യാത്രകളുടെ ശേഷിപ്പുകൾ – തുടർച്ച …

യാത്രകളുടെ ശേഷിപ്പുകൾ

ആരംഭത്തില്‍ സൂചിപ്പിച്ചിട്ടുള്ളതുപോലെ ഇവിടെയെല്ലാം സാമ്പ്രദായികമായ വസ്തുകഥന കഥാരീതിയെ ഒഴിവാക്കിക്കൊണ്ട് രാജ്യത്തിന്റെ സാംസ്കാരിക സാമൂഹികജീവിതത്തെ, അതിന്റെ യാഥാര്‍ത്ഥ്യങ്ങളിലേക്ക് നോക്കിക്കാണുന്ന രീതിയിലാണ് കാരൂര്‍ എഴുതുന്നത്. സ്വാഭാവികമായും ഇത്തരം രചനാരീതികളില്‍ ഒരു ചോദ്യം എഴുന്നുനില്‍ക്കു ന്നുണ്ടാകും. അത് യാത്രികന്റെ പക്ഷത്തെ സംബന്ധിച്ചിട്ടുള്ളതാണ്. എല്ലാക്കാലത്തും എഴുത്തുകാരനായ കാരൂര്‍ നിലയുറപ്പിച്ചിട്ടുള്ളത് മനുഷ്യ പക്ഷത്തുതന്നെയാണ്. ഒരിക്കലും അദ്ദേഹം ഭരണകൂടങ്ങളോട് ചേര്‍ന്നു നിന്നുകൊണ്ട് നേരുകള്‍ പറയാന്‍ തലതാഴ്ത്തി നിന്നിട്ടില്ല. യാത്രികനാകുമ്പോഴും, ആ എഴുത്തുകാരന്റെ കരുത്ത് തന്നെയാണ് കാരൂര്‍ മുന്നോട്ടു വയ്ക്കുന്നത്. വിമര്‍ശിക്കേണ്ട അവസരങ്ങളില്‍ ഏതു രാജ്യത്തു നില്‍ക്കുമ്പോഴും കാരൂര്‍ നിശബ്ദനാകുന്നില്ല. പരുഷമാര്‍ന്ന വാക്കുകള്‍ കൊണ്ട് തന്നെയാണ് ആ സന്ദര്‍ഭത്തെ കാരൂര്‍ നേരിടുന്നത്. ഇറ്റലി യാത്രാ വിവരണമായ ‘കാഴ്ചകള്‍ക്കപ്പുറ’ത്തില്‍ ഇത്തരം മുഹൂര്‍ത്തങ്ങളുണ്ട്. ദൈവത്തിന്റെ കയ്യൊപ്പുള്ള ശില്പത്തെക്കുറിച്ച് പറയുന്ന അദ്ധ്യായത്തില്‍ കാരൂര്‍ എഴുതുന്നു. ‘കാലാകാലങ്ങളായി യേശുവിന്റെ നാമത്തില്‍ അധികാരവര്‍ഗ്ഗം നടത്തിക്കൊണ്ടിരിക്കുന്ന ആത്മീയ ജീര്‍ണ്ണതകളെയും സെന്‍റ് പീറ്റേഴ്സ് ബര്‍ഗ്ഗ് ബസലിക്കയില്‍ കാണാം.’ ഇങ്ങനെ കുറിക്കുകൊള്ളുന്ന നിലപാടുകള്‍ കൊണ്ട് വായനക്കാരന്റെ കൂടിയുള്ള യാത്രയെ ചൂടുപിടിപ്പിക്കാനും അല്പമെങ്കിലും നേരം ചിന്തയിലേക്ക് കടക്കാനും ഇത്തരം പരാമര്‍ശങ്ങള്‍ സഹായിക്കും എന്ന കാര്യത്തില്‍ സംശയമില്ല.

കാരൂരിന്റെ ലണ്ടന്‍-ഇംഗ്ലണ്ട് യാത്രാവിവരണം ‘കാലം മായ്ക്കാത്ത പൈതൃക കാഴ്ചകള്‍’ ഒരു യാത്രാപുസ്തകം എന്നതിനപ്പുറം മികച്ചൊരു പഠനപുസ്തകമാണ്. ഈ യാത്രാപുസ്തകത്തില്‍ ചര്‍ച്ച ചെയ്യാത്ത വിഷയങ്ങളില്ല. നരവംശശാസ്ത്രത്തില്‍ നിന്നു തുടങ്ങി ബഹിരാകാശ ശാസ്ത്രം വരെ ചര്‍ച്ച ചെയ്യുന്നു. പുസ്തകാരംഭത്തില്‍ തന്നെ കാരൂര്‍ ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്. ‘വരികള്‍ക്കിടയില്‍ വായിക്കണം’ എന്നാണ് യാത്രികന്‍ പുസ്തകം വായിക്കാനെടുക്കുന്നവര്‍ക്ക് ആദ്യം നല്‍കുന്ന മുന്നറിയിപ്പ്. ഈ മുന്നറിയിപ്പ് ഒരു ദിശാസൂചിയാണ്. ബ്രിട്ടന്റെ പൈതൃകവും സംസ്കാരവും ചരിത്രസ്മാരകങ്ങളും മ്യൂസിയങ്ങളും തുടങ്ങി ചലനാത്മകമായ മാറ്റങ്ങള്‍ക്കും പരിഷ്ക്കാരങ്ങള്‍ക്കും മദ്ധ്യേജ്വലിക്കുന്ന ഒരനുഭവം പങ്കിടുന്ന ബ്രിട്ടന്‍ കാരൂര്‍ അവതരിപ്പിക്കുമ്പോള്‍ അത് നാം ചരിത്രപുസ്തകങ്ങളില്‍ നിന്ന് ഇന്നേവരെ കേട്ടതില്‍ നിന്ന് ഏറെ വ്യത്യാസമായ ഒരനുഭവമായിത്തീരുന്നു. അത് അവതാരിക എഴുതിയ സിപ്പി പള്ളിപ്പുറം പറയുന്നുണ്ട്. എസ്.കെ.