24 മണിക്കൂറുകൾ ……

ചെറുകഥ: 24 മണിക്കൂറുകൾ

അന്ന് പതിവുപോലെ ഒരു ബുധനാഴ്ച ആയിരുന്നു. ബുധനാഴ്ച സിക്ക് ലീവ് എടുത്താൽ അന്നത്തെ ആഴ്ച പെട്ടെന്ന് കഴിയും എന്ന് കൊട്ടുകാപ്പള്ളി ജീറേണ് അറിയാമായിരുന്നു.

ഡോക്ടർ ശബരിയുടെ കയ്യിൽ നിന്നും രക്തം പരിശോധിക്കാനുള്ള പേപ്പറുമായി രാവിലെ തന്നെ QML പാത്തോളജിയുടെ മുമ്പിൽ ജിറോൺ എത്തി. തലേദിവസം പുകവലി, മദ്യപാനം, രാത്രി എട്ടുമണി കഴിഞ്ഞുള്ള ഭക്ഷണം എന്നീ കാര്യത്തിൽ ഒരുവിധത്തിലുള്ള അവധി കൊടുത്താണ് ജിറോൺ ഈ രക്ത പരിശോധനയ്ക്ക് എത്തിയത്. ജോലിക്കിടയിൽ ഒന്നു ചുമച്ചപ്പോൾ ചെറുതായി ഒരു രക്തത്തിന്റെ അംശം കണ്ടോ എന്ന സംശയം കൊണ്ടാണ് ഈ രക്ത പരിശോധന വേണ്ടിവന്നത്.

സുന്ദരിയും സുശീലയുമായ ഗ്ലോറിയ നിക്കോളാസ് രക്തം എടുത്തപ്പോൾ ഒരു മുല്ലമൊട്ട് പറിച്ചെടുക്കുന്ന വേദന പോലും ജിറോണിന് തോന്നിയില്ല.

മലയോര ഗ്രാമമായ കുടിയാൻമലയിലായിരുന്നു ജിറോണിന്റെ ജനനം. “പാൽത്തു ജാൻവർ “എന്ന സിനിമയിലൂടെ പ്രശസ്തമായ കുടിയാൻമല, ബേസിൽ ജോസഫ് എന്ന എഞ്ചിനീയർ പ്രശസ്തനായ ഒരു സിനിമാനടനും സംവിധായകനും ആയി മാറുന്നതിനും കുടിയാൻമലയിലെ അൽഫോൻസാ പള്ളിയിൽ നേർച്ച നേർന്നത് ഉപകരിച്ചു എന്നും കമ്മ്യൂണിസ്റ്റുകാരനും വിശ്വാസിയുമായ ജിറോൺ പറഞ്ഞു പരത്തിയിരുന്നു.

ഞായറാഴ്ച ദിവസങ്ങളിൽ എന്തെല്ലാം പണിയുണ്ടെങ്കിലും പതിവായി പള്ളിയിൽ ജിറോൺ എത്തുമായിരുന്നു. ജിറോൺ വരുമ്പോൾ തോളത്ത് രണ്ടു വയസ്സുള്ള സാമും എപ്പോഴും ഉണ്ടാകുമായിരുന്നു. പള്ളിയിൽ പോകുന്നത് സാരിയുടുത്ത മലയാളി ഹുഡികളെ കാണാനാണെന്ന് ജിറോണിന്റെ കൂട്ടുകാരനും കോൺഗ്രസ്സുകാരനുമായ തോമിച്ചായൻ ചങ്ങനാശ്ശേരി പറഞ്ഞു പരത്തിയിരുന്നു.

ബ്രിസ്ബണ്ണിലെ ഒട്ടുമിക്ക സംഘടനകളിലും തന്റേതായ സാന്നിധ്യവും, കഴിവും തെളിയിച്ചിരുന്നു ജിറോൺ.

