വെല്ലുവിളികൾ ഏറ്റെടുക്കുന്നവരാണ് നല്ല സാഹിത്യ പ്രതിഭകൾ.

വെല്ലുവിളികൾ ഏറ്റെടുക്കുന്നവരാണ് നല്ല സാഹിത്യ പ്രതിഭകൾ.

(പ്രമുഖ പ്രവാസി സാഹിത്യകാരനും,ലോക റെക്കോർഡ് ജേതാവ് (യൂ.ആർ.എഫ്) ശ്രീ. കാരൂർ സോമനുമായി കവി. അഡ്വ. റോയി പഞ്ഞിക്കാരൻ നടത്തിയ അഭിമുഖത്തിൽ നിന്ന്)

അക്ഷര മുന്നേറ്റത്തിന്റെ പാതയിൽ സഞ്ചരിക്കുന്ന കാരൂർ സോമൻ മാവേലിക്കര, താമരക്കുളം, ചാരും മൂട് സ്വദേശിയാണ്. ഒരു ദിവസം ഒരേ സമയം ലോകത്താദ്യമായി ഏറ്റവും കൂടുതൽ പുസ്തകങ്ങൾ പ്രകാശനം ചെയ്തതിനുള്ള അംഗീകാരമായിട്ടാണ് ലോക റെക്കോർഡിൽ ഇടം പിടിച്ചത്. ഹൈസ്‌കൂൾ വിദ്യാർത്ഥിയായിരിക്കെ മലയാള മനോരമയുടെ ബാലരമയിൽ കവിതകൾ എഴുതി, ആകാശവാണി തിരുവനന്തപുരം, തൃശൂർ നിലയങ്ങൾ നാടകങ്ങൾ പ്രക്ഷേപണം ചെയ്തു. മലയാള മനോരമയുടെ കേരള യുവസാഹിത്യ സഖ്യം അംഗം. പഠിച്ചു കൊണ്ടിരുന്ന വി.വി. ഹൈസ്‌കൂളിൽ “ഇരുളടഞ്ഞ താഴ്‌വര” അവതരിപ്പിച്ചതിനെ തുടർന്ന് പോലീസിന്റെ നോട്ടപ്പുള്ളിയായി. പോലീസിനെതിരെയുള്ള നാടകമായിരിന്നു. മാവേലിക്കര പൊലീസ് നക്‌സൽ ബന്ധം ആരോപിച്ചു് അറസ്റ്റ് ചെയ്ത് മർദ്ദിച്ചു. സംഭവമറിഞ്ഞ പണ്ഡിതകവി കെ.കെ. പണിക്കർ സ്റ്റേഷനിലെത്തി ജാമ്യത്തിലിറക്കി. പൊലീസിന്റെ നോട്ടപുള്ളിയായിരിക്കെ ബീഹാർ, റാഞ്ചിയിലെ ജേഷ്ടന്റെ അടുക്കലേക്ക് ഒളിച്ചോടി. കാരൂറിന്റെ സംഭവബഹുലമായ ജീവിതത്തെപ്പറ്റി “കഥാകാരന്റെ കനൽ വഴികൾ” (ആത്മ കഥ) പ്രഭാത് ബുക്ക് പ്രസിദ്ധികരിച്ചിട്ടുണ്ട്.

മലയാള സാഹിത്യത്തിലെ അപൂർവ്വങ്ങളിൽ അപൂർവ്വ എഴുത്തുകാരനാണ് കാരൂർ. മലയാള ഭാഷക്കായി ജീവിതം മാറ്റിവെച്ചിട്ടുള്ള മറ്റൊരു പ്രവാസി എഴുത്തുകാരനെ കാണാൻ സാധിക്കില്ല. കാക്കനാടൻ ചീഫ് എഡിറ്റർ ആയി 2005-ൽ യൂറോപ്പിൽ നിന്നാദ്യമായി “പ്രവാസി മലയാളം” മാസിക ആരംഭിച്ചു. ഇപ്പോൾ ലണ്ടൻ കേന്ദ്രമായി ആഗോള പ്രസിദ്ധ ലിമ വേൾഡ് ലൈബ്രറി സാഹിത്യ ഓൺലൈൻ, കെ.പി. ആമസോൺ ഇന്റർനാഷണൽ പബ്ലിക്കേഷൻ ആരിൽ നിന്നും കമ്മീഷനെടുക്കാതെ ഇംഗ്ലീഷ് മലയാളം പുസ്തകങ്ങൾ സ്വന്തം പെൻഷൻ കാശ് മുടക്കി ഇറക്കുന്നു.

