
ബ്രിസ്ബേൻ: ട്വന്റി 20 ലോകകപ്പ് സന്നാഹ മത്സരത്തിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് ജയം. 6 റൺസിനാണ് ഇന്ത്യയുടെ ജയം. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 186 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ 20 ഓവറിൽ പത്ത് വിക്കറ്റ് നഷ്ടത്തിൽ 180 റൺസെടുക്കാനേ ഓസീസിനു സാധിച്ചുള്ളൂ.
മുഹമ്മദ് ഷമി എറിഞ്ഞ അവസാന ഓവറാണു കളിയുടെ ഗതി മാറ്റിയത്. 20–ാം ഓവർ മാത്രം എറിയാനെത്തിയ ഷമി അവസാന നാലു പന്തുകളിൽ നാലു താരങ്ങളെ പുറത്താക്കി. അതിലൊന്നു റണ്ണൗട്ടായിരുന്നു. ജയിക്കാൻ 11 റൺസാണ് ഈ ഓവറിൽ ഓസ്ട്രേലിയയ്ക്ക് ആവശ്യമുണ്ടായിരുന്നത്. ഒരു ഓവർ മാത്രം എറിഞ്ഞ ഷമി നാല് റൺസാണ് ആകെ വിട്ടുനൽകിയത്. അവസാന ഒൻപതു റൺസെടുക്കുന്നതിനിടെ ഓസ്ട്രേലിയയ്ക്ക് ആറു വിക്കറ്റുകള്‍ നഷ്ടമായി. 19–ാം ഓവർ എറിഞ്ഞ ഹർഷൽ പട്ടേല്‍ അഞ്ചു റൺസ് വഴങ്ങി, രണ്ടു താരങ്ങളെ പുറത്താക്കി. ഭുവനേശ്വർ കുമാറിന് 2 വിക്കറ്റ് ലഭിച്ചു. 54 പന്തിൽ 76 റൺസ് നേടിയ ക്യാപ്ടൻ ആരോൺ ഫിഞ്ച് ആണ് ഓസ്ട്രേലിയയുടെ ടോപ് സ്കോറർ. മിച്ചൽ മാർഷ് 18 പന്തിൽ 35 റൺസ് നേടി.