നവംബറിലെ ഒടിടി റിലീസുകൾ.

‘ഗോസ്റ്റ്’ സീ ഫൈവിൽ, കണ്ണൂർ സ്ക്വാഡ് ഹോട്ട്സ്റ്റാറിൽ, ലിയോ നെറ്റ്‍ഫ്ലിക്സില്‍.

വിജയ്‍യെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ആക്ഷന്‍ ത്രില്ലര്‍ ചിത്രം “ലിയോ” നെറ്റ്‍ഫ്ലിക്സില്‍ 24 മുതൽ സ്ട്രീമിങ് ആരംഭിച്ചു. ഇന്ത്യയിലും വിദേശത്തും രണ്ട് തീയതികളിലാണ് നെറ്റ്ഫ്ലിക്സിലൂടെ ചിത്രം എത്തുക. ഇന്ത്യയില്‍ നവംബര്‍ 24 നും വിദേശ രാജ്യങ്ങളില്‍ നവംബര്‍ 28 -നും. തമിഴ് ഒറിജിനലിന് പുറമെ തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം നെറ്റ്ഫ്ലിക്സില്‍ കാണാനാവും.

ജോജു ജോർജിന്റെ ഫാമിലി ത്രില്ലർ ചിത്രം “പുലിമട” നവംബർ 23- നെറ്റ്ഫ്ലിക്സ് -ലൂടെ സ്ട്രീമിങ് ആരംഭിച്ചു. സംവിധായകൻ എ.കെ. സാജൻ–ജോജു ജോർജ് കൂട്ടുകെട്ടിലൊരുങ്ങിയ സിനിമയിൽ നായികമാരാകുന്നത് ഐശ്വര്യ രാജേഷും ലിജോമോളുമാണ്. പെണ്ണിന്റെ സുഗന്ധം (സെന്റ് ഓഫ് എ വുമണ്‍) എന്ന ടാഗ്‌ലൈനോടു കൂടി എത്തുന്ന ചിത്രത്തിൽ ബാലചന്ദ്രമേനോൻ, ചെമ്പൻ വിനോദ്, ജോണി ആന്റണി, ജാഫർ ഇടുക്കി, ജിയോ ബേബി, അബു സലിം, സോന നായർ, കൃഷ്ണ പ്രഭ, പൗളി വിത്സൻ, ഷിബില എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.

അർജുൻ അശോകൻ ടൈറ്റിൽ വേഷത്തിലെത്തുന്ന സിനിമ “തീപ്പൊരി ബെന്നി” നവംബർ 16-നു ആമസോൺ പ്രൈമിൽ എത്തി. ‘മിന്നൽ മുരളി’യിലൂടെ ശ്രദ്ധേയയായ ഫെമിന ജോർജാണ് ചിത്രത്തിലെ നായിക. വെള്ളിമൂങ്ങ, ജോണി ജോണി യെസ് അപ്പാ എന്നീ ചിത്രങ്ങൾക്കു തിരക്കഥ രചിച്ച ജോജി തോമസും ‘വെളളിമൂങ്ങ’ യുടെ സഹ സംവിധായകനായ രാജേഷ് മോഹനും ചേർന്നാണ് സിനിമയുടെ എഴുത്തും സംവിധാനവും നിര്‍വഹിക്കുന്നത്. ജഗദീഷ്, ടി.ജി. രവി, പ്രേംപ്രകാശ്, സന്തോഷ് കീഴാറ്റൂർ, ഷാജു ശ്രീധർ, ശ്രീകാന്ത് മുരളി, റാഫി, നിഷാ സാരംഗ് എന്നിവരാണ് മറ്റ് താരങ്ങൾ.

കന്നട സൂപ്പര്‍താരം ശിവരാജ് കുമാറിനെ നായകനാകുന്ന ആക്‌ഷൻ ത്രില്ലർ ‘ഗോസ്റ്റ്’ നവംബർ 17 മുതൽ സീ ഫൈവിലൂടെ സ്ട്രീമിങ് ആരംഭിച്ചു. കന്നട ഭാഷക്ക് പുറമേ തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി എന്നീ അഞ്ച് ഭാഷകളില്‍ ഒരു പാന്‍ ഇന്ത്യന്‍ ചിത്രമായാണ് ‘ഗോസ്റ്റ്’ ഒരുങ്ങിയത്. ജയറാമിന്റെ ആദ്യ കന്നഡ ചിത്രം കൂടിയായിരുന്നു ഇത്. എം.ജി. ശ്രീനിവാസ് ആണ് സംവിധാനം.

മമ്മൂട്ടിയുടെ സൂപ്പർഹിറ്റ് ചിത്രം ‘കണ്ണൂർ സ്ക്വാഡ്’ നവംബർ 17 മുതൽ ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിച്ചു. നവാഗതനായ റോബി രാജ് സംവിധാനം ചെയ്ത ചിത്രം നൂറ് കോടി ക്ലബ്ബിൽ ഇടംപിടിച്ചിരുന്നു. ജോര്‍ജ് മാര്‍ട്ടിന്‍ എന്ന എഎസ്ഐ ആയാണ് കണ്ണൂർ സ്ക്വാഡിൽ മമ്മൂട്ടി എത്തിയത്. റോബി വർഗീസിന്റെ സഹോദരന്‍ റോണിയും മുഹമ്മദ് ഷാഫിയും ചേര്‍ന്നായിരുന്നു തിരക്കഥ. നൻപകൽ നേരത്ത് മയക്കത്തിനും റോഷാക്കിനും ശേഷം മമ്മൂട്ടി കമ്പനി നിർമിച്ച ചിത്രമെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.

കുഞ്ചാക്കോ ബോബന്‍, ആന്‍റണി വര്‍ഗീസ്, അര്‍ജുന്‍ അശോകന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ‘ചാവേര്‍’ സിനിമയുടെ ഒടിടി പ്രദര്‍ശനം Sony Liv-ൽ നവംബർ 24 മുതൽ ആരംഭിച്ചു. രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ജോയ് മാത്യ ഒരുക്കിയ തിരക്കഥയില്‍ ടിനു പാപ്പച്ചനാണ് ചിത്രം സംവിധാനം ചെയ്തത്.