കേരളം, ഗൾഫ്, യൂറോപ്പ്, അമേരിക്കയടക്കം ലോകമെങ്ങുമെഴുതുന്ന, ഇരുപത്തിയെട്ട് വർഷങ്ങളായി കേരളത്തിലെ ഓണപതിപ്പുകളിൽ എഴുതുന്ന, അറുപത്തിയേഴ് രാജ്യങ്ങളിൽ ജീവിച്ചിട്ടുള്ള ഒരു പ്രവാസി എഴുത്തുകാരനെ കാണാൻ സാധിക്കില്ല. നാലര പതിറ്റാണ്ടിലധികമായി നാടകം, സംഗീത നാടകം, നോവൽ, ബാലനോവൽ, ഇംഗ്ലീഷ് നോവൽ- കഥകൾ, മലയാളം കഥകൾ, ചരിത്രകഥകൾ, കവിതകൾ, ലേഖനങ്ങൾ, യാത്രാവിവരണങ്ങൾ, ജീവചരിത്രം,ശാസ്ത്രം, കായികം, ടൂറിസം തുടങ്ങിയ രംഗങ്ങളിൽ അറുപത്തിനാല് കൃതികൾ. അഞ്ചു് പുസ്തകങ്ങൾ വരാനിരിക്കുന്നു.

1. താങ്കളുടെ കലാപ്രപഞ്ചം ആരംഭിക്കുന്നത് ഹൈസ്‌കൂൾ പഠനകാലം മുതലെന്നറിയാം. ആരാണ് ഈ രംഗത്തേക്ക് കൈപിടിച്ചുയർത്തിയത്?
* എട്ടാം ക്ലാസ്സിൽ പഠിക്കുന്ന കാലം പണ്ഡിത കവി കെ.കെ.പണിക്കർ സാർ ചാരുംമൂടിന് തെക്കുള്ള ഗുരുമന്ദിരത്തിൽ മലയാളം വിദ്വാൻ പഠിപ്പിക്കുന്ന കാലം ഞാൻ പൊട്ട കവിതകൾ എഴുതി അദ്ദേഹത്തെ കാണിക്കും. വെട്ടിയും തിരുത്തിയും തരും. അത് ബാലരമയ്ക്ക് അയക്കും. അതിൽ വരുമ്പോൾ സ്വയം വലിയ എഴുത്തുകാരനായി പൊങ്ങി നടക്കും. അദ്ദേഹമാണ് എന്നെ വ്യർത്തം, അലങ്കാരം പഠിപ്പിച്ചത്. റേഡിയോ നാടകങ്ങൾ സ്വയം എഴുതികൊടുത്തതാണ്. സാഹിത്യ രംഗത്തെ മറ്റ് വഴികാട്ടികൾ ശ്രീ.തകഴി ശിവശങ്കരപ്പിള്ള, ശ്രീ.തോപ്പിൽ ഭാസിയാണ്. എന്റെ ആദ്യ നോവൽ “കണ്ണീർപ്പൂക്കൾ” അവതാരിക എഴുതിയത് തകഴിയാണ്. ഗൾഫിൽ നിന്നുള്ള മലയാളത്തിലെ ആദ്യ സംഗീത നാടകം “കടലിനക്കരെ എംബസ്സി സ്‌കൂൾ” അവതാരിക എഴുതിയത് തോപ്പിൽ ഭാസിയാണ്.