പൊറ്റക്കാടിന്‍റെ ‘ലണ്ടന്‍ ഡയറി’ക്ക് ശേഷം ലണ്ടനെക്കുറിച്ചെഴുതിയ മികച്ച സഞ്ചാര സാഹിത്യ കൃതിയാണ് ഇതെന്നാണന്നാണ് സിപ്പി പള്ളിപ്പുറം രേഖപ്പെടുത്തിയിട്ടുള്ളത്. ഇങ്ങനെയെല്ലാം സൂര്യനസ്തമിക്കാത്ത സാമ്രാജ്യം പുതിയൊരു അനുഭവരീതിയോടെ നമുക്ക് മുന്നില്‍ സ്വയം പ്രകാശമാനമാവുകയാണ്. ഇത്തരം യാത്രാവിവരണ രചനയ്ക്കു പിന്നില്‍ കൃത്യമായൊരു ഹോം വര്‍ക്കുണ്ട്. അല്ലാതെ പെട്ടെന്ന് തീരുമാനിച്ചുകൊണ്ട് ഇറങ്ങി പുറപ്പെടുന്ന ഒരനുഭവമല്ലത്. അതിന് ആവശ്യമായ കരുക്കള്‍ ഒരുക്കിത്തന്നെയാണ് ഈ യാത്രികന്‍ യാത്രയ്ക്ക് തയ്യാറാകുന്നത്. ഹോംവര്‍ക്കിന്റെ കാര്യം സൂചിപ്പിച്ചല്ലോ. അത് എത്രത്തോളം, ആഴത്തിലുള്ളതും ആധികാരികമാണെന്ന് ‘കാലം മായ്ക്കാത്ത പൈതൃക കാഴ്ചകള്‍’ വായിച്ചാല്‍ ബോദ്ധ്യമാകും. കൃത്യമായ രേഖീയ വിജ്ഞാനങ്ങള്‍ ലഭ്യമായതെല്ലാം ശേഖരിച്ച് പഠിച്ചാണ് കാരൂര്‍ ഈ യാത്രാപുസ്തകം തയ്യാറാക്കിയിരിക്കുന്നത്. തേംസും, ബിഗ്ബെനും ബക്കിംഗ്ഹാം കൊട്ടാരവും ഹാംറ്റന്‍ കോര്‍ട്ട് പാലസും കേംബ്രിഡ്ജ് ഓക്സ്ഫോര്‍ഡ് അനുഭവങ്ങളും തുടങ്ങി ഷേക്സ്പിയര്‍ സംസ്കാരത്തോളം ഒഴുകിപ്പരന്ന അനുഭവ പ്രപഞ്ചമാണ് ഈ പുസ്തകത്തിന്‍റെ തുടിപ്പ്. പുസ്തകം വായിച്ചു മടുക്കുമ്പോള്‍ ഓരോ വായനക്കാരനും ചിന്തിച്ചുപോകും, ഇതൊരു കേവലം യാത്രാവിവരണ പുസ്തകമായിരുന്നോ എന്ന്. അത്തരമൊരു സന്ദേഹത്തിന്റെ ചോദ്യം ആരിലും ഉണ്ടാകും എന്ന കാര്യത്തില്‍ സംശയമില്ല. ആ അര്‍ത്ഥത്തില്‍ ഇത് വൈജ്ഞാനിക സാഹിത്യത്തിനു കൂടിയുള്ള ഒരു സമഗ്രസമ്പന്നതയാര്‍ന്ന മുതല്‍ക്കൂട്ടാണ്.

തേംസിനെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് കാരൂര്‍ ‘കാലം മായ്ക്കാത്ത പൈതൃക കാഴ്ചകള്‍ ആരംഭിക്കുന്നത്.’ “ലണ്ടനില്‍ പൊതുവെ മഴയുണ്ട്. പക്ഷേ, കനത്ത മഴയില്ല. അതിനാല്‍ ശുദ്ധജലത്തിന് ക്ഷാമമില്ല. നിലയ്ക്കാത്ത ശുദ്ധജല പ്രവാഹം എവിടെ നിന്നെന്ന ചോദ്യത്തിന്റെ ഉത്തരമാണ് തേംസ് നദി. തേംസ് ലണ്ടന്‍ നഗരത്തിന്റെ ദാഹശമനിയോ ഹൃദയത്തുടിപ്പോ ഒക്കെയാണ്. നഗരവാസികള്‍ കുടിക്കുന്ന ജലത്തില്‍ മൂന്നില്‍ രണ്ടും ഈ നദിയില്‍ നിന്നാണെന്ന് കേട്ടിരുന്നു. ഗ്ലസ്റ്റര്‍ ഷെറില്‍ തുടങ്ങി വടക്കേ സമുദ്രത്തിലേക്കൊഴുകുന്ന തേംസ് നദിയുടെ ഉദ്ഭവ പ്രദേശത്തു വീഴുന്ന ഒരു തുള്ളി ജലം ലണ്ടനില്‍ എട്ടുപേരെങ്കിലും ഉപയോഗിക്കും എന്ന് പഴമക്കാര്‍ പറയാറുണ്ട്.” ഇങ്ങനെ എത്ര ഹൃദ്യമായ ഭാഷയിലാണ് ഇംഗ്ലണ്ടിന്റെ ഐശ്വര്യദേവതയായ തേംസിനെ കാരൂര്‍ വര്‍ണിച്ചു തുടങ്ങുന്നത്. തുടക്കത്തിലെ ഈ ആര്‍ദ്രത യാത്രയിലുടനീളം അനുഭവിക്കാനാകും. ബിഗ്ബെന്‍ എന്ന വിസ്മയം മറ്റൊരു അത്ഭുതത്തിലേക്കാണ് കടക്കുന്നത്. യാത്രികന്‍ ഇവിടെ എത്തുമ്പോള്‍ വിസ്മയത്തിന്റെ നെറുകയിലേക്ക് വായനക്കാരനുമെത്തുന്നു. അത്രയ്ക്ക് അറിവുകളാണ് ഈ ചെറിയ അദ്ധ്യായത്തില്‍ കാരൂര്‍ സന്നിവേശിപ്പിച്ചിരിക്കുന്നത്. മറ്റ് ശ്രദ്ധേയങ്ങളായ അദ്ധ്യായങ്ങള്‍ വില്യം ഷേക്സ്പിയര്‍ ആരാധനയും, ഒലിവര്‍ ട്വിസ്റ്റ് പിറന്ന വീട്ടിലുമാണ്. ഇവിടെ ഒരു കാര്യം പ്രത്യേകം എടുത്തുപറയേണ്ടതുണ്ട്. അത് എഴുത്തുകാരെക്കുറിച്ച് പറയുമ്പോള്‍ കാരൂരിലെ എഴുത്തുകാരന്‍ ആയിരം നാവുള്ള അനന്തനായി മാറുന്നു എന്നുള്ളതാണ്. വില്യം ഷേക്സ്പിയറെക്കുറിച്ചുള്ള വിവരണത്തില്‍ ലോകസാഹിത്യത്തിന്റെ ഒരു പരിച്ഛേദം തന്നെ കാരൂര്‍ അവതരിപ്പിക്കുന്നുണ്ട്.

