കൊറിയൻ അതിർത്തിയിൽ സംഘർഷം.

കൊറിയൻ അതിർത്തിയിൽ സംഘർഷം.

സോൾ: തെക്കൻ കൊറിയയ്ക്ക് നേരെ മിസൈൽ തൊടുത്ത് വടക്കൻ കൊറിയ. തെക്കൻ കൊറിയയുടെ സമുദ്രാതിർത്തി കടന്ന് മിസൈൽ പതിച്ചു. 23 മിസൈലുകളാണ് തൊടുത്തുവിട്ടത്, അവയിലൊന്ന് ദക്ഷിണ കൊറിയയുടെ വടക്കുകിഴക്കൻ ഭാഗത്തുള്ള ഒരു പ്രധാന ടൂറിസം ഹബ്ബിൽ നിന്ന് 60 കിലോമീറ്റർ മാത്രം അകലെയാണ് പതിച്ചത്. 1948-ലെ കൊറിയൻ വിഭജനത്തിന് ശേഷം ഇതാദ്യമായാണ് വടക്കൻ കൊറിയ, സമുദ്രാതിർത്തി കടന്നുള്ള ആക്രമണം നടത്തുന്നത്. തിരിച്ചടിയായി ദക്ഷിണ കൊറിയ മൂന്ന് എയർ ടു ഗ്രൗണ്ട് മിസൈലുകൾ പ്രയോഗിച്ചു. കൊറിയകൾ രണ്ടായതിന് ശേഷം ഇതാദ്യമായാണ് അതിർത്തി കടന്നുളള മിസൈൽ ആക്രമണം.

തെക്കൻ കൊറിയയിലെ ഇറ്റെവോണിൽ ഹാലോവീൻ ആഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് നൂറ്റമ്പതിൽ അധികം പേർ ഞെരിഞ്ഞ് മരിച്ചതിന്റെ ആഘാതം മാറും മുമ്പാണ്, വടക്കൻ കൊറിയയുടെ പ്രകോപനം. കൊറിയൻ സമുദ്രാതിർത്തി രേഖയെ അംഗീകരിക്കാൻ ഇതുവരെ വടക്കൻ കൊറിയ തയ്യാറായിട്ടില്ല. സംയുക്ത സൈനികാഭ്യാസം തുടർന്നാൽ ദക്ഷിണ കൊറിയയ്ക്കും അമേരിക്കയ്ക്കും കനത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന ഭീഷണിയും വടക്കൻ കൊറിയയുടെ ഭാഗത്ത് നിന്നുണ്ടായിരുന്നു. ഇതിനിടെ അമേരിക്കയുടെ ആണവ അന്തർവാഹിനി ദക്ഷിണ കൊറിയൻ തീരത്തടുത്തു.