മലയോര മേഖലകളിലെ ചെറുപ്പക്കാരുടെ ആവേശമായിരുന്ന ഡിവൈഎഫ്ഐയുടെ സജീവ പ്രവർത്തകനും ആയിരുന്നു ജിറോൺ. ആ നാട്ടിലുള്ള സകല വള്ളിക്കേസുകളിലും ജിറോൺ ഇടപെട്ടിരുന്നു. രക്തം ആവശ്യമുള്ളവർക്ക് രക്തദായകരെ കണ്ടുപിടിച്ചു കൊടുക്കുക, കിണറ്റിൽ വീണ പശുവിനെ പൊക്കിയെടുക്കുക അങ്ങനെയുള്ള എല്ലാ കേസുകളും ഏറ്റെടുത്തിരുന്നു. മലമ്പാമ്പിനെ കണ്ടാൽ ആയുസ്സ് വർദ്ധിപ്പിക്കാൻ ആയി തെങ്ങിൻ കള്ളും കൂടെ മലമ്പാമ്പ് പൊരിച്ചതും കഴിക്കുക എന്നത് ജിറോണിന്റെ രീതിയായിരുന്നു.

ശനിയാഴ്ചയും ഞായറാഴ്ചയും ഉള്ള ബാഡ്മിന്റൺ കളിയ്ക്കാൻ വരുന്നത് പുതിയ സ്മോക്കിങ് ഉപകരണവുമായ E- Cigarettes -Vaping കൊണ്ടായിരുന്നു ജിറോണിന്റെ വരവ്. കളിക്കാൻ വരുമ്പോൾ സിഗരറ്റ് വലിക്കുന്നത് കണ്ടാൽ പണ്ട് മഹാഭാരത യുദ്ധകാലത്ത് കൃഷ്ണൻ അർജുനന് ഉഷാറാകാൻ വേണ്ടി ക്യാപ്സുകളുകൾ കൊടുക്കുന്നത് പോലെ തോന്നുമായിരുന്നു.

സൽസ്വഭാവിയും Malgudi Days നമ്പൂതിരീസിനെ പോലെ ജീവിക്കണമെന്ന ആഗ്രഹം ഉള്ള പോളേട്ടൻ ഇതെല്ലാം കണ്ടിട്ട് മിണ്ടാതെ മാറി ഇരിക്കുമായിരുന്നു. പുതിയ തലമുറയിലെ യുവാക്കളെ ഉപദേശിക്കാൻ പോകുന്നതിനേക്കാളും ഭേദം മദ്യം കഴിച്ച് മരിക്കുന്നതാണ് നല്ലത് എന്നാണ് അദ്ദേഹം എപ്പോഴും പറയാറുള്ളത്.

പണ്ടത്തെ കാലഘട്ടങ്ങളിൽ പ്രായമായവരുടെ മുമ്പിൽവെച്ച് ആരും സിഗരറ്റ് വലിക്കുകയും, മദ്യപിക്കുകയും ചെയ്യുകയില്ല. അതെല്ലാം റെസ്പോൺസിബിൾ സിറ്റിസൺസിന്റെ സമൂഹത്തോടുള്ള കടപ്പാട് ആയിരുന്നു, മറിച്ച് പുതിയ തലമുറയിലെ ചെറുപ്പക്കാർ അപ്പന്റെയും അളിയന്റെയും തോളിൽ കയ്യിട്ടാണ് ഈ കാര്യങ്ങൾ ചെയ്യുന്നത്.

ഓഫീസിൽ പതിവുപോലെ ജോലിയിൽ മുഴുകി മോണിംഗ് SMOKO (Australian slang for tea break) ക്ക് രണ്ട് സിഗരറ്റും ഒരു കാപ്പിയും ആയിരുന്നു ജിറോണിന്റെ ഒരു രീതി. അന്ന് ഒരു മണിക്ക് ജോലി കഴിഞ്ഞ് കാറിൽ വീട്ടിലേക്ക് തിരിച്ചു വരുന്നതിനിടെയാണ് ഡോക്ടർ ശബരിയുടെ വിളി വന്നത്. കൂട്ടത്തിൽ ഫുട്ബോൾ കളിക്കുന്നതിനാൽ ജിറാണിനോട് വലിയ ഇഷ്ടമായിരുന്നു ഡോക്ടര്‍ ശബരിക്ക്, കളികഴിഞ്ഞ് ഫിഫ ലോകകപ്പ് ഫുട്ബോളിന്റെ അവലോകനവും കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ സമയം 10 മണി കഴിയുമായിരുന്നു തന്റെ രക്ത പരിശോധനയിൽ ചില അപ്രിയ സത്യങ്ങളൊളിഞ്ഞിരിക്കുന്നുണ്ടെന്നും ജോലി കഴിഞ്ഞ് ഉടനെ തന്നെ നീ എന്നെ വന്ന് കാണണം എന്നും ശബരി പറഞ്ഞപ്പോൾ ജിറോണിന്റെ നെഞ്ച് ഒന്ന് ചെറുതായി കുലുങ്ങി.