2. സാഹിത്യത്തെ കാണുന്നത് ഗൗരവമായിട്ടാണോ? താങ്കളുടെ മുഖം വളരെ ഗൗരവത്തിലാണല്ലോ? ഇത്ര ഗൗരവമുള്ള വ്യക്തി സാഹിത്യത്തിൽ സൗന്ദര്യം കണ്ടെത്തുന്നത് എങ്ങനെയാണ്?
* സാഹിത്യം സുഗന്ധം പരത്തുന്ന ഒരു പൂവ് പോലെയാണ്. ദുർഗ്ഗന്ധം വമിക്കുന്ന ജീവിതാനുഭവങ്ങളിൽ നിന്നാണ് നല്ല രചനകൾ രൂപപ്പെടുന്നത്. ലോക സാഹിത്യം വിപ്ലവം സൃഷ്ടിച്ചത് അങ്ങനെയാണ്. വെല്ലുവിളികൾ ഏറ്റെടുക്കുന്നവരാണ് നല്ല സാഹിത്യ പ്രതിഭകൾ. അവർ ഗൗരവത്തോടെ വിഷയങ്ങളെ സമീപിക്കുന്നു. സ്വർണ്ണം കുഴിച്ചെടുക്കുന്നതുപോലെ സാഹിത്യ പ്രതിഭകൾ ജീവിത സൗന്ദര്യം കണ്ടെത്തി സുഗന്ധപൂർണ്ണമാക്കുന്നു. വിഖ്യാത ചലച്ചിത്രകാരൻ ചാർളി ചാപ്ലിൻ ഗൗരവക്കാരനായിരിന്നു. വെള്ളിത്തിരയിൽ അദ്ദേഹം ജനങ്ങളെ
ചിരിപ്പിച്ചു.

3. താങ്കളുടെ 64 പുസ്തകങ്ങളിൽ ഇംഗ്ലീഷ് നോവൽ കഥ ഒഴിച്ചുനിർത്തിയാൽ 1985 മുതലുള്ള ഈ പുസ്തകങ്ങൾ “ക” എന്ന അക്ഷരമാലയിൽ തുടങ്ങാനുള്ള കാരണമെന്താണ്?
* ഇത് പലരും ചോദിക്കുന്ന ചോദ്യമാണ്. ലോക സാഹിത്യത്തിൽപോലും ആരും ഇങ്ങനെ എഴുതി കാണില്ല. ആദ്യ സംഗീത നാടകം 1985-ൽ “കടൽക്കര” (വിദ്യാർത്ഥിമിത്രം, അവതാരിക ശ്രീ. ശ്രീമൂലനഗരം വിജയൻ) തുടങ്ങി 2023-ൽ ഇറങ്ങിയ “കാറ്റിൽ പറക്കുന്ന പന്തുകൾ” (സ്‌പെയിൻ യാത്രാവിവരണം – പ്രഭാത് ബുക്ക് / കെ.പി.ആമസോൺ പബ്ലിക്കേഷൻ) അവതാരിക ശ്രീ.സി.രാധാകൃഷ്ണൻ) നാണ് എഴുതിയത്.”ക” എന്നത് എന്റെ വീട്ടുപേരിന്റെ ആദ്യ അക്ഷരമാണ്.