കേവലം ഒരാരാധന മാത്രമല്ലത്. നന്നായി ആധികാരികമായി തന്നെ സാഹിത്യം പഠിച്ചനുഭവിച്ചതിന്റെ തീക്ഷ്ണതയും സമഗ്രതയുമാണ് ലോകസാഹിത്യത്തെക്കുറിച്ച് വിശദീകരിക്കുമ്പോള്‍ കാരൂര്‍ ലക്ഷ്യം വയ്ക്കുന്നത്. വില്യം ഷെയ്ക്സ്പിയറിന്റെ വീട്ടിലെത്തുന്നതിനു മുന്‍പ് തന്നെ വിശാലവും വിപുലവുമായ സാഹിത്യരത്നാകാരത്തിലുള്ള മുത്തുമണികള്‍ കാരൂര്‍ അവതരിപ്പിക്കുന്നുണ്ട്. ഇതിനൊപ്പം പുരോഗമനവാദിയും മനുഷ്യപക്ഷ സംസ്കാരത്തില്‍ അടിയുറച്ചു വിശ്വസിക്കുകയും അത്തരം നവീനവും കുലീനവുമായ ആശയങ്ങള്‍ എഴുത്തില്‍ അനുഭവപ്പെടുത്തുകയും ചെയ്യുന്ന കാരൂര്‍ പ്രബലമായൊരു ചോദ്യം ഈ അദ്ധ്യായത്തില്‍ ചേര്‍ത്തുവയ്ക്കുന്നുണ്ട്. “തൂലിക പടവാളാക്കിയ ഒരു വിശ്വോത്തര സാഹിത്യകാരനെ എങ്ങനെയാണ് പള്ളിക്കുള്ളിലടക്കം ചെയ്യുക. ഇദ്ദേഹം ക്രിസ്തീയ മതത്തിന് അടിമയായിരുന്നോ? ഈ ചോദ്യങ്ങള്‍ കാലാകാലങ്ങളായി ഷെയ്ക്സ്പിയര്‍ വായനക്കാരെ അസ്വസ്ഥമാക്കിയിരുന്ന ചോദ്യങ്ങളായിരുന്നു. എന്നാല്‍ ഈ ചോദ്യങ്ങളുടെ ശരിയായ ഉത്തരങ്ങള്‍ കൃത്യമായി തന്നെ കാരൂരിലെ ജ്ഞാനാന്വേഷി കണ്ടെത്തി അവതരിപ്പിക്കുന്നുണ്ട്. കാരൂരിന്റെ അന്വേഷണവും കണ്ടെത്തലുകളും ശരിയായിരുന്നുവെന്ന് നമുക്ക് തിരിച്ചറിയാനാകും.”

‘വില്യം’ എന്നു വിളിപ്പേരുള്ള വില്യം ഷെയ്ക്സ്പിയറിന്റെ ചെറുപ്പം മുതല്‍ മരണം വരെയുള്ള ചരിത്രം സൂക്ഷ്മതയോടെയാണ് കാരൂര്‍ അവതരിപ്പിക്കുന്നത്. കാലം നമിക്കുന്ന ഒരെഴുത്തുകാരന്‍റെ സൃഷ്ടിക്കു പിന്നില്‍ പ്രവര്‍ത്തിച്ച ചാലകശക്തികളോരോന്നും തൊട്ടുമുന്നില്‍ കണ്ട് കടന്നുപോകുന്നു. ഒപ്പം ഒരു മ്യൂസിയം എങ്ങനെയാണ് ഇത്ര ചിട്ടയോടും വൃത്തിയോടും കൂടി ക്രമീകരിക്കേണ്ടത് എന്ന അനുഭവം കൂടി പങ്കുവച്ചിട്ടാണ് യാത്രികന്‍ ഉദാത്തമായ ആ കാഴ്ചകള്‍ കണ്ടു തീര്‍ക്കുന്നത്. ഇതിനൊപ്പം തന്നെ വായിക്കാവുന്ന ഒരദ്ധ്യായമാണ് ‘ഒലിവര്‍ ട്വിസ്റ്റ് പിറന്ന വീട്ടില്‍’. ഒലിവര്‍ ട്വിസ്റ്റ് എന്ന അനാഥ ബാലനെ സൃഷ്ടിച്ച മഹാപ്രതിഭാശാലിയായ ചാള്‍സ് ഡിക്കന്‍സിന്റെ ഭവനം യാത്രികനൊപ്പം അതു കണ്ടു നടക്കുന്ന ഓരോ വായനക്കാരനും ഒരു പുതിയ അനുഭവം തന്നെയാണ്. ഇവിടെയെല്ലാം കാലത്തിന്‍റെ കരവിരുത് പോലെ ഭാവനയും ഭാഷയും യാഥാര്‍ത്ഥ്യവും കൈകള്‍ കോര്‍ത്തു നില്‍ക്കുന്നു. കൃതഹസ്തനായ ഒരെഴുത്തുകാരന്റെ ഉയര്‍ന്ന സാഹിത്യബോധവും സാംസ്കാരിക നിര്‍വചനങ്ങളും സമകാലിക സാമൂഹ്യ നിരീക്ഷണങ്ങളും പരസ്പരപൂരകമായി ഇഴചേര്‍ത്ത് അവതരിപ്പിക്കുന്ന ഒരു എഴുത്തുരീതിയാണിത്. ഇത്തരമൊരു രചനാരീതി മലയാളത്തില്‍ അധികമില്ല. കേവലമൊരു യാത്രാവിവരണം എന്നതിനപ്പുറം വൈജ്ഞാനിക ശാഖയ്ക്ക് മുതല്‍ക്കൂട്ടാകുന്ന ഇത്തരം രചനകള്‍ വായനക്കാരന്‍റെ ബൗദ്ധിക ജാഗ്രതയെക്കൂടി അര്‍ത്ഥവത്താക്കുന്ന ഒരനുഭവതലത്തിലേക്ക് എത്തിക്കുന്നുണ്ട്.

