
ബെയ്ജിംഗ്: ഒരു മാസത്തില്‍ ചൈനയില്‍ 60,000 -ത്തോളം കൊവിഡ് മരണങ്ങള്‍ സംഭവിച്ചതായി റിപ്പോര്‍ട്ട്. ഡിസംബര്‍ മാസത്തിന്റെ ആദ്യം വൈറസ് വ്യാപനം രൂക്ഷമായതിന് ശേഷം ചൈനീസ് സര്‍ക്കാര്‍ പുറത്തുവിടുന്ന ആദ്യത്തെ റിപ്പോര്‍ട്ടാണിത്. 2022 ഡിസംബര്‍ എട്ടിനും ഈ വര്‍ഷം ജനുവരി 12-നും ഇടയില്‍ 59,938 കൊവിഡ് മരണങ്ങള്‍ രേഖപ്പെടുത്തിയതായി ബ്യൂറോ ഓഫ് മെഡിക്കല്‍ അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ആശുപത്രികളില്‍ രേഖപ്പെടുത്തിയിട്ടുള്ള മരണങ്ങളുടെ കണക്ക് മാത്രമാണിത്. യഥാര്‍ത്ഥ കണക്ക് ഇതിലും കൂടുതലായിരിക്കുമെന്നാണ് ലഭിക്കുന്ന വിവരം.
ചൈന കൊവിഡ് മരണങ്ങളുടെ എണ്ണം കുറച്ചു കാണിക്കുന്നതായി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ആശുപത്രിയിലെയും മറ്റുള്ളയിടങ്ങളിലെയും മരണത്തെ കുറിച്ചുള്ള വ്യക്തമായ ഡാറ്റ പുറത്തുവിടണമെന്ന് ഡബ്ല്യുഎച്ച്ഒ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കണക്കുകൾ മറച്ചുവെച്ചിട്ടില്ലെന്നും അതുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടനയുമായി ചൈനീസ് ശാസ്ത്രജ്ഞർ ചർച്ചകൾ നടത്തുകയാണെന്നുമാണ് ബീജിങ് എംബസിയുടെ വക്താവായ ലിയു പെങ്ക്യു പറഞ്ഞത്. ചൈനയില്‍ 60 വയസ്സിന് മുകളിലുള്ളവരില്‍ ദശലക്ഷക്കണക്കിന് ആളുകളാണ് വാക്‌സിന്‍ എടുക്കാതിരിക്കുന്നത്. കൊവിഡ് മൂലം മരിച്ചവരുടെ ശരാശരി പ്രായം 80.3 വയസായിരുന്നു. മരിച്ചവരില്‍ 90 ശതമാനത്തിലധികം പേരും 65 വയസിന് മുകളിലുള്ളവരാണെന്നും ചൈന വ്യക്തമാക്കിയിട്ടുണ്ട്.
2020-ന്റെ തുടക്കത്തിൽ കോവിഡ് വ്യാപനം രൂക്ഷമായതോടെ ചൈനയിൽ ആരംഭിച്ച നിയന്ത്രണങ്ങൾ സമീപകാലംവരെ വിട്ടുവീഴ്ചയില്ലാതെ തുടരുകയായിരുന്നു. എന്നാൽ, സീറോ കോവിഡ് നയത്തിനെതിരേ രാജ്യവ്യാപക പ്രതിഷേധമുയർന്നതിനെത്തുടർന്നാണ് ഈയടുത്ത് ഇളവുകള്‍ നൽകിത്തുടങ്ങിയത്. അതോടെ കോവിഡ് രോഗികളുടെ എണ്ണവും മരണനിരക്കും വൻതോതിൽ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വരികയായിരുന്നു.