാരൂര്‍ ആത്മഭാഷയില്‍ എഴുതിയ ഈ ജീവിതം നമ്മോട് നേരിട്ടു തന്നെയാണ് സംവദിക്കുന്നത്. ഈ സംവാദത്തിന്റെ ആഴപ്പരപ്പിലാണ് ചെറിയ ചെറിയ ദ്വീപുകള്‍ കൂടിയാണ്. ജീവിതസമുദ്രത്തില്‍ ഒഴുകി നടക്കുന്ന ദ്വീപുകള്‍ കൂടിയാണ്. ജീവിതസമുദ്രത്തില്‍ ഒഴുകി നടക്കുന്ന അനുഭവദ്വീപുകള്‍ എന്നു വേണമെങ്കിലും വിലയിരുത്താം. ഇങ്ങനെയെല്ലാം പതിവ് സാമ്പ്രദായിക ആത്മകഥാ സ്വരൂപങ്ങളെയെല്ലാം നിഷേധിച്ചുകൊണ്ട് ജീവിതത്തെ അതിന്റെ സമഗ്രതയില്‍ അവതരിപ്പിക്കാനുള്ള ശ്രമമാണ് കാരൂര്‍ നടത്തുന്നത്. ഇത് അപകടകരമായി ജീവിക്കുംപോലൊരു (To live dangerously) നിയോഗമാണ്. ഈ നിയോഗത്തെ ആത്മകഥാകാരന്‍ പുസ്തകാരംഭത്തിലെ ‘രണ്ടുവാക്കി’ല്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. അതൊരു ഒറ്റവരിയില്‍ പൂര്‍ത്തിയാകുന്ന ഒരു കവിതപോലെ ഹൃദ്യമാണ്. ‘ഞാന്‍ അനുഭവിച്ചറിഞ്ഞ പച്ചയായ ജീവിതയാഥാര്‍ത്ഥ്യങ്ങളാണ് ഈ രചനയിലുള്ളത്.’ ഇത് നേരിന്റെ ശിരസ്സുയര്‍ത്തിപ്പിടിച്ച വാക്കുകളാണ്. കാരൂരിന്റെ രചനകളിലെല്ലാം ഈ നേരിന്റെ മുഴക്കങ്ങളുണ്ട്. ആ മുഴക്കങ്ങളുടെ തുടര്‍ച്ചകളാണ് കാരൂരിന്റെ കൃതികള്‍; ഇപ്പോള്‍ ആത്മകഥയും.

