മാർ ജോസഫ് പൗവത്തിൽ കാലം ചെയ്തു.

മാർ ജോസഫ് പൗവത്തിൽ കാലം ചെയ്തു.

ചങ്ങനാശേരി: സിറോ മലബാർ സഭ സീനിയർ ബിഷപ്പും ചങ്ങനാശേരി അതിരൂപത മുൻ ആർച്ച് ബിഷപ്പുമായ മാർ ജോസഫ് പൗവത്തിൽ കാലം ചെയ്തു. 92 വയസ്സായിരുന്നു. ഉച്ചയ്ക്ക് 1.17-ന് ചങ്ങനാശേരിയിലായിരുന്നു അന്ത്യം. കബറടക്കം ബുധനാഴ്ച രാവിലെ 10-നു ചങ്ങനാശേരി വലിയ പള്ളിയിൽ.

1930 ഓഗസ്റ്റ് 14-നാണ് ജോസഫ്, മറിയക്കുട്ടി ദമ്പതിമാരുടെ മകനായി ചങ്ങനാശ്ശേരി കുറുമ്പനാടം പൗവത്തിൽ വീട്ടിൽ പിജെ ജോസഫ് എന്ന ജോസഫ് പവ്വത്തിൽ ജനിച്ചത്. കുട്ടിക്കാലത്ത് അദ്ദേഹം പാപ്പച്ചൻ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പിന്നീട് 1962 ഒക്ടോബർ 3-ന് അദ്ദേഹം പൗരോഹിത്യം സ്വീകരിച്ചു, അതിനുശേഷം 1972 ഫിബ്രവരി 13 -ന് കാഞ്ഞിരപ്പള്ളി രൂപതയുടെ മെത്രാനായി അഭിഷിക്തനായി. വത്തിക്കാനിലായിരുന്നു സ്ഥാനാഭിഷേകം. 1977-ൽ കാഞ്ഞിരപ്പള്ളി രൂപതയുടെ ആദ്യ മെത്രാനായി. 1985 മുതൽ 2007 വരെ ചങ്ങനാശേരി അതിരൂപത ആർച്ച്ബിഷപ്പായി സേവനം ചെയ്തു. ഇന്ത്യൻ കത്തോലിക്കാ മെത്രാൻ സമിതിയുടെയും (സിബിസിഐ) കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെയും (കെസിബിസി) അധ്യക്ഷൻ, ഇന്റർ ചർച്ച് കൗൺസിൽ ഫോർ എജ്യുക്കേഷൻ ചെയർമാൻ തുടങ്ങിയ നിലകളിൽ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയിട്ടുണ്ട്.

സഭാവിജ്ഞാനത്തിലെ പാണ്ഡിത്യത്താലും നിലപാടുകളുടെ മൂർച്ചയാലും ശ്രദ്ധേയനായിരുന്നു മാർ ജോസഫ് പൗവത്തിൽ. ആർച്ച് ബിഷപ് ഇമെരിറ്റസായ അദ്ദേഹം ചങ്ങനാശേരി ആർച്ച് ബിഷപ്സ് ഹൗസിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.