ഫിന്‍ലാന്‍ഡ് യാത്രാവിവരണ പുസ്തകമായ ‘കുഞ്ഞിളം ദ്വീപുകള്‍’ മലയാളത്തിലെ സഞ്ചാരസാഹിത്യകൃതികളില്‍ വച്ച് ഏറെ ശ്രദ്ധിക്കപ്പെടേണ്ട ഒന്നാണ്. അതുല്യം എന്ന് തന്നെ ഇതിനെ ഒറ്റവാക്കില്‍ വിശേഷിപ്പിക്കാം. ബാള്‍ട്ടിക് സമുദ്രപുത്രിയായ ഫിന്‍ലാന്‍ഡിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളില്‍ നിന്നു തുടങ്ങി ഫിന്‍ലാന്‍ഡിന്റെ സംസ്കൃതികളിലൂടെ കാലികമായ അരങ്ങുകളിലേക്കെത്തുന്ന വിധമാണ് പുസ്തകം ക്രമീകരിച്ചിരിക്കുന്നത്. വിശിഷ്യാ ആ നാടിന്‍റെ ഗ്രാമീണ ചാരുത, അവിടുത്തെ ജനങ്ങളുടെ സാംസ്കാരികത്തനിമ എന്നിവയെല്ലാം ഒരു മാലയിലെന്നപോലെ യാത്രികന്‍ കോര്‍ത്തുകെട്ടിയിരിക്കുന്നു. ഇതിനൊപ്പം കലാസാഹിത്യ ആരോഗ്യഭരണ രംഗങ്ങളെക്കുറിച്ചും ആ മേഖലകളില്‍ സ്തുത്യര്‍ഹമായ പങ്കുവഹിച്ച് രാജ്യത്തെ ഉന്നതിയിലെത്തിച്ച പ്രതിഭാധനരെയും ഈ യാത്രാപുസ്തകത്തില്‍ കണ്ടെത്താനാകും. അതുകൊണ്ട് തന്നെ കാരൂരിന്റെ മറ്റുയാത്രാപുസ്തകങ്ങളുടെ മുഖ്യപ്രത്യേകത ഈ പുസ്തകത്തിലും സവിശേഷമായൊരു അനുഭവം പങ്കിടുന്നുണ്ട്. അത് വൈജ്ഞാനിക സംസ്കാരത്തിനു ലഭ്യമാകുന്ന ഒരപൂര്‍വ്വ ബഹുമതി കൂടിയാണ്. ‘കുഞ്ഞിളം ദ്വീപുകള്‍’ വൈജ്ഞാനിക സാഹിത്യ ത്തിനു കൂടി മുതല്‍ക്കൂട്ടുള്ള ഒരു പുസ്തകമാണ്.

ഫിന്‍ലാന്‍ഡിലേക്കെത്തും മുന്‍പ് ഓര്‍മ്മകളുടെ ഒരു വഴിയമ്പലം അതീവഹൃദ്യമായ ഭാഷയില്‍ കാരൂര്‍ വരച്ചിടുന്നുണ്ട്. അത് ബാല്യകാലസ്മരണയാണ്. കാരൂര്‍ എഴുതുന്നത് ശ്രദ്ധിക്കുക. ‘ബാല്യത്തില്‍ ഞാന്‍ തികഞ്ഞ വികൃതിയായിരുന്നു. നിരന്തരം അടിവാങ്ങുന്നവന്‍. അതുകൊണ്ട് തന്നെ ക്രിസ്മസ് അപ്പൂപ്പന്‍ ഒരിക്കലുമെനിക്ക് സമ്മാനം തന്നില്ലെന്ന് പറഞ്ഞാല്‍ കേള്‍ക്കില്ലെന്ന് തോന്നിയതുകൊണ്ടാകും. ഇത്തരം കഥകള്‍ ആരും പറഞ്ഞു തന്നിട്ടുമില്ല. പക്ഷേ, എന്റെ ബാല്യത്തിലും നാട്ടില്‍ ക്രിസ്മസ് ഗായകസംഘത്തിനൊപ്പവും റോഡിലൂടെ പാട്ടുപാടിയും മറ്റും ക്രിസ്മസ് അപ്പുപ്പന്‍ വീട്ടില്‍ എത്തിയിരുന്നു. കുടവയറും അറ്റം വളഞ്ഞവടിയും വെള്ളത്താടിയും ചുവപ്പുകോട്ടും ചുവപ്പ് തൊപ്പിയും ബെല്‍റ്റുമൊക്കെ അണിഞ്ഞ ക്രിസ്മസ് ഫാദര്‍ ഇന്നും മനസ്സിലുണ്ട്.’ സാന്താക്ലോസിനെ തേടി ഫിന്‍ലാഡിലേക്ക് യാത്രതിരിക്കും മുന്‍പ്, ആ യാത്രയ്ക്ക് എത്രയോ മുന്‍പ് അനുഭവിച്ച ഓരോര്‍മ്മ അവതരിപ്പിക്കുകയാണ് യാത്രികന്‍. ഈ ഓര്‍മ്മയെഴുത്തിന്റെ യാഥാര്‍ത്ഥ്യത്തിലേക്ക് കാരൂര്‍ നടന്നുകയറുന്നത്. ഫിന്‍ലാന്‍ഡിന്റെ ആരെയും കൊതിപ്പിക്കുന്ന മഞ്ഞുമലകളെയും താഴ്വാരങ്ങളെയും കണ്ടുനടക്കുമ്പോള്‍ ഈ യാത്രികനുള്ളില്‍ അഭിരമിക്കുന്നൊരു അഭിജാത സംസ്കാരമുണ്ട്. ആ സംസ്കാരത്തെയാണ് ഓരോ യാത്രയില്‍ നിന്നും കാരൂര്‍ കണ്ടെടുക്കുന്നത്. ഇത് എഴുത്തുകാരായ മറ്റു യാത്രികര്‍ ചെയ്യാത്ത ഒരു കാര്യമാണ്. അവര്‍ കാണുന്ന കാഴ്ചയെ വളരെ യാന്ത്രികമായി വിശദീകരിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ കാരൂരിലെ യാത്രികന്‍ കണ്ടതും കേട്ടതുമായ നിമിഷങ്ങളെ വൈകാരികമായി സ്വീകരിക്കുന്നു. കണ്ടതും കേട്ടതും സത്യമായി തന്നെ അവതരിപ്പിക്കുന്നു. അവിടെ കാരൂരിന് മുന്‍വിധികളില്ല. ഉള്ളത് കണ്‍മുന്നില്‍ കണ്ട സത്യം മാത്രമാണ്. ആ സത്യത്തെയാണ് എല്ലാക്കാലവും കാരൂരിലെ എഴുത്തുകാരനും യാത്രികനും പിന്‍തുടരുന്നത്. ആദ്യ അദ്ധ്യായത്തില്‍ തന്നെ ഒരു പ്രധാനവിഷയം കാരൂര്‍ അവതരിപ്പിക്കുന്നുണ്ട്. അത് നാടുകാണാന്‍ ഇറങ്ങിത്തിരിച്ച ഒരാള്‍ കൈയ്യില്‍ ഒരു പുസ്തകം കരുതേണ്ടതുണ്ടോ എന്നാണാ ചോദ്യം ആ ചോദ്യത്തെ ലോകത്തിന്റെ വായന സംസ്കാരത്തെ ഒരു പരിച്ഛേദം നിലയിലാണ് കാരൂര്‍ അവതരിപ്പിക്കുന്നത്. “യാത്രകളില്‍ പുസ്തകങ്ങള്‍ കൂടെ കൊണ്ടുപോവുക ബ്രിട്ടീഷുകാരന്റെ വിശ്വാസ പ്രമാണങ്ങളില്‍ പ്രധാനപ്പെട്ടതാണ്. ഇത് ബ്രിട്ടീഷ് വിദ്യാഭ്യാസം ചെറുപ്പം മുതല്‍ കുട്ടികളില്‍ ഊട്ടി ഉറപ്പിക്കുന്ന ഒരു ഗുണമാണ്. ഇന്ത്യയില്‍ വായനയ്ക്ക് പകരം മതമൗലികവാദങ്ങളും വളമിട്ടു വളര്‍ത്തുന്നു.” ഇതു പ്രത്യക്ഷത്തില്‍ നോക്കിയാല്‍ ഒരു യാത്രികന് പറയേണ്ട ആവശ്യമില്ല. കണ്ട് പോകുന്ന സ്ഥലവിവരണമാണ് പലപ്പോഴും സഞ്ചാരികള്‍ യാത്രാപുസ്തകങ്ങളില്‍ പകര്‍ത്തി വയ്ക്കാറുള്ളത്. എന്നാല്‍ യാത്രാപുസ്തകങ്ങളിലെ അംഗീകൃതപാരമ്പര്യങ്ങളെയാകെ ഉടച്ചുകളഞ്ഞുകൊണ്ട് പ്രമേയ കേന്ദ്രിതമായ മറ്റൊരു ആശയത്തിനു കൂടി കാരൂരിലെ യാത്രികന്‍ വഴി മരുന്നിടുന്നു. ഇത് മൗലികമായൊരു തനിമയാണ്. കണ്ടുപോകുന്ന കാഴ്ചകള്‍ക്ക് സമാന്തരമായി വ്യത്യസ്തങ്ങളായ ആലോചനാവിഷയങ്ങള്‍ കൂടി കാതോര്‍ക്കുന്ന ഒരു എഴുത്തനുഭവമാണിത്. ഇത്തരം വിവിധ വിഷയങ്ങള്‍, അതിന്‍റെ ആധികാരികതയോടെ കാരൂര്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.

