പ്യൂമ 10-ാം വർഷത്തിലേക്ക്, നയിക്കാൻ ശക്തരായ നവ നേതൃത്വം.

പ്യൂമ 10-ാം വർഷത്തിലേക്ക്, നയിക്കാൻ ശക്തരായ നവ നേതൃത്വം.

പെർത്ത്: മലയാളികളുടെ കല, കായികം, സാഹിത്യം, വിദ്യാഭ്യാസം, ചാരിറ്റി, ആരോഗ്യം തുടങ്ങിയ സമസ്ത മേഖലകളിലും സജീവ സാന്നിധ്യമായി നിലകൊണ്ട്, സർഗ്ഗാത്മകതകൾക്ക് എക്കാലവും താങ്ങും തണലുമായി നിന്ന പ്രസ്ഥാനം, അതിന്റെ മുന്നോട്ടുള്ള പ്രയാണം തുടരുകയാണ്. ഒക്ടോബർ 21-ന് പിയാരാ വാട്ടർസ് പവിലയനിൽ കൂടിയ വാർഷിക പൊതുയോഗത്തിൽ ഐക്യകണ്ഠേന പുതിയ സാരഥികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ്‌ ബോബി ജോസഫ്, സെക്രട്ടറി അഭിലാഷ് എബ്രഹാം, ട്രഷറർ ബേബിച്ചൻ എന്നിവരുടെ നേതൃത്വത്തിൽ 21 അംഗ വിപുലമായ കമ്മിറ്റി 10–ാം വർഷത്തെ പ്രവർത്തനങ്ങൾ മുന്നിൽ നിൽക്കും. ഒക്ടോബർ മാസത്തിൽ കൃത്യമായി വാർഷിക പൊതുയോഗം നടത്തി പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്ന പെർത്തിലെ ഏക അസോസിയേഷനാണ് പ്യൂമ.

വിദ്യാഭ്യാസരംഗത്ത് കഴിഞ്ഞ അഞ്ചുവർഷമായി കുട്ടികൾക്കായുള്ള സ്കിൽ ഡെവലപ്മെന്റ് നടത്തി വരുന്നു. കൂടാതെ ഹാരിസ് ഡെയ്ൽ ഹൈസ്കൂളിനു ഗേറ്റ് പ്രോഗ്രാം ലഭിക്കുന്നതിന്റെ പ്രവർത്തനങ്ങൾക്ക് മുൻപന്തിയിൽ നിന്ന് നേതൃത്വം കൊടുത്തു. 2020-ൽ കോവിഡ് 19 മൂലം ലോകം നിശ്ചയമായപ്പോൾ പെർത്തിൽ അകപ്പെട്ടുപോയ മാതാപിതാക്കളെ നാട്ടിലെത്തിക്കുവാൻ പ്യൂമയുടെ ചാർട്ടേർഡ് ഫ്ലൈറ്റ് കൊച്ചി യിലേക്ക് സർവീസ് നടത്തിയതും ഇതു മറ്റു സംഘടനകൾ പിന്നീടു മാതൃകയാക്കുന്ന കാഴ്ചയും പെർത്ത് മലയാളികൾ സാക്ഷ്യം വഹിച്ചു.

ഇനിയും ഏറെ മുന്നേറാനുണ്ടെന്ന ബോധ്യത്തിൽ, പിന്നിട്ട വഴികളിൽ മറ്റൊരു നാഴികക്കല്ല് കൂടി തീർക്കാനൊരുങ്ങുന്നു. പെർത്ത് മലയാളികളുടെ പരിപൂർണ സഹകരണം ഒന്നു മാത്രമാണ് അസൂയവാഹമായ ഈ നേട്ടങ്ങൾ കൈവരിക്കുന്നതിനു സഹായമായത്. ഈ വർഷം നിരവധി വ്യത്യസ്തമായ പരിപാടികൾ നടത്താനാണു കമ്മിറ്റിയുടെ തീരുമാനം. എല്ലാ പെർത്ത് മലയാളികളുടെയും പരിപൂർണ സഹകരണം ഞങ്ങൾ പ്രതീക്ഷിക്കുന്നു.