കേരളീയ വേഷത്തിൽ നരേന്ദ്ര മോദി; ആവേശമായി കൊച്ചിയിലെ റോഡ് ഷോ.

കേരളീയ വേഷത്തിൽ നരേന്ദ്ര മോദി; ആവേശമായി കൊച്ചിയിലെ റോഡ് ഷോ.

കൊച്ചി: രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ കേരളത്തിലെത്തി. നാവികസേന വിമാനത്താവളത്തില്‍ പ്രത്യേക വിമാനത്തില്‍ പ്രധാനമന്ത്രി വന്നിറങ്ങിയത് കേരളീയ വേഷം ധരിച്ചാണ്. വെള്ള ജുബ്ബയും വെള്ള മുണ്ടും കസവിന്റെ മേല്‍മുണ്ടുമണിഞ്ഞെത്തിയ മോദിയെ ആയിരങ്ങള്‍ മഞ്ഞപ്പൂക്കള്‍ വിതറി ആരവങ്ങളോടെ വരവേറ്റു. വൈകീട്ട് അഞ്ച് മണിയോടെ കൊച്ചി നാവിക സേന വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി റോഡ് ഷോയ്ക്കിടെ കാൽ നടയായാണ് തേവര സേക്രഡ് ഹാർട്ട് കോളജ് ഗ്രൗണ്ടിലെത്തിയത്. പാതയുടെ ഇരുവശവും ജനങ്ങൾ മോദിയെ കാണാനായി തിങ്ങി നിറഞ്ഞിരുന്നു.

ശേഷം ‘യുവം 2023’ പരിപാടിയിൽ പങ്കെടുത്തു. മുതിർന്ന ബിജെപി നേതാക്കൾക്കൊപ്പം, അടുത്തിടെ ബിജെപിയിൽ ചേർന്ന അനിൽ ആന്റണിയും നടിമാരായ അപർണ ബാലമുരളി, നവ്യാ നായർ, ഗായകരായ വിജയ് യേശുദാസ്, ഹരിശങ്കർ, നടന്മാരായ ഉണ്ണി മുകുന്ദൻ, സുരേഷ് ഗോപി എന്നിവരും പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിട്ടു.

തേവര സേക്രഡ് ഹാർട്ട് കോളജ് മൈതാനിയിൽ ‘യുവം 2023’ പരിപാടിയെ അഭിസംബോധന ചെയ്ത മോദി ഇന്ത്യ അമൃതകാലത്തിലൂടെ മുന്നേറുന്നുവെന്ന് അഭിപ്രായപ്പെട്ടു. യുവാക്കൾക്ക് മാറ്റങ്ങൾ വരുത്താൻ ശേഷിയുണ്ടെന്നു പറഞ്ഞ പ്രധാനമന്ത്രി, കേരളത്തിലെ ‘യുവം’ അതിന്റെ സൂചനയാണെന്ന് ചൂണ്ടിക്കാട്ടി. ‘‘മഹാത്യാഗികളുടെ തുടർച്ചയാണ് കേരളത്തിലെ യുവത. ഈ നൂറ്റാണ്ട് ഇന്ത്യയുടേതാണ്. ലോകത്തെ മാറ്റിമറിക്കാൻ ശേഷിയുള്ള രാജ്യമായി ഇന്ത്യ മാറി. കേരളത്തിൽ നിന്നുള്ള മഹത് വ്യക്തികൾ യുവാക്കൾക്ക് പ്രചോദനമാകണം. ആദി ശങ്കരൻ, ശ്രീനാരായണ ഗുരു അടക്കമുള്ളവരുടെയും സ്വാതന്ത്ര്യ സമരസേനാനികളെയും സംഭാവനകൾ മഹത്തരമാണ്. യുവാക്കളിലാണ് രാജ്യത്തിന്റെ പ്രതീക്ഷ. ബിജെപിക്കും യുവാക്കൾക്കും ഒരേ കാഴ്ചപ്പാടാണ്. യുവാക്കൾക്ക് അവസരം നൽ‌കിയത് ബിജെപിയാണ്. ബിജെപി സൃഷ്ടിക്കുന്ന മാറ്റം യുവാക്കൾക്ക് ഗുണം ചെയ്യും. കേരളത്തിലെത്തുമ്പോൾ പ്രത്യേക ഊർജം ലഭിക്കുന്നു. ജി-20 യോഗം നടന്നപ്പോൾ കേരളീയർ മികവുകാട്ടി. സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ ഇനിയും മെച്ചപ്പെടുത്തും. വ്യവസായ വികസനം ഉറപ്പാക്കും. ചെറുപ്പക്കാർക്ക് കേരളത്തിൽ അവസരങ്ങൾ നിഷേധിക്കുന്നു’’– പ്രധാനമന്ത്രി പറഞ്ഞു. ശാസ്ത്ര സാങ്കേതിക മേഖലയിൽ മലയാളികൾക്ക് മുന്നേറാൻ അവസരമുണ്ടെന്നും പ്രധാമന്ത്രി പറഞ്ഞു.