ലങ് ക്യാൻസറിന്റെ ആദ്യലക്ഷണങ്ങൾ ആണെന്ന് പറഞ്ഞപ്പോൾ ജിറോണിന് വിശ്വസിക്കാൻ പറ്റിയില്ല. പണ്ട് എമ്പത് തൊണ്ണൂറ് കാലഘട്ടങ്ങളിൽ പുകവലിക്കെതിരെ ഇന്നത്തെ പോലെ യുദ്ധങ്ങൾ ഉണ്ടായിരുന്നില്ല. സിഗരറ്റ് പാക്കറ്റുകളിൽ ഇപ്പോൾ ഉള്ള ചിത്രങ്ങളും പരസ്യങ്ങളും കണ്ടാൽ ജീവിതത്തിൽ ഒരിക്കലും വിലിക്കാൻ തോന്നുകയില്ലായിരുന്നു അന്നത്തെ തലമുറയ്ക്ക്. മറിച്ച് ഇന്നത്തെ തലമുറ അത്തരത്തിലുള്ള പരസ്യങ്ങളും ചിത്രങ്ങളും കണ്ടിട്ടും ചെയ്യുന്നു.

തലയിലേക്ക് ഇരുട്ട് കേറിയത് പോലെ ജിറോണിന് തോന്നി. വീട്ടിൽ വന്നിട്ട് ആരോടും ഒന്നും പറഞ്ഞില്ല. മുൻപോട്ടുള്ള ജീവിതത്തെക്കുറിച്ച് ആലോചിച്ചു. കീമോതെറാപ്പി,തലയിലെ മുടികൊഴിച്ചിൽ അങ്ങനെ.. അങ്ങനെ.. ഒരിക്കലും തീരാത്ത ആയിരക്കണക്കിന് ചോദ്യങ്ങൾ അവന്റെ മനസ്സിലൂടെ പാഞ്ഞ് നടന്നു. ഉറക്കം വന്നില്ല തിരിഞ്ഞും മറിഞ്ഞും കിടന്ന് ഒരുവിധത്തിൽ നേരം വെളുപ്പിച്ചു. തന്റെ പ്രിയതമയോടും പറഞ്ഞില്ല അതിനുള്ള ശേഷി അവന് ഉണ്ടായിരുന്നില്ല.

എല്ലാം പോസിറ്റീവായി എടുക്കുന്ന ജിറോൺ അന്ന് പക്ഷേ ജീവിതത്തിൽ തളർന്നു. ജോലിക്ക് പോകുമ്പോൾ പിന്നീടുള്ള സ്മോക്ക് ബ്രേക്കുകളിൽ ഒന്നും സിഗരറ്റ് വലിച്ചില്ല. മനസ്സിനെ ഒരുവിധത്തിൽ പതിയെ പതിയെ പറഞ്ഞു മനസ്സിലാക്കി. “എപ്പോഴും ഒരു പോരാളിയായിരുന്നു ഞാൻ, ആരുടെ മുമ്പിലും പ്രത്യേകിച്ച് ഈ ചീള് ക്യാൻസറിനു മുമ്പിലും ചങ്കുറപ്പോടെ നിൽക്കാനാണ് മനസ്സ് തീരുമാനിച്ചത്”. പഠനകാലത്ത് തൊണ്ട പൊട്ടി വിളിച്ച ഇൻക്വിലാബ് സിന്ദാബാദും അദ്ദേഹത്തിന് ധൈര്യം കൊടുത്തു. അന്ന് കാറിൽ ഇരുന്നുകൊണ്ട് തൊണ്ടപൊട്ടുന്ന ഉച്ചത്തിൽ വിളിച്ചുപറഞ്ഞു “എന്നെ ആർക്കും തോൽപ്പിക്കാൻ പറ്റില്ല ക്യാൻസറേ….” എന്ന്.

സാം കുട്ടനു ഏറ്റവും ഇഷ്ടമുള്ള മിഠായിയും, ഭാര്യക്ക് ഏറ്റവും ഇഷ്ടമുള്ള പെർഫ്യൂമും വാങ്ങിക്കൊടുത്തുകൊണ്ടാണ് തന്റെ ക്യാൻസർ വിവരം പ്രിയതമയെ അറിയിക്കാൻ വേണ്ടി തീരുമാനിച്ചത്. സന്ധ്യ പ്രാർത്ഥനകളൊക്കെ വിദേശരാജ്യത്തേക്ക് കുടിയേറിയതിനു ശേഷം നിലച്ചിരുന്നു. തന്റെ രോഗവിവരം അറിയിക്കാൻ വേണ്ടി ഒരു വിധത്തിൽ ക്രിസ്ത്യാനികളുടെ വേദപുസ്തകമായ ബൈബിളുമായി സോഫയിൽ സ്ഥാനം പിടിച്ചു. സാധാരണ എന്തെങ്കിലും കുടുംബ വഴക്ക് വന്നാൽ മധ്യസ്ഥൻ ആയിരുന്നു ഈ ബൈബിൾ. അങ്ങനെ അവരുടെ ഇടയിലുള്ള എല്ലാ പ്രശ്നങ്ങളും ബൈബിൾ വഴി പരിഹരിച്ചിരുന്നു.

പ്രാർത്ഥന കഴിഞ്ഞ് സ്തുതി പറയുമ്പോൾ ജെസ്സിയെ പതിവിലും വിപരീതമായി ഗാഢമായി ജിറോൺ ആലിംഗനം ചെയ്തു. “നിന്നെ ഇന്ന് പുകയില മണക്കുന്നില്ലല്ലോ” എന്ന് പറഞ്ഞ് ഒരു മധുരമുള്ള ഉമ്മയും സമ്മാനിച്ചു ജെസ്സി.

മഴ കാത്തിരുന്ന വേഴാമ്പലിനെ പോലെയായിരുന്നു ജിറോണിന് അത്. തന്റെ രോഗവിവരം ഒരുവിധത്തിൽ ജിറോൺ അവളെ പറഞ്ഞു മനസ്സിലാക്കി. ആയിരക്കണക്കിന് ക്യാൻസർ രോഗികളെ ചികിത്സിച്ച് പരിചയമുള്ള ജെസ്സി ഒന്നു ഞെട്ടി, പക്ഷേ തന്റെ എല്ലാമായ ജിറോണിന് വേണ്ടി പുറത്തേക്ക് വന്ന ആ ഗദ്ഗദങ്ങൾ പിടിച്ചു നിർത്തി. അന്നത്തെ ജോലി ഉപേക്ഷിച്ച് ജെസ്സിയും ജിറോണും പുറത്തുപോയി നല്ല ബീഫ് കറിയും പൊറോട്ടയും കഴിച്ചാണ് തിരിച്ച് വീട്ടിലെത്തിയത്. സമയം 10 മണി കഴിഞ്ഞിരുന്നു.

