സദാചാരക്കുരുക്കിൽ സിപിഎം; സിപിഎം നേതാക്കൾക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി സ്വപ്‌ന സുരേഷ്.

സദാചാരക്കുരുക്കിൽ സിപിഎം; സിപിഎം നേതാക്കൾക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി സ്വപ്‌ന സുരേഷ്.

തിരുവനന്തപുരം: സ്വപ്ന സുരേഷ് ഉന്നയിച്ച പുതിയ സാമ്പത്തിക – സദാചാര ലംഘന ആരോപണങ്ങൾ അവഗണിച്ചു സി പി എം. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരെ കൂടുതൽ കനത്ത സാമ്പത്തിക – അഴിമതി ആക്ഷേപങ്ങൾ സ്വപ്ന നിരത്തിയിട്ടുണ്ട്. കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്, സംസ്ഥാനകമ്മിറ്റി അംഗം പി.ശ്രീരാമകൃഷ്ണൻ, എംഎൽഎയും സംസ്ഥാന കമ്മിറ്റി അംഗവുമായ കടകംപള്ളി സുരേന്ദ്രൻ എന്നിവർ തന്നോട് ലൈംഗികച്ചുവയോടെ അടുക്കാനും ബന്ധം പുലർത്താനും ശ്രമിച്ചെന്നും സ്വപ്ന ആരോപിക്കുന്നു. പ്രതികരണം തൽക്കാലം വേണ്ടെന്ന തീരുമാനമാണ് പാർട്ടി നേതൃത്വം എടുത്തിരിക്കുന്നത്. കടകംപള്ളി സുരേന്ദ്രൻ കൊച്ചിയിൽ വച്ച് ഹോട്ടൽ മുറിയിലേക്ക് ക്ഷണിച്ചുവെന്നും പി.ശ്രീരാമകൃഷ്ണൻ ഔദ്യോഗിക വസതിയിലേക്ക് ഒറ്റക്ക് വരാൻ ആവശ്യപ്പെട്ടെന്നും തോമസ് ഐസക് മൂന്നാറിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞതായും സ്വപ്ന വിവിധ ചാനലുകളിൽ നടത്തിയ അഭിമുഖങ്ങളിൽ വെളിപ്പെടുത്തി. ഇക്കാര്യങ്ങൾ ശിവശങ്കറിന് അറിയാമായിരുന്നുവെന്നും സ്വപ്ന വെളിപ്പെടുത്തി. മന്ത്രിയല്ലേ ആരോടും പറയണ്ടെന്നാണ് ശിവശങ്കർ ഇക്കാര്യത്തിൽ മറുപടി നൽകിയത്. ഇതിനെല്ലാം തെളിവുണ്ടെന്നും അത് ഇഡിക്ക് കൈമാറിയതായും സ്വപ്ന വിശദീകരിച്ചു.

ഒന്നാം പിണറായി മന്ത്രിസഭ നടത്തിയ കൊടിയ അഴിമതികളെക്കുറിച്ചും നാണം കെട്ട മറ്റിടപാടുകളെക്കുറിച്ചും കോടതിയുടെ മേൽനോട്ടത്തിലുള്ള സി.ബി.ഐ. അന്വേഷണം ആവശ്യമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. രണ്ടാംമന്ത്രിസഭയിൽനിന്ന് പഴയ മന്ത്രിമാരെ പൂർണ്ണമായും ഒഴിവാക്കിയതെന്തിനെന്ന് ജനങ്ങൾക്ക് ഇപ്പോൾ ബോധ്യമായി എന്നും ചെന്നിത്തല പറഞ്ഞു. കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രതിയായ ശിവശങ്കറെ തിടുക്കത്തിൽ തിരിച്ചെടുത്തതിന്റെയും, സംരക്ഷണം നൽകുന്നതിന്റെയും പിന്നിലെ രഹസ്യം ഇപ്പോൾ ജനങ്ങൾക്ക് പൂർണ്ണമായും ബോധ്യമായി. ഇത്രയും ആയിട്ടും കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്ന ഈ കേസ് എവിടെയും എത്താത്തതിനു പിന്നിൽ ബി.ജെ.പി.- സി. പി. എം. ബന്ധമാണെന്ന് വ്യക്തമാവുകയാണ്. അതുകൊണ്ട് ഈ വെളിപ്പെടുത്തലുകൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ കോടതിയുടെ മേൽനോട്ടത്തിൽ സി.ബി.ഐ. അന്വേഷിക്കുകയാണ്‌ വേണ്ടതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

സ്വപ്‌നയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ പോലീസ് കേസെടുക്കണമെന്നും രാജ്യത്തെ നിയമവാഴ്ചയോട് അൽപമെങ്കിലും ബഹുമാനമുണ്ടെങ്കിൽ മുഖ്യമന്ത്രി അതാണ് ചെയ്യണ്ടതെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു. സ്ത്രീകൾക്കെതിരായ കടന്നാക്രമണങ്ങൾ, അവരെ ആക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ, ലൈംഗിക പരാമർശങ്ങൾ തുടങ്ങിയവയൊക്കെ ഗുരുതരമായ കുറ്റങ്ങളാണ്. രാജ്യത്തെ നിയമമനുസരിച്ച് ഇത്തരമൊരു വെളിപ്പെടുത്തൽ വന്നാൽ സ്വമേധയാ കേസെടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

സിപിഎം നേതാക്കളായ മുൻ മന്ത്രിമാർക്കും മുൻ സ്പീക്കർക്കും എതിരെ സ്വപ്ന ഉന്നയിച്ച ലൈംഗിക ആരോപണത്തിൽ പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്യണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. സ്പേസ് പാർക്കിൽ തന്നെ നിയമിച്ചതു വിദേശ കമ്പനികളുമായി വിലപേശി കമ്മിഷൻ കൈപ്പറ്റുന്നതിനു വേണ്ടിയാണെന്ന ആരോപണം മുഖ്യമന്ത്രിക്കുമെതിരെയാണ്. സ്വപ്ന വെളിപ്പെടുത്തലുകൾ മൊഴിയായി നൽകിയിട്ടു പോലും അന്വേഷണത്തിന് ഇഡി തയാറായിട്ടില്ല. ബിജെപിയും കേരളത്തിലെ സിപിഎമ്മും തമ്മിൽ ഉണ്ടാക്കിയിരിക്കുന്ന ധാരണയാണ് ഇതിനു കാരണം എന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

ആരോപണ വിധേയരായ സിപിഎം നേതാക്കൾക്കെതിരെ കേസെടുക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ആവശ്യപ്പെട്ടു. മുൻ മന്ത്രിമാരായ തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രൻ, മുൻ സ്പീക്കർ ശ്രീരാമകൃഷ്ണൻ എന്നിവർക്ക് എതിരെയാണ് ലൈംഗിക ആരോപണം ഉന്നയിച്ചിരിക്കുന്നത്. സമാന ആരോപണം നേരിടുന്ന എൽദോസിനെതിരെ കേസെടുത്ത പൊലീസ് സിപിഎം നേതാക്കൾക്ക് എതിരെ അന്വേഷണം നടത്താൻ മടിക്കുന്നത് എന്തുകൊണ്ടാണെന്ന് സുധാകരൻ ചോദിച്ചു.

എൽദോസ് കുന്നപ്പിള്ളിക്ക് സസ്പെൻഷൻ.