4. ലോകസാഹിത്യത്തിൽ ആദ്യാക്ഷരം ഇങ്ങനെ എഴുതിയതായി അറിവില്ല. അങ്ങനെയെങ്കിൽ ഗിന്നസ് ബുക്കിൽ ഇടം നേടാമല്ലോ.
* അത് പലരും പറയുന്നുണ്ട്

5. ഇന്ന് സാഹിത്യത്തിന്റെ രൂപത്തിലും ഭാവത്തിലും ധാരാളം മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുകയാണല്ലോ? എങ്ങനെ കാണുന്നു?
* ജീവിത യാഥാർഥ്യങ്ങളുടെ പ്രതിഫലനങ്ങളാണ് സാഹിത്യ സൃഷ്ടികൾ. കവിതകളെടുത്താൽ പലരും വിളയാടുന്നത് സോഷ്യൽ മീഡിയയിലാണ്. അവരുടെ ഗുരുക്കന്മാർ സോഷ്യൽ മീഡിയകളാണ്. അവിടെ ധാരാളം സ്തുതിപാഠകരെ കിട്ടും. ഒരിക്കൽ സുഗതകുമാരി ടീച്ചറുമായി സംസാരിച്ചു. ഞാൻ ചോദിച്ചു. ടീച്ചർ ഇപ്പോൾ കവിതകൾ എഴുതുന്നില്ലേ? എനിക്ക് കിട്ടിയ ഉത്തരം. “അയ്യോ മുക്കിലും മൂലയിലും ബെല്ലും ബ്രേക്കുമില്ലാത്ത കവികളാണ്. അങ്ങോട്ട് പോകാൻ ഭയമാണ്”. നമ്മുടെ മാധ്യമ രംഗവും ഇവരെ വഴിതെറ്റിക്കുന്നു. കവിതകളുടെ കാല്പനിക ബോധമില്ലാത്തവർ സല്ലാപരുപത്തിൽ എഴുതിയാൽ കവിതയാകില്ല. കവിത മാത്രമല്ല പലതിലും കാവ്യദോഷമുണ്ട്.

6. ഇപ്പോൾ പുറത്തുവരുന്നത് കൂടുതലും യാത്രാവിവരണങ്ങളാണല്ലോ. ഓസ്ട്രിയ, ഇറ്റലി, ഇംഗ്ലണ്ട്, ഫ്രാൻസ്, ഫിൻലൻഡ്, ആഫ്രിക്ക, സ്‌പെയിൻ, യൂറോപ്പ് രാജ്യങ്ങൾ നോവൽ എഴുത്ത് നിർത്തിയോ ?
* നോവൽ എഴുത്ത് നിർത്തിയിട്ടില്ല യാത്രാവിവരണങ്ങൾ മാത്രമല്ല. നാടകം, കലാപ്രളയം, കടലോളങ്ങൾ, കഥകൾ, കാലത്തിന്റെ കണ്ണാടി, കരിന്തിരി വിളക്ക്, ലേഖനങ്ങൾ കാലത്തിന്റെ ചിറകുകൾ, കാലമുദ്രകൾ, കാലഘടികാരം, പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ മാസം ഏഥൻസ്, റൊമാനിയ, സ്വിസർലൻഡ്, മാസിഡോണിയ, ബൾഗേറിയ പോയിരുന്നു.

7. മലയാള യാത്ര വിവരണ സാഹിത്യ ശാഖയിൽ ഇത്രമാത്രം വിദേശയാത്രാ വിവരണങ്ങൾ എഴുതിയിട്ടുള്ളവർ ചുരുക്കമാണ്. ഈ രാജ്യങ്ങളുടെ പുസ്തകങ്ങൾ ഉടൻ പ്രതീക്ഷിക്കാമോ?
* ഇപ്പോൾ എഴുതുന്നത് റൊമാനിയയുടെ “കാർപാത്തിയൻ മലകൾ” ആണ്. അതിൽ ലോകത്തെ അത്ഭുത ഡ്രാക്കുള കോട്ടയും വരുന്നുണ്ട്. ഉടൻ പുറത്തുവരില്ല. എഴുതാൻ സമയം വേണമല്ലോ.