‘കുടുംബപുരാണ’ത്തില്‍ നിന്നാരംഭിച്ച് ‘പാപമില്ലാത്തവര്‍ കല്ലെറിയട്ടെ’യില്‍ അവസാനിക്കുന്ന ആത്മകഥയാണിത്. ഇതില്‍ പച്ചയായ മനുഷ്യാവസ്ഥയുടെ കതിര്‍ക്കനമുള്ള നേരുകളും കാലവുമായി ബന്ധപ്പെട്ട അസ്വസ്ഥതകളുമുണ്ട്. ഈ പാരസ്പര്യം ആഴത്തില്‍ വേരോട്ടമുള്ള എഴുത്തുജീവിതത്തിന്റെ ആകെത്തുകയാണ്. ജീവിതവുമായി ബന്ധപ്പെട്ടതു മാത്രമല്ല, ജീവിതത്തെ ചേര്‍ത്തുപിടിക്കുന്നതെന്തും അത് സാംസ്കാരിക ജീവിതവുമായി അനുഭവവേദ്യമായതെല്ലാം കാരൂര്‍ ഈ ആത്മകഥയിലേക്ക് കൊണ്ടു വരുന്നുണ്ട്. ഇത് നാം മറന്നുവച്ച ഒരു കാലഘട്ടത്തെ വീണ്ടെടുക്കുന്നതിന്റെ ഭാഗമാണ്. ലാറ്റിനമേരിക്കന്‍ ഇതിഹാസ എഴുത്തുകാരന്‍ ഗബ്രിയേല്‍ ഗാര്‍സിയമാര്‍ക്വേസ് എഴുത്തുകാരന്റെ ഭൂതകാല സംസ്കാരത്തെ ആധികാരികമായി അടയാളപ്പെടുത്തിയിട്ടുണ്ട്. പത്ര പ്രവര്‍ത്തകനും സുഹൃത്തുമായ ജെറാള്‍ഡ് മാര്‍ട്ടിനോട് മാര്‍ക്വേസ് മനസ്സു തുറക്കുമ്പോള്‍ നമുക്കിത് അനുഭവപ്പെടുക തന്നെ ചെയ്യും. മാര്‍ക്വേസ് പറയുന്നത് ഭൂതകാലം ചവുട്ടിക്കുഴച്ച മണ്ണില്‍ നിന്നാണ് ഒരെഴു ത്തുകാരന്‍ രൂപം കൊള്ളുന്നത് എന്നാണ്. അവിടെ ഒരേ മണ്ണുകൊണ്ടും ഒരേ നിശ്വാസം കൊണ്ടും എന്നുള്ള അനുഭവത്തെ സ്വീകരിക്കേണ്ടതില്ല. ഇതിനര്‍ത്ഥം എല്ലാവരെയും സൃഷ്ടിച്ച ദൈവത്തിന്റെ സൃഷ്ടിയല്ല എഴുത്തുകാരന്‍ എന്നാണ്. അവന്റെ ഭൂതകാലമാണ് അതിനു മണ്ണൊരുക്കുന്നത്. അവന്‍ ജീവിച്ചുവന്ന കാലമാണ് അവന് ശ്വാസം നല്‍കുന്നത്. അങ്ങനെ എഴുത്തുകാരന്‍ ഈ മണ്ണില്‍ നിന്ന് ഉയര്‍ന്നു വരികയാണ്. മാര്‍ക്വേസിന്റെ വാദം പൂര്‍ണ്ണാര്‍ത്ഥത്തില്‍ സാരവത്താര്‍ന്ന ഒരനുഭവമാണ്. അത് കാരൂര്‍സോമനും ബാധകമാണ്. കാരൂരിന്റെ ആത്മകഥ വായിക്കുമ്പോള്‍ മാര്‍ക്വേസ് പറഞ്ഞ അനുഭവം ആര്‍ജ്ജിതവ്യക്തിത്വത്തോടെ പ്രകാശിക്കുന്നതുകാണാം. സ്വന്തം ജീവിതാനുഭവങ്ങള്‍ ക്ഷതമേല്പിച്ച നേരുകളില്‍ നിന്നാണ് ഈ എഴുത്തുകാരന്‍ സാഹിത്യത്തിലേക്ക് കടന്നുവരുന്നത്. ഇതദ്ദേഹം കാച്ചിക്കുറുക്കിയ കവിതയിലെന്നപോലെ ആത്മകഥയില്‍ കുറഞ്ഞവാക്കുകളില്‍ അവതരിപ്പിക്കുന്നുണ്ട്. അതു ബാല്യകാലം മുതലുള്ള ഓര്‍മ്മകളില്‍ അതിന്റെ സഞ്ചിത സംസ്കാരമുണ്ട്. അതെല്ലാം ഒരര്‍ത്ഥത്തില്‍ തുറന്നെഴുത്തുകളാണ്. അവിടെ മറച്ചു വയ്ക്കാന്‍ കാരൂരിലെ എഴുത്തുകാരന്‍ സാഹസപ്പെടുന്നില്ലെന്ന് കാണാം. അതിനുകാരണം കാരൂര്‍ സോമന്‍ സ്വതന്ത്രനായൊരു എഴുത്തുകാരനാണ്. മനുഷ്യ പക്ഷത്തു നിലയുറപ്പിച്ച എഴുത്തുകാരന്‍ അങ്ങനെയുള്ള ഓര്‍മ്മകളില്‍ സ്വാതന്ത്ര്യത്തിന്റെ പരമമായ അനുഭവകാണ്ഡങ്ങളും മനുഷ്യസംസ്കാരത്തിനോട് ഉള്‍ച്ചേര്‍ന്ന വൈകാരികബോധവും ഉണ്ടാവുക സ്വാഭാവികമാണ്.

ഏഴാം കാസ്സില്‍ പഠിക്കുമ്പോഴാണ് കാരൂര്‍ സ്വന്തം നൊമ്പരങ്ങള്‍ ഒരു നോട്ടുബുക്കില്‍ പകര്‍ത്താന്‍ തുടങ്ങുന്നത്. കാരൂര്‍ എഴുതുന്നു “അന്ന് കുത്തിക്കുറിച്ചതെല്ലാം കവിതയല്ലാത്ത, കവിയുടെ വരികളാണ്. ഇന്നും ഓര്‍മ്മയിലുള്ള വരികള്‍ ‘ജനിച്ചുപോയി മനുഷ്യനായി എനിക്കുമിവിടെ ജീവിക്കേണം.’ രണ്ടാമത്തെ വരിയിലെ ആശയദാര്‍ഢ്യമാണ് ഒരേഴാം ക്ലാസ്സില്‍ നിന്ന് ഇന്നത്തെ കാരൂര്‍സോമനിലേക്കുള്ള വളര്‍ച്ചയുടെ ഔന്നിത്യം. അത് ഒറ്റവാക്കില്‍ അളെന്നെടുക്കാനാവില്ല. ആ ദൂരത്തിന്റെ നാഴികക്കല്ലുകളാണ് ജ്വാലാമുഖങ്ങളായി ഓരോ അദ്ധ്യായങ്ങളിലായി കടന്നു വരുന്നത്. മറ്റൊന്ന് ആത്മകഥയെഴുത്തില്‍ കാരൂര്‍ പാലിക്കുന്ന മിതത്വമാണ്. പല മുഹൂര്‍ത്തങ്ങളും അല്പം അതിശയോക്തിയും ഭാവനയും കലര്‍ത്തി വിശദീകരിക്കാമായിരുന്നിട്ടു കൂടി കാരൂരിലെ എഴുത്തുകാരന്റെ സത്യസന്ധത അതിനെ പൂര്‍ണ്ണാര്‍ത്ഥത്തില്‍ ഒഴിവാക്കുകയാണ് ചെയ്യുന്നത്. അവിടെ ഒരു നിഷ്കാമകര്‍മ്മിയുടെ ചുവടുറപ്പിച്ച തീരുമാനത്തിന്റെ മനോബലമാണ് കാരൂരിന്റെ കരുത്ത്. എന്നാല്‍ എഴുത്തില്‍ കാണുന്ന ഭിന്നവൈകാരികപ്രകൃതിയുടെ തെളിഞ്ഞ ശേഷിപ്പ് ഈ ആത്മകഥയില്‍ കണ്ടെത്താനാവില്ല. മാര്‍ക്വേസ് പറഞ്ഞതുപോലെ ‘നിങ്ങള്‍ എത്രത്തോളം സത്യസന്ധനായിത്തീരുന്നോ അത്രത്തോളം കുറച്ചു വാക്കുകളെ നിങ്ങളെക്കുറിച്ച് നിങ്ങള്‍ എഴുതുമ്പോള്‍ ഉപയോഗിക്കാനാവുകയുള്ളൂ. മാര്‍ക്വേസിന്റെ വാക്കുകള്‍ അക്ഷരംപ്രതി ശരിവയ്ക്കുന്ന സമീപനമാണ് കാരൂരിന്‍റെ ആത്മകഥ.

