എം.ബി.രാജേഷ് മന്ത്രിയായി അധികാരമേറ്റു.

എം.ബി.രാജേഷ് മന്ത്രിയായി അധികാരമേറ്റു.

തിരുവനന്തപുരം∙ എം.ബി.രാജേഷ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സ്പീക്കര്‍ പദവി രാജി വെച്ച രാജേഷ് ഇന്ന് രാവിലെയാണ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. പതിനൊന്ന് മണിക്ക് രാജ്ഭവനിൽ വച്ചായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. സഗൗരവമായിരുന്നു എം ബി രാജേഷിന്‍റെ സത്യപ്രതിജ്ഞ. സിപിഎം സംസ്ഥാന സെക്രട്ടറിയായി തെരെഞ്ഞെടുത്ത എം വി ഗോവിന്ദൻ രാജിവെച്ച ഒഴിവിലാണ് നിയമസഭാ സ്പീക്കറായിരുന്ന രാജേഷിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത്. എം.വി.ഗോവിന്ദൻ കൈകാര്യം ചെയ്തിരുന്ന തദ്ദേശ, എക്സൈസ് വകുപ്പുകൾ തന്നെയാണ് രാജേഷിനു നല്‍കിയിരിക്കുന്നത്.

രണ്ട് തവണ എം പിയായ രാജേഷ് ആദ്യമായാണ് നിയമസഭയിലെത്തിയത്. വി ടി ബല്‍റാം തുടര്‍ച്ചയായി രണ്ട് തവണ ജയിച്ച തൃത്താല മണ്ഡലത്തില്‍ അദ്ദേഹത്തെ തോല്‍പ്പിച്ചാണ് ഇക്കുറി എം ബി രാജേഷ് സഭയിലെത്തിയത്. സൈനിക ഉദ്യോഗസ്ഥനായിരുന്ന ചളവറ കയിലിയാട് മാമ്പറ്റ ബാലകൃഷ്ണൻ നായരുടെയും എം.കെ.രമണിയുടെയും മകനായി 1971 മാർച്ച് 12-നു പഞ്ചാബിലെ ജലന്തറിലാണ് എം.ബി.രാജേഷിന്റെ ജനനം. ഒറ്റപ്പാലം എൻഎസ്എസ് കോളജിൽനിന്നു സാമ്പത്തിക ശാസ്ത്രത്തിൽ പിജിയും ലോ അക്കാദമിയിൽനിന്നു നിയമബിരുദവും നേടി. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായും ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ്, അഖിലേന്ത്യാ പ്രസിഡന്‍റ് എന്നീ നിലകളിലും എം ബി രാജേഷ് പ്രവര്‍ത്തിച്ചു. 2009 -ലും 2014 -ലും പാലക്കാ‌ട് ലോക്സഭാ മണ്ഡലത്തിലെ എം പി. നിലവില്‍ സിപിഎം സംസ്ഥാന സമിതി അംഗമാണ് രാജേഷ്.

എം ബി രാജേഷിന് പകരം സ്പീക്കറായി തെരഞ്ഞെടുത്ത ഷംസീറിൻ്റെ സത്യപ്രതിജ്ഞയ്ക്കായി സെപ്തംബര്‍ 12-ന് പ്രത്യേക നിയമസഭാ സമ്മേളനം ചേരും.