8. ഇരിഞ്ഞാലക്കുടയിൽ “കൃഷി മന്ത്രി” തിരുവനന്തപുരത്തു് “കാറ്റിൽ പറക്കുന്ന പന്തുകൾ (സ്‌പെയിൻ യാത്ര വിവരണം), The Kindled Tales (ഇംഗ്ലീഷ് കഥകൾ) പ്രകാശനം ചെയ്തല്ലോ. ഇതിൽ കൃഷി മന്ത്രി കുട്ടികൾക്ക് ഒരു പഠന ഗ്രന്ഥമാക്കിയാൽ നല്ലതെന്ന് ചിലർ അഭിപ്രായപ്പെട്ടു. അതിനെപ്പറ്റി എന്താണ് അഭി പ്രായം?
* അതൊക്കെ കൃഷിവകുപ്പ് വിഭാഗം ചിന്തിക്കേണ്ട കാര്യമാണ്. ഒരു കുട്ടി കൃഷിയിൽ കൂടി കഴിവ് തെളിയിച്ചാണ് കൃഷിമന്ത്രിയായത്. ഇവിടെ ജാതി മത രാഷ്ട്രീയ യോഗ്യതകളുടെ വിഹാരരംഗമാണല്ലോ. സമൂഹത്തിന്റെ മുഖചിത്രം മാറ്റിയെഴുതേണ്ടത് സാമൂഹ്യ സാംസ്‌കാരിക രംഗത്തെ അതുല്യ പ്രതിഭകളാണ്.

9. താങ്കൾ പല രാജ്യങ്ങളിൽ ജീവിച്ചിട്ടുള്ള വ്യക്തിയാണ്. നമ്മുടെ സംസ്‌കാരവും അവിടുത്തെ സംസ്‌കാരവും എങ്ങനെ കാണുന്നു?
* ഇന്ത്യയിൽ കാണുന്നത് ജാതി മത രാഷ്ട്രീയ ജീർണ്ണ സംസ്‌കാരമാണ്. അവിടെ മനുഷ്യർക്കാണ് മുൻഗണന മറ്റൊന്നിനുമല്ല. ഇവിടെ ദരിദ്രരുടെ, തൊഴിൽ കിട്ടാത്തവരുടെ, കൃഷിക്കാരുടെ ഹൃദയസ്പന്ദനങ്ങൾ ആരും
തിരിച്ചറിയുന്നില്ല. ഒരു ഉദാഹരണം പറഞ്ഞാൽ ബ്രിട്ടനിൽ തൊഴിൽ ലഭിക്കാത്ത ഒരു ഉദ്യോഗാർത്ഥിക്കു എല്ലാം ആഴ്ചയും വാടക, ഭക്ഷണത്തിന് ജോബ് സെന്റർ വഴി പണം കിട്ടും. ഇവിടെ കിട്ടില്ല. ഇങ്ങനെ ഓരോ
രംഗമെടുത്താൽ സത്യവും നീതിയും കശാപ്പ് ചെയ്യുന്നു.