മരണമില്ലാത്ത കരിങ്കല്‍ ദേവാലയവും സഞ്ചാരികളുടെ പറുദീസയായ സുമലിന്നയും സൗന്ദര്യം വിളമ്പുന്ന ദ്വീപുകളും ഹെല്‍സിങ്കിയിലെ സ്വര്‍ഗ്ഗീയ താക്കോലും അനുഭവിച്ചുള്ള യാത്ര കൗതുകം എന്ന പോലെ തന്നെ വിജ്ഞാനപ്രദവുമാണ്. ഈ യാത്ര സംസ്കൃതിയിലേക്കുള്ള മടക്കയാത്ര കൂടിയാണ് എന്ന് ഓര്‍മ്മപ്പെടുത്തുന്ന ഒരദ്ധ്യായമാണ് ഫിന്‍ലന്‍ഡിന്റെ പൈതൃകസ്വത്തായ അറ്റെനെ മ്യൂസിയത്തെക്കുറിച്ചുള്ളത്. മ്യൂസിയത്തിലേക്കുള്ള മനോഹരമായ വഴിത്താരയുടെ മദ്ധ്യേ ഫിനിഷ് കവിയും കഥാകാരനും പത്രപ്രവര്‍ത്തകനുമായ ഈനിലേയ്നോയുടെ മാര്‍ബിള്‍ പ്രതിമ കണ്ടകാര്യം യാത്രികന്‍ രേഖപ്പെടുത്തുന്നുണ്ട്. വെറുതെ ആ പ്രതിമകണ്ട് പോവുകയല്ല കാരൂര്‍. ഈനിലേയ്നോയെക്കുറിച്ച് അര്‍ത്ഥദീപ്തവും സംക്ഷിപ്തവുമായൊരു വിവരണം കൂടി നല്‍കിയ ശേഷമാണ് യാത്രികന്‍ മുന്നോട്ടു നീങ്ങുന്നത്. ഈ സംക്ഷിപ്തവിവരണം സുദീര്‍ഘമായൊരു പ്രബന്ധത്തിന്റെ സിനോപ്സിസ് അല്ലെ എന്നു തോന്നി. കാരണം ഈനിലേയ്നോയെപ്പോലെ പ്രതിഭാധനനായ ഒരാളുടെ സര്‍ഗ്ഗാത്മകജീവിതത്തെ ഇത്ര ചുരുക്കി അവതരിപ്പിക്കുന്നതെങ്ങനെ. ഈ സന്ദേഹത്തെയാണ് കാരൂര്‍ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ മറികടന്നത്. മറ്റൊന്ന്, വിഖ്യാതനായ ഈനിലേയ്നോ മലയാളത്തില്‍ പ്രസിദ്ധീകൃതമായ ഒരു വിശ്വസാഹിത്യകോശങ്ങളിലും പ്രത്യക്ഷപ്പെട്ടിട്ടില്ല എന്നു കൂടി പറയേണ്ടതുണ്ട്. അദ്ദേഹത്തിന്റെ കവിതകള്‍ പോലും ഭാഷാന്തരീകരിച്ച് മലയാളത്തില്‍ വന്നിട്ടില്ല എന്നു തിരിച്ചറിയുമ്പോഴാണ് കാരൂരിനെപ്പോലുള്ളവര്‍ ചെയ്യുന്ന മഹത്തായ സേവനത്തിന്‍റെ മൂല്യം നാം തിരിച്ചറിയുന്നത്. കാരൂരിന്റെ യാത്രാ വിവരണങ്ങളിലെല്ലാം ലോകത്തിന്‍റെ വിവിധ സ്ഥലങ്ങളില്‍ ജീവിക്കുന്ന, ജീവിച്ചിരുന്ന വലിയ എഴുത്തുകാരെ പരിചയപ്പെടുത്തുന്ന ഒരു സംസ്കാ രമുണ്ട്. ഷെയ്ക്സ്പിയര്‍, ഡിക്കന്‍സ് തുടങ്ങിയവരൊഴികെയുള്ളവര്‍ പലപ്പോഴും മലയാളിക്ക് അത്ര സുപരിചിതരായിരിക്കണമെന്നില്ല. എന്നാല്‍ കാരൂര്‍ നമ്മുടെ ശ്രദ്ധയില്‍ അത്ര പെട്ടെന്ന് കയറിക്കൂടിയിട്ടില്ലാത്ത മഹാവ്യക്തിത്വങ്ങളെ ആധികാരികമായി തന്നെ പരിചയപ്പെടുത്തുകയും അവരുടെ മഹത്തായ കൃതികളെ അതിന്‍റെ ഗൗരവതലത്തില്‍ ഉദാത്തമായി തന്നെ പരിചയപ്പെടുത്തുകയും ചെയ്യുന്നു. ഇത് മഹത്തായ ഒരു സാഹിത്യ സേവനം തന്നെയാണ്.