ജോലിസ്ഥലത്ത് പതിവായി ഓടി നടക്കാറുള്ള ജിറോൺ അന്ന് ഒന്നിനോടും താല്പര്യമില്ലാതെ സമയം തള്ളിനീക്കി. വിവരമറിഞ്ഞിട്ട് ഏതാണ്ട് 20 മണിക്കൂർ ആയിരിക്കുന്നു. സാധാരണ എല്ലാ പ്രശ്നങ്ങൾക്കും ഇരുപതിനാല് മണിക്കൂറിനുള്ളിൽ വഴി കണ്ടെത്തുന്ന കഴിവ് ജിറോൺ തന്റെ എംബിഎ പഠനകാലം കൊണ്ട് സൃഷ്ടിച്ചിരുന്നു. വൈശാഖൻതമ്പി ആയിരുന്നു അദ്ദേഹത്തിന്റെ ശാസ്ത്രീയ ഗുരു. ബ്രിസ്ബണിൽ വൈശാഖൻതമ്പി വന്ന് പ്രഭാഷണം നടത്തിയപ്പോൾ ബാഡ്മിന്റന് അവധി കൊടുത്ത് തന്റെ എല്ലാ സുഹൃത്തുക്കളെയും കൂട്ടിയാണ് ആ ചർച്ചയിൽ പങ്കുചേരാൻ പോയിരുന്നത്.

അന്ന് ജോലി കഴിഞ്ഞു പോരുമ്പോൾ ജഗജിത് സിംഗിന്റെ ഗസൽ പാട്ടുകൾ കേട്ടു കൊണ്ടു വരുമ്പോഴാണ് ആ വിളി വന്നത്. ഡോക്ടർ ശബരിയുടെ വിളി കണ്ടപ്പോൾ മടിച്ചു മടിച്ചാണ് ഫോൺ എടുത്തത്. ഒരായിരം വട്ടം ക്ഷമ ചോദിച്ചുകൊണ്ടാണ് ഡോക്ടർ ശബരി സംഭാഷണം തുടങ്ങിയത്. രക്തം പരിശോധിച്ച് റിപ്പോർട്ട് നിന്റെ അല്ലെന്നും വേറെ ഒരു ജിറോണിന്റെ ആയിരുന്നു എന്നും പറഞ്ഞു.

അപ്പോഴേക്കും ജിറോൺ തന്റെ പ്രിയപ്പെട്ട കൂട്ടുകാരനായ ശബരിയെ ആയിരം തെറികൾ കൊണ്ട് മൂടിയിരുന്നു. അന്ന് വൈകുന്നേരം പതിവുപോലെ തന്റെ ഫുട്ബോൾ കളിയും കഴിഞ്ഞ് ഖത്തർ ലോകകപ്പ് ഫുട്ബോൾ വിശേഷവും പറഞ്ഞിരുന്ന് സമയം 10 മണി കഴിഞ്ഞിരുന്നു.

ജെസ്സിയെ ഡോക്ടർ നേരത്തെ തന്നെ വിളിച്ചു പറഞ്ഞിരുന്നു അതിനാൽ അന്ന് ഗംഭീര സദ്യയായിരുന്നു ഒരുക്കിയിരുന്നത്. ഏറ്റവും ഇഷ്ടമുള്ള ഭക്ഷണം കഴിച്ചതിനു ശേഷം പുറത്തിരുന്ന് സിഗരറ്റ് വലിക്കുന്ന ശീലം ജിറോൺ അന്നത്തോടു കൂടെ നിർത്തി. ശരിയ്ക്കും ഒരു വിപ്ളവ നേതാവായി ജറോൺ അറിയപ്പെട്ടത് ഈ സംഭവത്തിനു ശേഷം ആയിരിന്നു.

പിന്നീട് ജറോൺ ഇങ്ങനെ പാടി നടന്നു…
“ആയിരം ചൂട് ചുംബനങ്ങൾ ഏറ്റു വങ്ങേണ്ട നിന്റെ ചുണ്ടിൽ പുകയില കറ പറ്റിക്കരുതെ സഖാക്കളെ ….
വയലിന്റെ വരമ്പത്തിരുന്ന് വലിക്കേണ്ടത് ബീഡിയല്ല മറിച്ച് വയലാറിന്റെ മധുരമുള്ള പാട്ടുക്കാളാണ് എന്റെ കൂട്ടുക്കാരെ …

ജേക്കബ് ബ്രിസ്‌ബേൻ
jacobkmnz@gmail.com
…കഥ സങ്കൽപ്പികം പക്ഷെ കഥാപാത്രങ്ങൾ നമ്മുടെ ഇടയിൽ ഉള്ളവർ …

പ്രബുദ്ധ വിശ്വാസ കേരളം