ഐഎച്ച്എംഎയുടെ നഴ്സിങ് അവാർഡുകൾ പ്രഖ്യാപിച്ചു.

ഐഎച്ച്എംഎയുടെ നഴ്സിങ് അവാർഡുകൾ പ്രഖ്യാപിച്ചു.

മെൽബൺ: കോവിഡ് മഹാമാരിക്കാലത്ത് മുന്നണി പോരാളികളായ നഴ്സുമാരെ ആദരിക്കുന്നതിനായി ഓസ്ട്രേലിയയിലെ സർക്കാർ അംഗീകൃത നഴ്സിങ് വിദ്യാഭ്യാസ സ്ഥാപനമായ ഐഎച്ച്എംഎയുടെ നേതൃത്വത്തിൽ 1 ലക്ഷം രൂപ വീതം 25 നഴ്സുമാർക്ക് നൽകുന്ന പുരസ്കാരത്തിന്റെ ഓസ്ട്രേലിയൻ വിജയികളെ സിഇഒ ബിജോ കുന്നുംപുറത്ത് മെൽബണിൽ പ്രഖ്യാപിച്ചു. അനു തോമസ് (പാല സ്വദേശി), ജെൻസി അനന്ദ് (കോഴിക്കോട് സ്വദേശിനി), ജോസഫ് ജന്നിങ്സ് (കലൂർ സ്വദേശി), മായ സാജൻ (എറണാകുളം പുത്തൻകുരിശ് സ്വദേശിനി), ബീന ഗോപിനാഥൻ പിള്ള (പത്തനംതിട്ട വള്ളിക്കോട് സ്വദേശിനി) എന്നിവരാണ് ഒരു ലക്ഷം രൂപാ വീതമുള്ള പുരസ്കാരത്തിന് അർഹരായവർ.

മുഹമ്മദ് മുബാരക്, സ്മിത സുകുമാരൻ നായർ, ശ്രീജ സൻജയ്, അനിഷാ മണി, സുനു സൈമൺ എന്നിവർ ജൂറിയുടെ പ്രത്യേക പുരസ്കാരം നേടി. പ്രശസ്തി പത്രവും, ബഹുമതിയുമാണ് ഇവർക്കു ലഭിക്കുന്നത്. ഒക്ടോബർ 29-ന് മെൽബണിലെ വിറ്റിൽസി മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന ഇന്ദ്രോത്സവം ചടങ്ങിൽ വച്ച് ലീഡർഷിപ്പ് അവാർഡുകൾ വിതരണം ചെയ്യും. ജൂറി പുരസ്കാരം പിന്നീട് നൽകും.

ഓസ്ട്രേലിയക്ക് പുറമെ ഇന്ത്യ, യുഎഇ, യുകെ, അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള അ‍ഞ്ച് വീതം നഴ്സുമാർക്കുള്ള പുരസ്കാരങ്ങൾ വരും മാസങ്ങളിൽ പ്രഖ്യാപിക്കുകയും അതാത് സ്ഥലങ്ങളിൽ വച്ച് വിതരണം ചെയ്യുകയും ചെയ്യും. ഓസ്ട്രേലിയയിലെ വിക്ടോറിയ സർക്കാരിന്റെ ഈ വർഷത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള അവാർഡ് ലഭിച്ച ഐഎച്ച്എൻഎ കഴിഞ്ഞ 15 വർഷമായി നിരവധി കോഴ്സുകളിലൂടെ ആയിരക്കണക്കിന് വിദ്യാർഥികൾക്ക് പഠന സൗകര്യം ഒരുക്കുന്നുണ്ട്. മെൽബൺ, സിഡ്നി, പെർത്ത്, കൊച്ചി എന്നിവിടങ്ങളിലായി ഏഴ് ക്യംപസുകളും പ്രവർത്തിച്ചു വരുന്നു.