ഫിന്‍ലാന്‍ഡ് യാത്രയുടെ അവസാനം യാത്രികന്‍ ഹെല്‍സിങ്കിയുടെ സൗന്ദര്യം ആസ്വദിച്ച് നടക്കുമ്പോള്‍ ഒരിന്ത്യന്‍ റസ്റ്റാറന്‍റ് കണ്ട അനുഭവം പങ്കുവയ്ക്കുന്നുണ്ട്. അത് പ്രത്യേകം ശ്രദ്ധയാകര്‍ഷിക്കുന്ന ഒരനുഭവമാണ്. ആ റസ്റ്റാറന്‍റിന്റെ പേര് തന്നെ പ്രത്യേകം ശ്രദ്ധ ആകര്‍ഷി ക്കുന്ന ഒരനുഭവമാണ്. ആ റസ്റ്റാറന്‍റിന്റെ പേര് തന്നെ പ്രത്യേകതയുള്ളതാണ്. ‘ഗാന്ധി റസ്റ്റോറന്‍റ്.’ ഇതുപോലെ സ്പെയിന്‍ റിയല്‍ മാഡ്രിഡ് സ്റ്റേഡിയത്തിനടുത്തും ആംസ്റ്റര്‍ഡാം ഹാര്‍ലിമിയിലും ഗാന്ധി ഹോട്ടലു കള്‍ കണ്ടതായി കാരൂര്‍ രേഖപ്പെടുത്തുന്നുണ്ട്. ഇതെല്ലാം സംസ്കാരത്തിന്റെ തന്നെ സവിശേഷമുദ്രകളായി തന്നെ തിരിച്ചറിയാവുന്നവയാണ്. കാലം കഴിഞ്ഞും നമ്മുടെ മനസ്സിന്‍റെ ഉള്‍പ്പിരിവുകളില്‍ ചേര്‍ത്തു വയ്ക്കാവുന്ന ഓര്‍ത്തെടുക്കാവുന്ന മുഹൂര്‍ത്തങ്ങള്‍. ഇത്തരം മുഹൂര്‍ത്തങ്ങളെ കണ്ടെടുത്ത് അത് സംസ്കാരത്തിന്‍റെയും കാലത്തിന്‍റെയും ഒപ്പം നിര്‍ത്തി വിചിന്തനം ചെയ്യുമ്പോഴാണ് പലപ്പോഴും അത് കാലഗന്ധിയായ ഒരനുഭവമായിത്തീരുന്നത്. ഫിന്‍ലന്‍ഡ് യാത്രാവിവരണത്തിലെ മണക്കും മുഹൂര്‍ത്തങ്ങള്‍ അതാണ് ഓര്‍മ്മിപ്പിക്കുന്നത്. ഇതൊന്നും വെറും യാത്രകളല്ല. സംസ്കാരത്തിലേക്ക് തുറന്നു പിടിച്ച സാംസ്കാരിക യാത്രകളാണ്. അതുകൊണ്ടാണ് വീണ്ടും വീണ്ടും ഈ യാത്രാപുസ്തകങ്ങളിലൂടെ കടന്നുപോകാന്‍ വായനക്കാരനെ പ്രേരിപ്പിക്കുന്നത്.

കാരൂരിന്റെ സഞ്ചാരസാഹിത്യകൃതികളില്‍ ശ്രദ്ധേയമായ ഒരു പുസ്തകമാണ് ‘കന്യാസ്ത്രീ കാക്കളുടെ നാട്’. ലോക സഞ്ചാരിയായ കാരൂരിന്‍റെ അനഭവങ്ങളുടെ കയ്യൊപ്പ് ചാര്‍ത്തിയ പുസ്തകമാണിത്. ആഫ്രിക്കന്‍ ഭൂപ്രകൃതിയുടെ വന്യസൗന്ദര്യമാകെ ഒരു ചിപ്പിയിലെന്നപോലെ ഒതുക്കിപ്പറയുക സാഹസിതകതയാണ്. ഈ സാഹസികതയെയാണ് വളരെ മികച്ച രീതിയില്‍ വായനയുടെ രസച്ചരട് പൊട്ടാതെ കാരൂരിലെ യാത്രികന്‍ അനുഭവിച്ച് അവതരിപ്പിച്ചിരിക്കുന്നത്. ഈ എഴുത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഒരു ഫിക്ഷന്റെ ലാവണ്യ നിയമങ്ങള്‍ക്കനുസൃതമായാണ് യാത്രികന്‍ ഈ പുസ്തകം തയ്യാര്‍ ചെയ്തിട്ടുള്ളത്. അതുകൊണ്ട് തന്നെ ആഫ്രിക്കന്‍ ഭൂപ്രദേശം പോലെ, വായനയില്‍ ഹൃദ്യമായ ഒരനുഭൂതി എന്നതിനപ്പുറം കാലത്തിന്റെയും ജീവിതത്തിന്റെയും സമ്മിശ്രമായ ഒരനുഭവതലം കൂടി യാത്രികന്‍ ഈ കൃതിയിലൂടെ വെളിപ്പെടുത്തുന്നുണ്ട്. ‘രാജധാനി വിട്ടിറങ്ങിയ രാജകുമാരന്‍’ എന്ന ആദ്യ അദ്ധ്യായത്തില്‍ തന്നെ അതിന്‍റെ കതിര്‍ക്കനമുള്ള അനുഭവസത്തയുണ്ട്. ലോകത്തിലെ തന്നെ അത്യപൂര്‍വ്വമായ ആവാസ വ്യവസ്ഥയാല്‍ അനുഗ്രഹീതമായ ബോട്സ്വാനയുടെ വിരിമാറിലൂടെ സമാരംഭിക്കുന്ന യാത്ര ആനന്ദപ്രദവും ഉല്ലാസപ്രദവുമാണ് അതിന് പരിഭ്രാന്തി യുടെ ഒരു സുഖവും കൂടിയുണ്ട്. സിംബാബ്വേയിലെ ഏറ്റവും ഉയരമുള്ള ന്യൂഗാനി പര്‍വത നിരകളിലേക്കുള്ള യാത്ര ഉദ്വേഗജനകമാണ്. ഇരുണ്ട രഹസ്യങ്ങളുടെ താവളമായ ആഫ്രിക്കന്‍ യാത്രകളുടെ ഉത്തുംഗ ഗിരിമകുടമാണ് ന്യൂഗാനി പര്‍വ്വതം. ആരിലും ഭയം ജനിപ്പിക്കുമാറുതകുന്ന ഗിരിമസ്തകം. അതിന്‍റെ വന്യതയ്ക്ക് ഇത്തിരി അയവു വരുത്താനെന്ന വണ്ണം യാത്രികന്റെ മനസ്സിലൂടെ അല്പാല്പമായി ചില ഭാഷാ പ്രയോഗങ്ങള്‍ കാവ്യാത്മകമായി അനുഭവപ്പെട്ടതായി തോന്നി. ‘ആകാശം പ്രളയ കാലമേഘങ്ങളെപ്പോലെ ഗര്‍ജ്ജിക്കുന്നു’ എന്നും ‘സൂര്യകിരണങ്ങളെ പര്‍വ്വത നിരകള്‍ വിഴുങ്ങിയതായി തോന്നി’ എന്നും യാത്രികനായ കാരൂര്‍ എഴുതുമ്പോള്‍ അതെല്ലാം സ്വരസുഗന്ധം പേറുന്ന കാല്പനികതയുടെ അമൃതവര്‍ഷമായി വായനക്കാര്‍ക്ക് തോന്നും. ഇത്തരമൊരു പാട് കല്പനകള്‍ പുസ്തകത്തില്‍ അങ്ങിങ്ങായി ഈ യാത്രികന്‍ കൊരുത്തിട്ടുണ്ട്. പ്രധാനമായും പതിനാറ് അദ്ധ്യായങ്ങളാണ് ഈ യാത്രാപുസ്തകത്തിലുള്ളത്. ഈ അദ്ധ്യായങ്ങളില്‍ പലതും ഉദ്വേഗഭരിതവും ഭീതിജനകവുമായ ഒരനുഭവം പങ്കിടുന്നവയാണ്. ഭീമന്‍ കുന്നിലുറങ്ങുന്ന ദേവാലയം, അഗ്നികുണ്ഡത്തിലെരിയുന്ന രോഗങ്ങള്‍, കണ്ണുകള്‍ കണ്ട് ഭയക്കുന്ന വന്യമൃഗങ്ങള്‍ തുടങ്ങി വ്യത്യസ്തമായ അനുഭവരാശികളിലൂടെ മുന്നേറുന്ന കഥാകഥനരീതിയാണ് കാരൂരിലെ യാത്രികന്‍ ഈ പുസ്തകത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. ഈ അവതരണം മലയാള ത്തില്‍ ഏറെ പുതുമയുള്ള ഒരു രീതിയാണ്. ആ അര്‍ത്ഥത്തില്‍ ഒരുത്തമ കലാസൃഷ്ടിയുടെ അനുപമമായ ലാവണ്യ സംസ്കാരം വിളക്കിച്ചേര്‍ക്കാന്‍ കാരൂരിലെ യാത്രികന് കഴിഞ്ഞിരിക്കുന്നു എന്നത് ശ്രദ്ധേയമായൊരു നേട്ടമാണ്. ഒരു കലാസൃഷ്ടിയുടെ സാരവത്തായ അനുഭവതലം കാരൂരിന്റെ ഇതര സഞ്ചാരകൃതികളില്‍ കണ്ടെത്താനും അനുഭവിക്കാനും കഴിയും. ഇത്തരം സത്താപരമായ അനുഭവ പ്രപഞ്ചത്തെ കാലികമായ സാമൂഹിക ജീവിതത്തിനോട് ചേര്‍ത്തു വയ്ക്കുമ്പോഴാണ് ഏതൊരു സാഹിത്യകൃതിയും അതിന്റെ ഉന്നതവും ഉദാത്തവുമായ സാംസ്കാരിക നിര്‍മ്മിതിക്ക് കാരണ ഭൂതമാകുകയുള്ളൂ. ഇത്തരം അനുഭവങ്ങളുടെ ഒരു പരിച്ഛേദമാണ് കാരൂരിന്‍റെ യാത്രാപുസ്തകങ്ങള്‍. ‘കാറ്റില്‍ പറക്കുന്ന പന്തുകള്‍’ എന്ന യാത്രാ പുസ്തകത്തിന് പ്രശസ്ത എഴുത്തുകാരന്‍ ശ്രീ. സി. രാധാകൃഷ്ണന്‍ എഴുതിയ ആമുഖം വായിച്ചാല്‍ ഇതിന്റെ ആഴവും പരപ്പും ആധികാരികതയും തിരിച്ചറിയാനാകും. ശ്രീ. സി. രാധാകൃഷ്ണന്‍ എഴുതുന്നു. ‘ചരിത്രസുരഭിലവും ബഹുതല സ്പര്‍ശിയുമായ കഴിവുകള്‍ കൊണ്ട് ലോകശ്രദ്ധ പിടിച്ചു പറ്റിയിട്ടുള്ളതുമായ ഒരു നാടിനെ വെറും തൊണ്ണൂറ് പേജുകളില്‍ പരിചയപ്പെടുത്തുക എന്നത് വലിയ സാഹസം. പരക്കെ കാണാനും ചുരുക്കി പറയാനും കഴിയുന്ന ഒരാള്‍ക്ക് മാത്രമേ ഇതു സാധിക്കൂ. സര്‍ഗ്ഗധനനായ കാരൂര്‍ സോമന്‍ ഈ വെല്ലുവിളി വിജയകരമായി ഏറ്റെടുത്തിരിക്കുന്നു. കഥാകൃത്തായ ഇദ്ദേഹം ചരിത്രം പറയുന്നത് കഥപോലെയാണ്. ചരിത്രത്തിന്റെയും ഭൂമിശാസ്ത്രത്തിന്റെയും വിരസത തീര്‍ത്തും ഒഴിവാകുന്നു. ദേശീയത എന്നത് എങ്ങനെ ഉറവെടുക്കുന്നു, നിലനില്‍ക്കുന്നു, വളരുന്നു എന്ന കാര്യം നമുക്ക് ഈ പുസ്തകത്തില്‍ നിന്ന് സ്പഷ്ടമായി മനസ്സിലാകും. മാനവരാശിയുടെ മൊത്തം ഭാവി രൂപ പ്പെടുത്തുന്നതില്‍ വിവിധദേശിയതകള്‍ എത്രത്തോളം എങ്ങനെ പങ്കു പറ്റണം എന്ന് നമുക്ക് വ്യക്തമായി കിട്ടുകയും ചെയ്യു’ കാരൂരിന്റെ എഴുത്തു ജീവിത ദര്‍ശനം കൂടി വെളിപ്പെടുത്തുന്ന നിരീക്ഷണമാണ് ശ്രീ. സി. രാധാകൃഷ്ണന്‍ ഈ കുറിപ്പിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. ദീര്‍ഘമായ പ്രവാസജീവിതത്തിന്റെ ആഴമുള്ള അനുഭവ പ്രപഞ്ചമാണ് കാരൂരിന്റെ എഴുത്തുലോകം. അതില്‍ തന്നെ സമഗ്രദര്‍ശനം ഉള്‍ക്കൊള്ളുന്ന അതിവിശാലമായ ലോകക്കാഴ്ചയാണ് അദ്ദേഹത്തിന്റെ യാത്രാ പുസ്തകങ്ങള്‍. ഓരോ നിമിഷവും തിടം വച്ചുണരുന്ന അന്വേഷണതൃഷ്ണയാണ് ഈ യാത്രാ പുസ്തകങ്ങളുടെയെല്ലാം കരുത്തും സൗന്ദര്യവും. എത്തുന്ന ദേശത്തിന്റെ സാംസ്കാരിക സാമൂഹിക പശ്ചാത്തലങ്ങളും ജനജീവിതവും ചരിത്രബോധവും കാരൂരിന്റെ കാഴ്ചകളില്‍ സക്രീയമായി കടന്നുവരുന്നുണ്ട്.

