
കീവ്: യുക്രൈനിൽ രൂക്ഷമായ മിസൈൽ ആക്രമണം തുടർന്ന് റഷ്യ. നിപ്രയിൽ പാർപ്പിട സമുച്ചയങ്ങൾക്ക് നേരെ നടത്തിയ ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു. സോളേദാർ നഗരം പിടിച്ചെടുത്തെന്നാണ് റഷ്യൻ സൈന്യം അവകാശപ്പെടുന്നത്. എന്നാൽ, ഇത് യുക്രൈൻ നിഷേധിച്ചിട്ടുണ്ട്. സോളേദാർ പിടിച്ചെടുക്കാനായി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കനത്ത പോരാട്ടമാണ് റഷ്യ നടത്തുന്നത്. ഉപ്പ് ഖനന പട്ടണമായ സോളേദാർ പിടിച്ചാൽ സമീപന നഗരമായ ബഖ്‌മുത് പിടിക്കാനും യുക്രൈൻ സൈന്യത്തിന് സാധനസാമഗ്രികൾ എത്തിക്കുന്നത് തടയാനും കഴിയുമെന്നതിനാൽ അഭിമാന പോരാട്ടമായാണ് റഷ്യ ഇതിനെ കാണുന്നത്. പത്തുമാസമായി തുടരുന്ന യുദ്ധത്തിൽ കാര്യമായ നേട്ടമുണ്ടാക്കാൻ കഴിയാത്ത റഷ്യൻസൈന്യത്തിന് സോളേദാറിലെ ആധിപത്യം ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. സെപ്റ്റംബറിൽ റഷ്യ നിയമവിരുദ്ധമായി കൂട്ടിച്ചേർത്തതായി അവകാശപ്പെട്ട നാല് പ്രവിശ്യകളിലൊന്നായ ഡൊണെറ്റ്‌സ്കിലാണ് സോളേദാർ നഗരം.
യുക്രൈൻ തലസ്‌ഥാനമായ കീവിലും കിഴക്കൻ നഗരമായ ബർകീവിലും ശനിയാഴ്‌ച പുലർച്ചെ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ കനത്ത നാശനഷ്‌ടം ഉണ്ടായി. മിസൈൽ ആക്രമണങ്ങളുടെ പശ്‌ചാത്തലത്തിൽ വരും ദിവസങ്ങളിൽ വൈദ്യുതി, വെള്ളം എന്നിവയുടെ വിതരണത്തിൽ പ്രതിസന്ധി ഉണ്ടാകുമെന്ന് ഉക്രൈൻ ഊർജമന്ത്രി അറിയിച്ചു. അതേസമയം, യുക്രൈൻ സൈന്യത്തിന് കൂടുതൽ സഹായം എത്തിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് അറിയിച്ചു, എന്നാൽ, യുക്രൈൻ കൂടുതൽ ആയുധങ്ങൾ നൽകുന്നത് പ്രശ്‌നം കൂടുതൽ സങ്കീർണം ആക്കുമെന്നും കടുത്ത പ്രത്യാഘാതം ഉണ്ടാകുമെന്നും റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുടിൻ മുന്നറിയിപ്പ് നൽകി.