മറ്റൊന്ന് ആത്മകഥയ്ക്ക് ഉപയോഗിച്ചിരിക്കുന്ന ഭാഷയുടെ പ്രത്യേകതയാണ്. ആ ഭാഷയ്ക്ക് മുന്നൊരുക്കങ്ങളോ ഉടുത്തുകെട്ടോ ഇല്ല. അത് കാര്യകാരണ ബന്ധങ്ങളിലൂടെയുള്ള, സുതാര്യമായ ഒരു വെളിപ്പെടലാണ്. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഭാവനാസിദ്ധിയോടുള്ള വെല്ലുവിളിയാണ്. അതിന് ഒരേകാലം അന്യതാബോധവും അതിനു സമശീര്‍ഷമായ സ്വാതന്ത്ര്യബോധവുമുണ്ട്. ഇതു രണ്ടും സമ്യക്കായിത്തീര്‍ന്ന ഭൗതിക പ്രപഞ്ചത്തെയാണ് കാരൂര്‍ ഭാഷയിലൂടെ സൃഷ്ടിന്മുഖമാക്കിത്തീര്‍ക്കുന്നത്. ഈ അര്‍ത്ഥത്തില്‍ ദാര്‍ശനികമായ ഒരു ഭാവതലത്തിലേക്ക് അനുഭവങ്ങള്‍ ഒഴുകിപ്പരക്കുന്നുണ്ട്. ഇത്തരം അനുഭവത്തിന്റെ അടിസ്ഥാന സ്വഭാവം ഏറെക്കുറെ കാരൂര്‍ ഉപയോഗിച്ചിട്ടുള്ള ഭാഷയില്‍ നിന്ന് വ്യക്തമാണ്. ഇതിനനുബന്ധമായി ചര്‍ച്ച ചെയ്യാവുന്ന ഒരനുഭവതലം, ആത്മകഥയിലെ നായകസ്ഥാനത്തു നില്‍ക്കുന്നത് കാരൂര്‍സോമനാണെങ്കിലും അദ്ദേഹം ഒരായിരം മനുഷ്യരുടെ പ്രതിനിധിയാണ് പലപ്പോഴും അനുഭവപ്പെടുന്നത് എന്നാണ്. അങ്ങനെ സംഭവിക്കുന്നതിനു പിന്നില്‍ ആരംഭത്തില്‍ സൂചിപ്പിച്ചതുപോലെ ‘ഞാന്‍’ എന്നത് ഇല്ലാത്തതുകൊണ്ടാണ് ‘ഞാന്‍’ ഇല്ലാതാവുന്നതോടെ ‘ഞാനു’മായി ബന്ധപ്പെട്ട ‘അവനവനിസം’ ഉള്‍പ്പെടെയുള്ള എല്ലാം റദ്ദ് ചെയ്യപ്പെടുന്നു. ഇത് വീരവ്യാമോഹങ്ങളില്ലാത്ത, ഒരു നാട്ടുമ്പുറത്തു ജനിച്ചുവളര്‍ന്ന ഒരു സംസ്കാരത്തിന്റെ ശേഷിപ്പാണ്. അതുകൊണ്ട് തന്നെ ‘കഥാകാരന്റെ കനല്‍വഴികള്‍’ വായിച്ചുമടുക്കുമ്പോള്‍ പിന്നിട്ടവഴികളില്‍ തെളിഞ്ഞു നില്‍ക്കുന്ന ഉജ്ജ്വലമുഹൂര്‍ത്തങ്ങളെ തന്നെ മനസില്‍ ചിരപ്രതിഷ്ഠ നേടുന്നത്.