സ്വർണക്കടത്ത് കേസ് പരാമർശിച്ച പ്രധാനമന്ത്രി, ചിലരുടെ ശ്രദ്ധ സ്വർണക്കടത്തിലാണെന്നും അവരുടെ അധ്വാനം അതിനുവേണ്ടിയാണെന്നും പറഞ്ഞു. യുഡിഎഫിനെയും എൽഡിഎഫിനെയും പ്രധാനമന്ത്രി വിമർശിച്ചു. ഒരു കൂട്ടർ പാർട്ടി താൽപര്യങ്ങൾക്ക് പ്രധാന്യം നൽകുന്നു. മറ്റൊരു കൂട്ടർ ഒരു കുടുംബത്തിന് പ്രാധാന്യം നൽകുന്നു. ഇരുവരും ചേര്‍ന്ന് കേരളത്തെ അഴിമതിയുടെ കൂത്തരങ്ങാക്കി. ബിജെപി ഭരണം കേരളത്തിലും വരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

‘യുവം 2023’ പരിപാടിക്കു ശേഷം വില്ലിങ്ഡൻ ദ്വീപിലെ ഹോട്ടൽ താജ് മലബാറിൽ ക്രൈസ്തവ മതമേലധ്യക്ഷരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. എല്ലാ മതവിശ്വാസികൾക്കും സംരക്ഷണം ഒരുക്കുമെന്ന് കൊച്ചിയിൽ നടന്ന ക്രൈസ്തവ മതമേലധ്യക്ഷന്മാരുമായുള്ള കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. ക്രൈസ്തവർക്ക് നേരെയുള്ള ആക്രമണങ്ങൾ ഉണ്ടാകാതിരിക്കാൻ നടപടികൾ സ്വീകരിക്കും. സഭയുടെ ആശങ്കകൾ തന്റെ ശ്രദ്ധയിൽ ഉണ്ടെന്നും നരേന്ദ്ര മോദി കൂടിക്കാഴ്ചയിൽ പറഞ്ഞു. പ്രധാനമന്ത്രിയുമായുള്ള സൗഹൃദ സംഭാഷണം ആയിരുന്നു നടന്നതെന്ന് കൂടിക്കാഴ്ചക്ക് ശേഷം ബിഷപ്പുമാർ പറഞ്ഞു. കെ സുരേന്ദ്രൻ, ഡോ.കെ എസ് രാധാകൃഷ്ണൻ, എ എൻ രാധാകൃഷ്ണൻ എന്നിവർ പ്രധാനമന്ത്രിക്കൊപ്പം കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ഓരോ സഭാ അധ്യക്ഷനും അഞ്ച് മിനിറ്റ് വീതമാണ് കൂടിക്കാഴ്ചയ്ക്കായി അനുവദിച്ചത്. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ (മലങ്കര ഓർത്തഡോക്സ് സഭ), മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി (സിറോ മലബാർ സഭ), മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് (മലങ്കര കത്തോലിക്കാ സഭ), ആർച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ (ലത്തീൻ സഭ), ജോസഫ് മാർ ഗ്രിഗോറിയോസ് (യാക്കോബായ സഭ), മാർ മാത്യു മൂലക്കാട്ട് (ക്നാനായ കത്തോലിക്കാ സഭ), മാർ ഔഗിൻ കുര്യാക്കോസ് (കൽദായ സുറിയാനി സഭ), കുര്യാക്കോസ് മാർ സേവേറിയോസ് (ക്നാനായ സുറിയാനി സഭ) എന്നിവരുമായാണ് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയത്.

ഇന്നലെ രാത്രി താജ് മലബാറിൽ താമസിച്ച പ്രധാനമന്ത്രി, ഇന്ന് രാവിലെ 9.25-ന് കൊച്ചിയിൽനിന്നു പുറപ്പെട്ട് 10.15-ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തും. 10.30-ന് സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ സർവീസ് ഫ്ലാഗ് ഓഫ് ചെയ്യും. 10.50 വരെ റെയിൽവേ സ്റ്റേഷനിൽ ചെലവഴിക്കും. ട്രെയിനിൽ പ്രധാനമന്ത്രി യാത്ര ചെയ്യില്ല. 11-ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്ര സർക്കാർ കേരളത്തിൽ പൂർത്തിയാക്കുന്ന 3200 കോടിയിലേറെ രൂപയുടെ വികസന പദ്ധതികളുടെ സമർപ്പണവും തറക്കല്ലിടലും നിർവഹിക്കും. കൊച്ചി വാട്ടർ മെട്രോ രാജ്യത്തിനു സമർപ്പിക്കും. ഡിജിറ്റൽ സർവകലാശാലയുടെ ഉദ്ഘാടനവും നിർവഹിക്കും. വന്ദേഭാരതിനു പുറമേ ദക്ഷിണ റെയിൽവേയുടെ തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളുടെ കീഴിലെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും. കൊച്ചുവേളി – തിരുവനന്തപുരം – നേമം റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചു തിരുവനന്തപുരം റെയിൽവേ മേഖലയുടെ സമഗ്ര വികസന പദ്ധതി, നേമം ടെർമിനൽ പദ്ധതി പ്രഖ്യാപനം, തിരുവനന്തപുരം സെൻട്രൽ, വർക്കല ശിവഗിരി, കോഴിക്കോട് റെയിൽവേ സ്റ്റേഷനുകൾ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുന്ന പദ്ധതിയുടെ ഉദ്ഘാടനം, തിരുവനന്തപുരം – ഷൊർണൂർ സെക്‌ഷനിലെ ട്രെയിൻ വേഗം മണിക്കൂറിൽ 110 കിലോമീറ്റർ ആക്കുന്ന പദ്ധതിയുടെ ശിലാസ്ഥാപനം എന്നിവ പ്രധാനമന്ത്രി നിർവഹിക്കും. നവീകരിച്ച കൊച്ചുവേളി റെയിൽവേ സ്റ്റേഷനും ദിണ്ടിഗൽ – പളനി – പൊള്ളാച്ചി വൈദ്യുതീകരിച്ച റെയിൽ‍പാതയും നാടിനു സമർപ്പിക്കും. സെൻട്രൽ സ്റ്റേഡിയത്തിലെ ചടങ്ങിൽ ഒരു മണിക്കൂർ ചെലവഴിക്കുന്ന പ്രധാനമന്ത്രി 12.40-നു ഗുജറാത്തിലെ സൂറത്തിലേക്കു പോകും.