ലോകത്തിലെ ഏഴുകലകളുടെയും തലസ്ഥാനനഗരിയായ ‘വിയന്ന’ യിലേക്ക് യാത്രികന്‍ നടത്തുന്ന സഞ്ചാരം (കനകനക്ഷത്രങ്ങളുടെ നാട്ടില്‍) ചരിത്രത്തിലേക്കും സംസ്കാരത്തിലേക്കും സംഗീതത്തിലേക്കും തുറന്നു വച്ച ഒരനുഭവമാണ്. മനോഹരമായ ഈ യാത്രാ പുസ്തകത്തില്‍ മൊസാര്‍ട്ടിനെയും ബീഥോവനെയും പരാമര്‍ശിക്കുന്നൊരദ്ധ്യായമുണ്ട്. തീക്ഷ്ണവ്യക്തിത്വം പേറിയ, പ്രതിഭാധനരായ രണ്ടു നക്ഷത്രങ്ങളെ കാരൂര്‍ കുറഞ്ഞ വാക്കുള്‍ കൊണ്ട് അടയാളപ്പെടുത്തുമ്പോള്‍ അവരുടെ ജീവിതകഥകളില്‍ ഒരിക്കലും നാം കണ്ടിട്ടില്ലാത്ത ഒരു അത്ഭുതലോകം പിറന്നുവീഴുന്നത് കാണാം. നമുക്കറിയാവുന്ന മൊസാര്‍ട്ടും ബീഥോവനും സംഗീതജ്ഞരാണ്. എന്നാല്‍ അവരുടെ ജീവിതത്തിന്റെ ആഴങ്ങളിലേക്ക് ഒരിക്കലും നാം കടന്നു ചെന്നിട്ടില്ല. ആ ജീവിതങ്ങളെ, ആരും ഇതുവരെയും രേഖപ്പെടുത്തിയിട്ടില്ലാത്ത നേരുകള്‍ കൊണ്ട് കാരൂര്‍ വരച്ചിരുന്നു. അതുകൊണ്ട് തന്നെ ഈ എഴുത്തിന് ഒരു സാംസ്കാരിക വായനയുടെ അനുഭവതലം കൂടിയുണ്ട്. കാരൂര്‍ എഴുതുന്നു ‘ലൂഡ്വിഗ് ബീഥോവന്‍’ എന്ന വയലിന്‍ മാന്ത്രികന്‍റെ സിംഫണി എക്കാലത്തെയും ലോകക്ലാസിക്. ജര്‍മ്മന്‍ കമ്പോസറും പിയാനിസ്റ്റുമായ കാലത്തിന്‍റെയും ഒരേ സമയം സഹചാരിയായിരുന്നു. പാശ്ചാത്യക്ലാസിക്കല്‍ മ്യൂസിക്കിന്‍റെ ഭ്രാന്തമായ ആവേശം തലയ്ക്കുപിടിച്ചു സംഗീതത്തിനു സ്വന്തം രൂപവും ഭാവവും നല്‍കിയ മഹാനുഭാവന്‍. താന്‍ ചിട്ടപ്പെടുത്തിയത് കേള്‍ക്കാനുള്ളഭാഗ്യം ബീഥോവനുണ്ടായില്ല. പൂര്‍ണമായി ശ്രവണസുഖം നഷ്ടപ്പെട്ട പ്പോഴേക്കും അദ്ദേഹം എക്കാലത്തെയും വലിയ സിംഫണി ചിട്ടപ്പെടുത്തി. ഇങ്ങനെ കാര്യമാത്ര പ്രസക്തമായി കാഴ്ചപ്പുറങ്ങളെ അതിന്‍റെ ജീവിതയാഥാര്‍ത്ഥ്യങ്ങളുമായി ചേര്‍ത്തുവച്ച് പുതിയൊരു ആസ്വാദന സംസ്കാരം സൃഷ്ടിക്കാന്‍ കഴിയുന്നു എന്നത് ഉത്കൃഷ്ടമായ ഒരനുഭവ സംസ്കാരമാണ്. ഇതേ അനുഭവത്തിന്റെ മറുപുറത്താണ് ‘ഹിറ്റ്ലര്‍ സമം ഏകാധിപത്യം’ എന്ന അദ്ധ്യായം കടന്നുവരുന്നത്. കാരൂര്‍ എഴുതുന്നത് ശ്രദ്ധിക്കുക. “ഹിറ്റ്ലറിന്റെ അനുയായികള്‍ക്ക് വിശുദ്ധപുസ്തകമായിരുന്ന മെയിന്‍ കാംഫ് ജര്‍മ്മനിയുടെ പരാജയത്തോടെ വിലക്കപ്പെട്ട പുസ്തകമായി മാറി. പക്ഷേ, ഈ ആധുനിക കാലത്ത്, എഴുത്തുകാരനെ വെറുക്കുമ്പോഴും അയാളുടെ വാക്കുകളിലേക്ക് കാലദേശമന്യേ വായനക്കാര്‍ കുതിച്ചെത്തിക്കൊണ്ടിരിക്കുകയാണ്. ഇങ്ങനെയെല്ലാം ആഴത്തില്‍ ഒഴുകിക്കിടക്കുന്ന നിരീക്ഷണങ്ങളിലൂടെ ഉരുത്തിരിഞ്ഞുവരുന്ന കാലത്തിന്‍റെ അനുഭവപ്രപഞ്ചം മലയാളത്തിന്റെ യാത്രാവിവരണശാഖയ്ക്ക് നല്‍കുന്ന പുത്തനുണര്‍വ് അഭിനന്ദനാര്‍ഹമായ ഒന്നാണ്. കാരൂരിലെ എഴുത്തുകാരന്‍ (യാത്രികന്‍), സ്വയം നവീകരിക്കുകയും അത്തരം നവീകരണപദ്ധതിയിലൂടെ ഭാഷയെയും നവീകരിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ മഹത്തായ ഈ യാത്രാപുസ്തകങ്ങള്‍ ഒരു കാലഘട്ടത്തിന്റെ ചരിത്ര സാംസ്കാരിക സാമൂഹ്യ ജീവിതത്തിലേക്കു തുറന്നു വച്ച ഒരു മൂന്നാം കണ്ണുകൂടിയാണ്.”

തുടരും…

അനുഭവക്കനലുകളുടെ ആഴങ്ങള്‍