പലപ്പോഴും ആത്മകഥാ രചനാവേളയില്‍ ഒരു പ്രതിസന്ധി തീര്‍ക്കുന്നത് എന്തെഴുതണം എന്തെഴുതണ്ട എന്നതിനെ സംബന്ധിച്ചാണ്. സത്യം പറയേണ്ട സന്ദര്‍ഭങ്ങളില്‍ പരമാവധി ഒഴിഞ്ഞു നില്‍ക്കുക. അസത്യം പറയേണ്ടിടങ്ങളില്‍ ധാരാളമായി അതു പറയുക. അതിനപ്പുറത്തേക്ക് പല ആത്മകഥകള്‍ക്കും കടക്കാനാകാതെ വരുന്നത് നിത്യപാരായണങ്ങളില്‍ നാം കാണുന്നുണ്ട്. എന്നാല്‍ തുല്യദുഃഖിതരും, നിസ്സഹായരുമായ ഒരു കൂട്ടംപേരുടെ പ്രതിനിധിയായി നിന്നുകൊണ്ട് ജീവിതം പകര്‍ത്തി വയ്ക്കുക എന്നത് വര്‍ത്തമാനകാലത്ത് അത്ര എളുപ്പം വഴങ്ങുന്ന ഒന്നല്ല. എന്നാല്‍ ഇതിനെയാണ് കാരൂര്‍സോമന്‍ സധൈര്യം മറികടക്കുന്നത്. എന്നാല്‍ ഈ ജീവിതമെഴുത്തില്‍ അസാധാരണത്വമൊന്നുമില്ല. എന്നാലിതില്‍ ജീവിതം വെറുതെ പറഞ്ഞുപോകുകയുമല്ല. വില്‍സണ്‍ നെറ്റ്സ് പറഞ്ഞതു പോലെ ‘വായനക്കാരന്റെ മനസ്സിനെ വിമലീകരിക്കുന്ന ഒരനുഭവമാകണം സ്വജീവിതം പകര്‍ത്തിവയ്ക്കുമ്പോള്‍ സംഭവിക്കേണ്ടത്.’ വില്‍സണ്‍ നൈറ്റ്സിന്റെ വാക്കുകള്‍ സഹൃദയ സാര്‍ത്ഥകമായ ഒരനുഭവത്തിലേക്കുള്ള ഒരു ദിശാസൂചിയാണ്. ഇത്തരമൊരു വിമലീകരണ പദ്ധതിയുടെ പ്രത്യക്ഷ സാക്ഷ്യമാണ് ഈ ആത്മകഥ. ആ അര്‍ത്ഥത്തില്‍ ഇതിനെ സത്യത്തിന്‍റെ പ്രകാശനമായി കാണാം. ആ പ്രകാശസാഫല്യമാണ് ആത്മകഥ മുന്നോട്ടു വയ്ക്കുന്ന മൗലികമായ അനുഭവപ്രപഞ്ചം.