10. ഇന്നത്തെ പ്രവാസ സാഹിത്യത്തിന്റെ വിശദ ചിത്രം എന്താണ്? എന്താണ് പുതിയ എഴുത്തുകാരോട് പറയാനുള്ളത്?
* ചില അഭിനവ പ്രവാസി എഴുത്തുകാർ വിലപിടിപ്പുള്ള സമ്മാനപ്പൊതികൾ, രാഷ്ട്രീയ ഇടപെടലുകൾ നടത്തിയാണ് പുസ്തകങ്ങൾ പുറത്തിറക്കുന്നത്. അത് സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിൽ നടന്നിട്ടുണ്ട്. ഇവർ ഇരുൾക്കുണ്ടിലേക്കാണ് സാഹിത്യത്തെ നയിക്കു ന്നത്. പ്രവാസ സാഹിത്യത്തിൽ ഇംഗ്ലീഷ്, മലയാളം എഴുതി പൂമണം പരത്തുന്ന ചില എഴുത്തുകാരുണ്ട്. ആ പ്രകാശ രശ്മി പലപ്പോഴും മങ്ങിപോകുന്ന തിന്റെ കാരണം കേരളത്തിൽ നിന്ന് വേണ്ടുന്ന പരിഗണന കിട്ടാത്തതാണ്. അവർ സമ്മാനപ്പൊതികൾ വീട്ടിലെത്തിക്കുന്നില്ല. എന്റെ ഇംഗ്ലീഷ് നോവൽ alabar A Flame, The Dove and Devils ആമസോൺ ബെസ്റ്റ് സെല്ലറിൽ വന്നു. Malabar A Flame നോവലിനെപ്പറ്റി വേൾഡ് ജേർണലിൽ നല്ലൊരു പ്രതികരണം വന്നു. ആരും തിരിഞ്ഞുനോക്കിയില്ല. പ്രവാസി എഴുത്തുകാരോടുള്ള ചിറ്റമ്മ നയം കേരളം അവസാനിപ്പിക്കണം. പാശ്ചാത്യരെപോലെ യുവ എഴുത്തുകാർ നല്ല വായനാശീലം വളർത്തി വളരണം. പേരുണ്ടാക്കുന്ന പ്രവർത്തികളിൽ നിന്ന് ഒഴിഞ്ഞുമാറി നടക്കുക. ഇംഗ്ലീഷ്, ഗ്രീക്ക്, ഫ്രഞ്ച്, സ്‌പെയിൻ, റഷ്യൻ സാഹിത്യം കൂടുതൽ വായിക്കുക. അത് അറിവിന്റെ വിളനിലങ്ങളാണ്.

11. മലയാള ഭാഷയുടെ ഉന്നമനത്തിനായി താങ്കൾ രണ്ട് പ്രസ്ഥാനങ്ങൾ നടത്തുന്നു. അതിന്റെ പുരോഗതി എന്താണ്?
* ലിമവേൾഡ് ലൈബ്രറി സാഹിത്യ ഓൺലൈൻ ലോകമെങ്ങുമുള്ള എഴുത്തുകാരുടെ കൂട്ടായ്മയാണ്. ലോകമെങ്ങുമുള്ള പ്രമുഖ മലയാളം ഇംഗ്ലീഷ് എഴുത്തുകാരാണ് എഴുതുന്നത്. ഇതിന്റെ രക്ഷാധികാരി ഡോ. ജോർജ് ഓണക്കൂർ, അഡ്വവൈസർ ശ്രീ.സി.രാധാകൃഷ്ണൻ ആണ്. കെ.പി. ആമസോൺ പബ്ലിക്കേഷൻ എഴുത്തുകാരുടെ അക്കൗണ്ട് കൊടുത്തുകൊണ്ട് തുച്ഛമായ നിരക്കിലാണ് പുസ്തകങ്ങൾ ഇറക്കുന്നത്. ആമസോൺ പുസ്തകങ്ങൾക്ക് മരണമില്ല. ലോകമെങ്ങു മുള്ള നല്ല വായനക്കാരിൽ നിന്ന് നല്ല സഹകരണമാണ് ലഭിക്കുന്നത്.

12. താങ്കളുടെ കഥ “അബു” സിനിമയായി. പല കഥകളും ടെലിഫിലിം കണ്ടിട്ടുണ്ട്. ഏതെങ്കിലും നോവൽ, കഥ സിനിമയാകുമോ?
* നോവൽ “കന്യാസ്ത്രീകാർമേൽ” ക്രൈം നോവൽ “കാര്യസ്ഥൻ”ചർച്ച നടക്കുന്നു.

13. താങ്കളുടെ അക്ഷര ലോകത്തെപ്പറ്റി ഡോ. മുഞ്ഞിനാട് പത്മകുമാർ ഒരു പഠന ഗ്രന്ഥം “കാലത്തിന്റെ എഴുത്തുകൾ” എഴുതിയതായി കണ്ടു. എന്നാണ് അത് പുറത്തുവരുന്നത്?
*പഠനഗ്രന്ഥം പൂർത്തിയായി. അച്ചടിയുടെ അവസാന ഘട്ടത്തിലാണ്.