
തൃശൂർ: മലങ്കര ഓർത്തഡോക്സ് സഭയിൽ 7 പുതിയ മെത്രാപ്പൊലീത്തമാർ അഭിഷിക്തരായി. പഴഞ്ഞി സെന്റ് മേരീസ് കത്തീഡ്രലിലാണു മെത്രാപ്പൊലീത്താമാരുടെ സ്ഥാനാരോഹണ ശുശ്രൂഷ നടന്നത്. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായും സഭയിലെ എല്ലാ മെത്രാപ്പൊലീത്താമാരും ശുശ്രൂഷകള്‍ക്കു നേതൃത്വം നല്‍കി. കേരളത്തിലെ വിവിധ സഭകളില്‍നിന്നുളള പ്രതിനിധികളെ കൂടാതെ അര്‍മീനിയന്‍, റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭകളുടെയും പ്രതിനിധികൾ ശുശ്രൂഷകളില്‍ പങ്കെടുത്തു.
ഇത് മൂന്നാം തവണയാണ് പഴഞ്ഞി സെന്റ് മേരീസ് കത്തീഡ്രൽ, മെത്രാപ്പൊലീത്താ സ്ഥാനാരോഹണത്തിന് വേദിയാകുന്നത്. സഭയുടെ ചരിത്രത്തില്‍ തുടർച്ചയായ മൂന്നാം തവണയാണ് 7 പേരെ ഒന്നിച്ച് മെത്രാപ്പോലീത്താമാരായി വാഴിക്കുന്നത്. 12 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഇത്തവണ ഓര്‍ത്തഡോക്‌സ് സഭ മെത്രാപ്പൊലീത്താമാരെ വാഴിക്കുന്നത്. ഏഴു പേരെ കൂടി വാഴിച്ചതോടെ സഭയിലെ മേല്‍പ്പട്ടക്കാരുടെ എണ്ണം 31 ആയി. മാവേലിക്കര, ചെങ്ങന്നൂര്‍, കോട്ടയം, ഇടുക്കി, കുന്നംകുളം, മലബാര്‍, സൗത്ത് വെസ്റ്റ് അമേരിക്ക എന്നിങ്ങനെ 7 ഭദ്രാസനങ്ങളിൽ മെത്രാപ്പൊലീത്താമാരുടെ ഒഴിവുകൾ നികത്തുന്നതിനാണ് പുതിയ മെത്രാപ്പോലീത്താമാരെ വാഴിച്ചത്. ഫെബ്രുവരിയില്‍ കോലഞ്ചേരിയില്‍ സഭയുടെ പരമോന്നത സമിതിയായ മലങ്കര സുറിയാനി അസോസിയേഷന്‍ തിരഞ്ഞെടുത്ത് സുന്നഹദോസിന്റെ അംഗീകാരവും ലഭിച്ച ഏഴു പേരെയാണ് ഇന്ന് മെത്രാപ്പൊലീത്തമാരായി വാഴിച്ചത്. സഭയുടെ ഉന്നതസമിതികളില്‍ കൂടിയാലോചനകള്‍ നടത്തി നവാഭിഷിക്ത മെത്രാപ്പൊലീത്താമാര്‍ക്ക് ചുമതല നൽകേണ്ട ഭദ്രാസനങ്ങള്‍ തീരുമാനിക്കും.
എബ്രഹാം മാർ സ്‌തേഫാനോസ് (എബ്രഹാം തോമസ് റമ്പാന്‍), തോമസ് മാർ ഇവാനിയോസ് (പി. സി. തോമസ് റമ്പാന്‍), ഗീവർഗീസ് മാർ തെയോഫിലോസ് (ഡോ. ഗീവര്‍ഗീസ് ജോഷ്വാ റമ്പാന്‍), ഗീവർഗീസ് മാർ പിലക്സിനോസ് (ഗീവര്‍ഗീസ് ജോര്‍ജ് റമ്പാന്‍), ഗീവർഗീസ് മാർ പക്കോമിയോസ് (അഡ്വ. കൊച്ചുപറമ്പില്‍ ഗീവര്‍ഗീസ് റമ്പാന്‍), ഗീവർഗീസ് മാർ ബർണബാസ് (ഡോ. കെ. ഗീവര്‍ഗീസ് റമ്പാന്‍), സഖറിയ മാർ സേവേറിയോസ് (ചിറത്തിലാട്ട് സഖറിയ റമ്പാന്‍) എന്നിവരാണ് അഭിഷിക്തരായത്.