ഇവിടെ സ്വന്തം ജീവിതം പറഞ്ഞു പോകുന്നതിനൊപ്പം സാംസ്കാരിക രംഗത്തിന്റെ ഒരു പരിശ്ചേദം കൂടി വിശദമായ ചര്‍ച്ചയ്ക്ക് കാരണമാക്കിത്തീര്‍ക്കുന്നുണ്ട്. അത് പലരും ശുഭമോ അശുഭമോ ആയി തോന്നാമെങ്കിലും അനുഭവിച്ചത് തുറന്നു പറയുക എന്ന സുമര്യാദ പാലിച്ചുകൊണ്ടാണ് കാരൂര്‍ ഇത്തരം അനുഭവങ്ങളെ അടയാളപ്പെടുത്തുന്നത്. ‘ദൈവഭൂതങ്ങള്‍’ എന്ന നാടകത്തെ പരാമര്‍ശിക്കുന്ന അദ്ധ്യായത്തില്‍ തന്നെ ഈ തുറന്നു പറച്ചില്‍ ആഴത്തില്‍ വേരോടിക്കിടപ്പുണ്ട്. അത് സാമൂഹിക സാംസ്കാരിക മേഖലകളില്‍ സൃഷ്ടിച്ച പ്രകമ്പനങ്ങള്‍ക്ക് ഇന്നും കാലികമായ പ്രസക്തി ഉള്ളതുപോലെ തോന്നുന്നു. നാടകത്തിലെ പുരോഹിതനും ഭരണാധികാരിയും യുദ്ധക്കൊതിയനും മന്ത്രവാദിയും വേശ്യകളും ഭൂതങ്ങളുടെ വേഷങ്ങള്‍ കെട്ടിയാടുന്നു. ഏതു നിമിഷം വേണമെങ്കിലും ഇവര്‍ക്ക് ഈശ്വരന്‍ ദാനമായി നല്‍കിയ ഈ മനോഹരമായ ഭൂമിയെ ചാരമാക്കിത്തീര്‍ക്കാനാകും. ആ തീര്‍പ്പിന്റെ കാലികമായ സാമൂഹിക മനസ്സാണ് കാരൂര്‍ ‘ദൈവഭൂതങ്ങളി’ലൂടെ ഉയര്‍ത്തിക്കാട്ടുന്നത്. ഇതൊരു ധൈര്യപ്പെടലാണ്. അവിടെ അഭിപ്രായഭിന്നതയെ, അതിന്റെ നിലവാരത്തില്‍ സ്വീകരിച്ചുകൊണ്ട് സാമൂഹ്യജീവിതത്തിന്റെ ഒരു പുതിയ അദ്ധ്യായം തുടങ്ങിവയ്ക്കുന്നു. കാരൂര്‍ എഴുതുന്നു ‘മഹര്‍ഷിവര്യന്റെ നാമത്തില്‍ രക്ഷിക്കപ്പെട്ടവരൊക്കെ മണ്ണില്‍ കെട്ടിയിറക്കിയ ആള്‍ ദൈവങ്ങളെ ഉപേക്ഷിച്ചു. സത്യവും ധര്‍മ്മവും കര്‍മ്മവും അനുഷ്ഠിക്കാന്‍ തുടങ്ങി. മണ്ണിലെ വിഷസര്‍പ്പങ്ങളില്‍ നിന്നും സുഖഭോഗങ്ങളില്‍ നിന്നും അവര്‍ അകന്നു. രക്ഷിക്കപ്പെട്ട മനുഷ്യരെല്ലാം സന്യാസിവര്യന്‍ ധ്യാനിച്ച മരച്ചുവട്ടില്‍ നിലാവിലലിയുന്ന പ്രകൃതിയെപ്പോലെ ധ്യാനത്തില്‍ മുഴുകി ആത്മാവില്‍ ചേര്‍ന്നിരിക്കുന്ന കാഴ്ചയോടെയാണ് നാടകം അവസാനിക്കുന്നത്. മരമുകളില്‍ നിന്ന് ഏതോ ഒരു കിളിയുടെ മധുരനാദവും അവര്‍ക്കൊപ്പമുണ്ടായിരുന്നു. അവധി ദിവസങ്ങളില്‍ രാത്രി ഉറങ്ങാതെയാണ് “ദൈവഭൂതങ്ങള്‍” എന്ന നാടകം പൂര്‍ത്തീകരിച്ചത്.’

ആത്മകഥയിലെ അനവധി ഉജ്ജ്വമുഹൂര്‍ത്തങ്ങളിലെ ഒന്നു മാത്രമാണ് മേലുദ്ധരിച്ചത്. അക്കാലത്ത് സമാരാംഭിച്ച എഴുത്തിലെ ആര്‍ജ്ജിതവ്യക്തിത്വത്തിന്റെ തുടര്‍ച്ചകളാണ് പില്‍ക്കാലത്ത് കാരൂര്‍ എഴുതിയ പ്രമുഖങ്ങളായ പല കൃതികളും. ആ കൃതികളില്‍ പലേടങ്ങളിലും കാരൂരിലെ മനുഷ്യന്‍ വിവിധ സുമുഹൂര്‍ത്തങ്ങളിലായി പരകായപ്രവേശം ചെയ്തിട്ടുണ്ട്. അത്തരം പ്രവേശങ്ങളിലെല്ലാം കാരൂര്‍ മുന്നോട്ടു വയ്ക്കുന്ന ജീവിതദര്‍ശനം (Vision of Life) അതിന്റെ മൂലസ്രോതസ്സായി വര്‍ത്തിക്കുന്ന പുസ്തകമാണ് ‘കഥാകാരന്റെ കനല്‍ വഴികള്‍’. ഒറ്റവാക്കില്‍~പറഞ്ഞാല്‍ കാരൂരിന്റെ കൃതികളിലേക്കുള്ള ഒരു ‘ഗേറ്റ് വേ’ ആയി ഈ ആത്മകഥയെ കാണാനാകും.

കാരൂര്‍ സോമന്‍ : BIODATA
ലോക റെക്കോര്‍ഡ് ജേതാവായ (യു.ആര്‍.എഫ്) കാരൂര്‍ സോമന്‍ മാവേലിക്കര സ്വദേശിയാണ്. ഒരു ദിവസം ലോകത്താദ്യമായി ഏറ്റവും കൂടുതല്‍ (34) പുസ്തകങ്ങള്‍ പ്രകാശനം ചെയ്തതിനുളള അംഗീകാരമായിട്ടാണ് ലോക റെക്കോര്‍ഡില്‍ ഇടംപിടിച്ചത്. ആമസോണ്‍ ഇന്‍റര്‍നാഷണല്‍ എഴുത്തുകാരന്‍ എന്ന ബഹുമതിയടക്കം ഇരുപതോളം പുരസ്കാരങ്ങള്‍ ലഭിച്ചു. മലയാള മനോരമയുടെ യുവ സാഹിത്യ സഖ്യ അംഗമായിരുന്നു. ഹൈസ്കൂള്‍ വിദ്യാര്‍ത്ഥി ആയിരിക്കെ മലയാള മനോരമയുടെ ‘ബാലരമ’യില്‍ കവിതകള്‍ എഴുതി. ആകാശവാണി തിരുവനന്തപുരം, തൃശ്ശൂര്‍ നിലയങ്ങളില്‍ ഞാനെഴുതിയ നാടകങ്ങള്‍ പ്രക്ഷേപണം ചെയ്തു.

