
ബിഎംഡബ്ല്യുവിന് കീഴിലുള്ള ഐക്കണിക്ക് ബ്രിട്ടീഷ് വാഹന ബ്രാന്‍ഡായ മിനി കൂപ്പർ തങ്ങളുടെ പുതിയ ഇലക്ട്രിക് വാഹനം അവതരിപ്പിക്കുന്നു. മിനി എയ്‌സ്‌മാൻ എന്നാണ് പേര് നൽകിയിരിക്കുന്നത്. ബ്രാൻഡിൽ നിന്നുള്ള ആദ്യത്തെ ഓൾ-ഇലക്‌ട്രിക് ക്രോസ്ഓവർ മോഡലായിരിക്കും ഈ വാഹനമെന്ന് കമ്പനി പറയുന്നു.
2020-ലെ മിനി ഇലക്ട്രിക് (കൂപ്പർ എസ്ഇ) നിന്ന് തികച്ചും വ്യത്യസ്തമാണ് മിനി എയ്‌സ്‌മാൻ. ഉൽപ്പാദനത്തിലേക്ക് കടക്കുമ്പോൾ മിനി ഹാച്ച്ബാക്കിനും കൺട്രിമാൻ എസ്‌യുവിക്കും ഇടയിലാണ് മിനി എയ്‌സ്‌മാൻ സ്ഥാനം പിടിക്കുക. ബിഎംഡബ്ല്യുവും ഗ്രേറ്റ് വാളും സംയുക്തമായി വികസിപ്പിച്ചുകൊണ്ടിരിക്കുന്ന പുതിയ സ്‌പോട്ട്‌ലൈറ്റ് ആർക്കിടെക്ചറിന്റെ സ്ട്രെച്ചഡ് പതിപ്പിനെ അടിസ്ഥാനമാക്കിയുള്ളതാണ് എയ്‌സ്‌മാൻ. 2024-ഓടെ വാഹനം വിപണിയിലെത്തിക്കുമെന്ന് കമ്പനി വ്യക്തമാക്കുന്നു.
മിനി തങ്ങളുടെ മിനി കൂപ്പര്‍ എസ്ഇയുടെ ഓൾ-ഇലക്‌ട്രിക് കൺവേർട്ടബിൾ പതിപ്പ് നേരത്തെ അവതരിപ്പിച്ചിരുന്നു. നാല് സീറ്റുകളുള്ള മിനി കൂപ്പർ എസ്ഇ മോഡൽ ആണിതെന്നും ചെറുകാർ സെഗ്‌മെന്റിൽ പൂർണ്ണമായും ഇലക്ട്രിക് ഡ്രൈവ്ട്രെയിനോടു കൂടിയ ലോകത്തിലെ ഏക പ്രീമിയം കൺവെർട്ടിബിൾ ആണ് മോഡലെന്നും കമ്പനി അവകാശപ്പെടുന്നു. ത്രീ-ഡോർ മിനി കൂപ്പർ SE-യുടെ അതേ ഡ്രൈവ് ഘടകങ്ങൾ ഇവി ഉപയോഗിക്കുന്നു. 32.6 kWh ലിഥിയം-അയൺ ബാറ്ററിയാണ് മിനി കൂപ്പര്‍ SE യ്‌ക്കുള്ളത്. ഒറ്റ ചാർജിൽ 270 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ച് വാഹനം വാഗ്‍ദാനം ചെയ്യുമെന്നാണ് കമ്പനിയുടെ അവകാശ വാദം. ബാറ്ററി പായ്‌ക്ക് 181 bhp കരുത്തും 270 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ഒരു ഇലക്ട്രിക് മോട്ടോറുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്. ഇതിന് 7.3 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ സാധിക്കും. ഇലക്‌ട്രോണിക് പരിമിതമായ വാഹനത്തിന്റെ ഉയർന്ന വേഗത 150 കി.മീറ്ററാണ്.
2021-ൽ ലോകമെമ്പാടും 302,000 കാറുകൾ വിറ്റ മിനി, 2027-ഓടെ വിൽപ്പനയുടെ പകുതിയും EV-കളായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.