ഹൈസ്കൂള്‍ പഠനകാലം താമരക്കുളം, വള്ളികുന്നം, ചുനക്കര, പാലമേല്‍ എന്നീ പഞ്ചായത്തുകളിലെ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നൂര്‍നാട് ലെപ്രസ്സി സാനിറ്റോറിയം ഒരു ഉപന്യാസ മത്സരം ‘കുഷ്ഠരോഗവും നിവാരണ മാര്‍ഗ്ഗങ്ങളും’ എന്ന വിഷയത്തില്‍ സംഘടിപ്പിക്കുകയുണ്ടായി. മത്സരത്തില്‍ ഒന്നാം സ്ഥാനം സമ്മാനമായി ശ്രീ. ബി. കെ. ബി നായരുടെ ‘പ്രസംഗ സോപാനം’ എന്ന ഗ്രന്ഥം ശ്രീ. തോപ്പില്‍ ഭാസിയില്‍ നിന്ന് ഏറ്റുവാങ്ങി. പിന്നീട് ശ്രീ. തോപ്പില്‍ ഭാസി എന്‍റെ ഗള്‍ഫില്‍ നിന്നുള്ള മലയാളത്തിലെ ആദ്യ സംഗീത നാടകം ‘കടലിനക്കരെ എംബസി സ്കൂള്‍’ എന്ന ഗ്രന്ഥത്തിന് അവതാരിക എഴുതുകയുണ്ടായി. വി.വി.എച്ച് സ്കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കെ വാര്‍ഷിക കലാപരിപാടിയില്‍ പോലീസിനെ വിമര്‍ശിച്ച് ഞാനെഴുതിയ ‘ഇരുളടഞ്ഞ താഴ്വര’ എന്ന നാടകം അവതരിപ്പിച്ച് ‘ബെസ്റ്റ് ആക്ടര്‍’ സമ്മാനം നേടി. ആ നാടകം മാവേലിക്കര പോലീസിനെ പ്രകോപിപ്പിച്ചു. അവര്‍ നക്സല്‍ ബന്ധം ആരോപിച്ച് കേസെടുത്ത് അറസ്റ്റ് ചെയ്ത് മര്‍ദ്ദിച്ചു. പിന്നീട് പണ്ഡിത കവി ശ്രീ. കെ. കെ. പണിക്കര്‍ ഇടപെട്ട് പോലീസില്‍ നിന്ന് മോചിപ്പിക്കുകയുണ്ടായി. പോലീസിന്റെ നോട്ടപ്പുളളി ആയിരിക്കെ ഒളിച്ചോടി ബീഹാറില്‍ റാഞ്ചിയിലുണ്ടായിരുന്ന സഹോദരന്റെയടുക്കലെത്തി. അവിടെ റാഞ്ചി ഏയ്ഞ്ചല്‍ തിയ്യേറ്ററിന് വേണ്ടി നാടകങ്ങളും ഗാനങ്ങളുമെഴുതി.

പഠനം കേരളം, റാഞ്ചി, ന്യൂ ഡല്‍ഹി എന്നിവടങ്ങളില്‍. ആദ്യ കാലങ്ങളില്‍ ഉത്തരേന്ത്യയിലും, ഗള്‍ഫിലും ജോലിചെയ്തു. ആദ്യ ജോലി ‘റാഞ്ചി എക്സ്പ്രസ്സ്’ ദിനപത്രത്തില്‍. ഇപ്പോള്‍ ലണ്ടനില്‍ താമസം. അറുപത്തിയേഴ് രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. നാലര പതിറ്റാണ്ടിനിടയില്‍ നാടകങ്ങള്‍, ഏകാങ്ക നാടകങ്ങള്‍, സംഗീത നാടകങ്ങള്‍; നോവലുകള്‍, ബാലസാഹിത്യങ്ങള്‍, ഇംഗ്ലീഷ് നോവലുകള്‍; കഥകള്‍, ചരിത്ര കഥകള്‍; കവിതകള്‍, ഗാനങ്ങള്‍, ലേഖനങ്ങള്‍, യാത്രാ വിവരണങ്ങള്‍; ജീവചരിത്രം, ആത്മകഥ, ശാസ്ത്ര, കായിക, ടൂറിസരംഗങ്ങളില്‍ അറുപത്തി ആറ് (66) കൃതികള്‍ പ്രസിദ്ധീകരിച്ചു. 1985 മുതല്‍ പുറത്തിറങ്ങിയ എല്ലാ പുസ്തകങ്ങളുടേയും നാമം ‘ക’ എന്ന അക്ഷരത്തില്‍ തുടങ്ങുന്നു എന്നത് മലയാള സാഹിത്യരംഗത്തെ തന്നെ ആദ്യവും അത്യപൂര്‍വ്വവുമായ സംഭവമായി കണക്കാക്കുന്നു.

മൂന്ന് കൃതികള്‍ ഷോര്‍ട്ട് ഫിലിം/ ടെലിഫിലിം ആയി. ‘ഗ്ലാസ്സിലെ നുര’, ‘ഇവര്‍ നമ്മുടെ ഓമനകള്‍’ എന്നിവ പേരെടുത്ത് പറയാവുന്നവയാണ്. ഒരു കഥാസമാഹാരം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി. 2022-ല്‍ ‘അബു’ എന്ന കഥ സിനിമയായി. 2005-ല്‍ ലണ്ടനില്‍ നിന്നും മലയാളത്തിലാദ്യമായി ‘പ്രവാസി മലയാളം’ മാസിക ആരംഭിച്ചു. 2012-ല്‍ ലണ്ടനില്‍ നിന്നും മാധ്യമം ദിനപത്രത്തിന് വേണ്ടി ലണ്ടന്‍ ഒളിമ്പിക്സ് റിപ്പോര്‍ട്ട് ചെയ്തു. ഷോര്‍ട്ട് ഫിലിമിലും, നാടകങ്ങളിലും അഭിനയിച്ചു. വേള്‍ഡ് മലയാളി കൗണ്‍സില്‍ മിഡിലീസ്റ്റ് ആഫ്രിക്കയുടെ സാംസ്കാരിക വിഭാഗം ചെയര്‍മാന്‍, യൂറോപ്പിലെ ഏറ്റവും വലിയ സംഘടനയായ ബ്രിട്ടനിലെ യുക്മയുടെ കല സാഹിത്യവിഭാഗം കണ്‍വീനര്‍, ജ്വാല മാഗസീന്‍ ചീഫ് എഡിറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. പല സ്വദേശ വിദേശ മാധ്യമങ്ങളുടേയും പ്രതിനിധിയായി പ്രവര്‍ത്തിച്ചുവരുന്നു. ലിമ വേള്‍ഡ് ലൈബ്രറി സാഹിത്യ ഓണ്‍ലൈന്‍, കാരൂര്‍ പബ്ലിക്കേഷന്‍സ്, ആമസോണ്‍ വഴി വിതരണം ചെയ്യുന്ന കെ.പി.ഇ പേപ്പര്‍ പബ്ലിക്കേഷന്‍സ് എന്നിവയുടെ ചീഫ് എഡിറ്ററാണ്. നാടകങ്ങളിലും സിനിമയിലും അഭിനയിച്ചു.

മാതാപിതാക്കള്‍: കാരൂര്‍ ശാമുവേല്‍, റൈയ്ചല്‍ ശാമുവേല്‍
ഭാര്യ: ഓമന തീയാട്ട് കുന്നേല്‍
മക്കള്‍: രാജീവ്, സിമ്മി, സിബിന്‍
Net Address : www.karoorsoman.net
Email ID : karoorsoman.yahoo.com
WhatsApp : 0044 794057067

കൃതികള്‍
നോവല്‍ : കണ്ണീര്‍പൂക്കള്‍, കദനമഴ നനഞ്ഞപ്പോള്‍, കനല്‍, കാരൂര്‍ കൊച്ചുകുഞ്ഞ്, കിനാവുകളുടെ തീരം, കാണാപ്പുറങ്ങള്‍, കഥാനായകന്‍, കാല്‍പ്പാടുകള്‍ (യൂറോപ്പില്‍ നിന്നുള്ള ആദ്യ മലയാള നോവല്‍), കൗമാരസന്ധ്യകള്‍, കാവല്‍മാലാഖ, കാവല്‍ക്കാരുടെ സങ്കീര്‍ത്തനങ്ങള്‍, കാലാന്തരങ്ങള്‍, കാലയവനിക, കന്മദപൂക്കള്‍, കാര്യസ്ഥന്‍ (ക്രൈം നോവല്‍), കന്യാദലങ്ങള്‍ (നോവലെറ്റ്), കല്‍വിളക്ക്, കന്യാസ്ത്രീ കാര്‍മേല്‍, കിളിക്കൊഞ്ചല്‍ (ബാലനോവല്‍), കാറ്റാടിപ്പൂക്കള്‍ (ബാലനോവല്‍), കൃഷി മന്ത്രി (ബാലനോവല്‍).

നാടകം: കടല്‍ക്കര (സംഗീത നാടകം 1985), കടലിനക്കരെ എംബസ്സി സ്കൂള്‍ (സംഗീത നാടകം, ഗള്‍ഫില്‍ നിന്നുള്ള ആദ്യ മലയാളസംഗീതനാടകം), കാലപ്രളയം, കടലോളങ്ങള്‍

കഥകള്‍: കാട്ടുകോഴികള്‍, കാലത്തിന്‍റെ കണ്ണാടി, കരിന്തിരി വിളക്ക്, കാട്ടുമനുഷ്യര്‍.
കവിത : കറുത്ത പക്ഷികള്‍, കടലാസ്, കളിമണ്ണ്, കണ്ണാടി മാളിക

ലേഖനങ്ങള്‍: കഥകളുറങ്ങുന്ന പുണ്യഭൂമി (ഗള്‍ഫ്), കാലത്തിന്‍റെ ചിറകുകള്‍ (സൗദിയുടെ മണ്ണില്‍), കാലമുദ്രകള്‍, കാലം കവിഞ്ഞൊഴുകുന്നു, കാലഘടികാരം, കാലചക്രം, കണ്ണുണ്ടായാല്‍ പോരാ കാണണം, കാലം പിഴയ്ക്കുമ്പോള്‍, കാലത്തിനൊത്ത കോലങ്ങള്‍.

ചരിത്രം/ ജീവചരിത്രം: കാമനയുടെ സ്ത്രീപര്‍വ്വം, കഥാകാരന്റെ കനല്‍ വഴികള്‍ (ആത്മകഥ), കാരിരുമ്പിന്റെ കരുത്ത് (സര്‍ദാര്‍ വല്ലഭായ് പട്ടേല്‍), കാലചക്രം (ബ്രിട്ടണ്‍).

യാത്രാവിവരണം: കനക നക്ഷത്രങ്ങളുടെ നാട്ടില്‍ (ഓസ്ട്രിയ), കാലം മായ്ക്കാത്ത പൈതൃക കാഴ്ചകള്‍ (ഇംഗ്ലണ്ട്), കടലിനക്കരെ ഇക്കരെ (യൂറോപ്പ്), കാഴ്ചകള്‍ക്കപ്പുറം (ഇറ്റലി), കുഞ്ഞിളം ദ്വീപുകള്‍ (ഫിന്‍ലന്‍ഡ്), കണ്ണിന് കുളിരായി (ഫ്രാന്‍സ്), കന്യാസ്ത്രീ കാക്കകളുടെ നാട് (ആഫ്രിക്ക), കാറ്റില്‍ പറക്കുന്ന പന്തുകള്‍ (സ്പെയിന്‍), കാര്‍പാത്തിയന്‍ പര്‍വ്വതനിരകള്‍.

ശാസ്ത്രം/കായികം/ടൂറിസം: കാണാക്കയങ്ങള്‍ (ചന്ദ്രയാന്‍), കാണാമറയത്തെ കൗതുകകാഴ്ചകള്‍ (മംഗള്‍യാന്‍), കളിക്കളം (ഒളിമ്പിക്സ് ചരിത്രം), കായിക സ്വപ്നങ്ങളുടെ ലണ്ടന്‍ ഡയറി (മാധ്യമം ദിനപത്രത്തിന് വേണ്ടി 2012 -ല്‍ എഴുതിയ ലണ്ടന്‍ ലേഖനങ്ങള്‍), കേരളം (ട്രാവല്‍ & ടൂറിസം), കാലം മാറുന്നു, കണ്ടെത്തലുകള്‍.

പുരസ്കാരങ്ങള്‍: ലോകത്താദ്യമായി ഏറ്റവും കൂടുതല്‍ പുസ്തകങ്ങള്‍ പ്രകാശനം ചെയ്തതിനുള്ള ലോക റിക്കോര്‍ഡ് ജേതാവ് (ഡഞഎ), ആമസോണ്‍ ഇന്‍റര്‍നാഷണല്‍ പുരസ്ക്കാരം, പി. കുഞ്ഞിരാമന്‍ നായര്‍ ഫൗണ്ടേഷന്‍ പുരസ്കാരം, ഭാരതീയ ദളിത് സാഹിത്യഅക്കാദമി പുരസ്ക്കാരം, പാറപ്പുറം പ്രവാസി സാഹിത്യപുര്സക്കാരം, കള്ളിക്കാട് രാമചന്ദ്രന്‍ സ്മാരകപുരസ്ക്കാരം, ഗാന്ധിഭവന്‍ സാഹിത്യപുരസ്ക്കാരം, സാഹിത്യ പോഷിണി സാഹിത്യപുരസ്ക്കാരം, വിക്ടര്‍ ലൂയിസ് സ്മാരക സാഹിത്യപുരസ്ക്കാരം, ലുധിയാന മലയാളി അസോസിയേഷന്‍ നാടക പുരസ്ക്കാരം, വേള്‍ഡ് മലയാളി കൗണ്‍സില്‍ സാഹിത്യ പുരസ്ക്കാരം, ലിപി ഫൗണ്ടേഷന്‍ പുരസ്ക്കാരം, അമേരിക്കന്‍ ഈ മലയാളി സാഹിത്യ മാധ്യമപുരസ്ക്കാരം, ലണ്ടന്‍ മലയാളി കൗണ്‍സില്‍ സമഗ്രസാഹിത്യ പുരസ്ക്കാരങ്ങളടക്കം ഇരുപതോളം ബഹുമതികള്‍ ലഭിച്ചു.

(അവസാനിക്കുന്നു)

കാലത്തിന്റെ എഴുത്തകങ്ങള്‍- ഭാഗം 1